ഡിമാന്‍ഡ് ഉയരുന്നു; കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പലമടങ്ങ് വര്‍ധിച്ച് സ്വര്‍ണ ഇറക്കുമതി

രാജ്യത്ത് സ്വര്‍ണത്തിന് ഡിമാന്‍ഡ് ഉയരുന്നു. സ്വര്‍ണ ഇറക്കുമതി 2021 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ഏകദേശം 24 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇറക്കുമതി 6.8 ബില്യണ്‍ ഡോളറായിരുന്നു. മികച്ച വര്‍ധനവാണ് ഇത്തവണ രാജ്യം കൈവരിച്ചതെന്നും വാണിജ്യ മന്ത്രാലയത്തിന്റെ ഡാറ്റ ചൂണ്ടിക്കാണിക്കുന്നു.

ഈ വര്‍ഷം സെപ്റ്റംബറിലെ മാത്രം സ്വര്‍ണ ഇറക്കുമതി 5.11 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നും ഡാറ്റ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 601.4 മില്യണ്‍ ഡോളറിനെ അപേക്ഷിച്ച് മികച്ച വര്‍ധനവാണിത്.
അതേസമയം ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ - സെപ്റ്റംബര്‍ കാലയളവില്‍ വെള്ളി ഇറക്കുമതി 15.5 ശതമാനം കുറഞ്ഞ് 619.3 മില്യണ്‍ ഡോളറിലെത്തി. എന്നിരുന്നാലും, സെപ്റ്റംബറിലെ ഇറക്കുമതി 552.33 മില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. 2020 സെപ്റ്റംബറില്‍ വെള്ളി ഇറക്കുമതി 9.23 മില്യണ്‍ ഡോളര്‍ മാത്രമായിരുന്നു.
സ്വര്‍ണ്ണത്തിന്റെ ഏറ്റവും വലിയ ഇറക്കുമതിക്കാരാണ് ഈ വര്‍ഷവും ഇന്ത്യ. ഇത് പ്രധാനമായും ആഭരണ വ്യവസായത്തിന്റെ ഡിമാന്‍ഡ് വര്‍ധന തന്നെയെന്നാണ് നിരീക്ഷകര്‍ പറയുന്നത്. വോള്യം അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഇന്ത്യ പ്രതിവര്‍ഷം 800-900 ടണ്‍ സ്വര്‍ണം ഇറക്കുമതിയാണ് ചെയ്യുന്നത്.
സ്വര്‍ണാഭരണ കയറ്റുമതിയും ഉയര്‍ന്നിട്ടുണ്ട്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 8.7 ബില്യണ്‍ യുഎസ് ഡോളര്‍ ഉണ്ടായിരുന്ന സ്ഥാനത്ത്, രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 19.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നതയായും വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.


Related Articles

Next Story

Videos

Share it