സ്വർണവിലയിൽ നല്ലൊരു ഇടിവ് ! തിരിച്ചിറക്കം വരുകയാണോ? വടക്കേന്ത്യയിൽ ഇന്ന് വിൽപന മേളം

22 കാരറ്റ് സ്വര്‍ണത്തിന് പുറമെ കനം കുറഞ്ഞ 18,14,9 കാരറ്റ് സ്വര്‍ണത്തിനും ഇക്കുറി ആവശ്യക്കാരുണ്ട്
a indian bride gold
image credit : canvacanva
Published on

സ്വര്‍ണം വാങ്ങാന്‍ ഇരുന്നവര്‍ക്ക് നേരിയ ആശ്വാസം പകര്‍ന്ന് സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,995 രൂപയിലാണ് വ്യാപാരം. പവന്‍ വില 1,400 രൂപ കുറഞ്ഞ് 95,960 രൂപയിലുമെത്തി. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 140 രൂപ ഇടിഞ്ഞ് 9,865 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,685 രൂപയിലും 9 കാരറ്റ് ഗ്രാമിന് 4,970 രൂപയിലുമാണ് വ്യാപാരം. വെള്ളി വിലയിലും ഇന്ന് കുറവുണ്ട്. ഗ്രാമിന് 2 രൂപ കുറഞ്ഞ് 194 രൂപയിലാണ് ഇന്നത്തെ വെള്ളി വ്യാപാരം.

കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണം പുതിയ റെക്കോഡുകള്‍ കുറിച്ചെങ്കിലും ലാഭമെടുപ്പ് ശക്തമായതാണ് വില ഇടിയാന്‍ കാരണം. കൂടാതെ യു.എസ്-ചൈന വ്യാപാര തര്‍ക്കങ്ങള്‍ കുറയുന്നുവെന്ന സൂചനകളും വില ഇടിവിന് കാരണമായി. കൂടാതെ കഴിഞ്ഞ ദിവസം യു.എസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് വര്‍ധിച്ചിരുന്നു. ഇതും സ്വര്‍ണവില കുറയാന്‍ ഇടയാക്കിയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ലോകത്തിന്റെ പല ഭാഗത്തും സംഘര്‍ഷങ്ങളും വ്യാപാര തര്‍ക്കങ്ങളും ഇപ്പോഴു തുടരുകയാണ്. സ്വര്‍ണത്തിന്റെ സുരക്ഷിത നിക്ഷേപ മാര്‍ഗമെന്ന പദവി ഇപ്പോഴും മാറിയിട്ടില്ലെന്നും വിദഗ്ധര്‍ പറയുന്നു. വില അടുത്ത ദിവസങ്ങളില്‍ വര്‍ധിക്കാനാണ് സാധ്യതയെന്നാണ് ഇവരുടെ വാദം.

20,000 കോടിയുടെ വില്‍പ്പന

അതേസമയം, ഇന്ത്യയുടെ പല ഭാഗത്തും ഇന്ന് ധന്‍തേരാസ് ഉത്സവത്തിന്റെ ഭാഗമായി സ്വര്‍ണക്കച്ചവടം പൊടിപൊടിക്കും. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ദീപാവലി ആഘോഷങ്ങളവടെ തുടക്കമാണ് ധന്‍തേരാസ്. ഈ ദിവസം സ്വര്‍ണം വാങ്ങിക്കുന്നത് ഐശ്വര്യവും സമ്പരത്തും കൊണ്ടുവരുമെന്നാണ് വിശ്വാസം. കൂടാതെ രാജ്യത്ത് ആളുകളുടെ ഡിമാന്‍ഡ് മനസിലാക്കാന്‍ വ്യാപാരികള്‍ കാത്തിരിക്കുന്ന ദിവസം കൂടിയാണിത്.

കഴിഞ്ഞ വര്‍ഷം ഉത്സവ സീസണില്‍ 60,000 കോടി രൂപയുടെ കച്ചവടം നടന്നെന്നാണ് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ കണക്കുകള്‍ പറയുന്നത്. ഇതില്‍ 20,000 കോടി രൂപയും സ്വര്‍ണം വാങ്ങുന്നതിന് വേണ്ടി ചെലവാക്കിയതാണെന്ന് സ്വര്‍ണ വ്യാപാരികളുടെ സംഘടനകളും വിശദീകരിക്കുന്നു. വില ഉയര്‍ന്ന് നില്‍ക്കുകയാണെങ്കിലും ഇക്കുറിയും മികച്ച വില്‍പ്പന ലഭിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. 22 കാരറ്റ് സ്വര്‍ണത്തിന് പുറമെ കനം കുറഞ്ഞ 18,14,9 കാരറ്റ് സ്വര്‍ണത്തിനും ഇക്കുറി ആവശ്യക്കാരുണ്ട്.

ആഭരണം വാങ്ങാന്‍

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്ത് 1,03,850 രൂപയെങ്കിലും വേണ്ടി വരും. ഡിസൈന്‍ മാറുന്നതിന് അനുസരിച്ച് പണിക്കൂലിയിലും വിലയിലും വ്യത്യാസമുണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com