

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റം. ഗ്രാമിന് 310 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,660 രൂപയിലെത്തി. പവന് 2,480 രൂപ കുറഞ്ഞ് 93,280 രൂപയിലാണ് ഇന്നത്തെ വ്യാപാരം. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദിവസം സ്വര്‍ണവില ഇത്രയധികം ഇടിയുന്നത് ആദ്യമായാണ്. റെക്കോഡ് വിലയിലെത്തിയ ശേഷം സ്വര്‍ണത്തില്‍ ലാഭമെടുപ്പ് വര്‍ധിച്ചതാണ് പ്രധാന കാരണം.
കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 260 രൂപ കുറഞ്ഞ് 9,590 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,470 രൂപയും 9 കാരറ്റിന് 4,820 രൂപയുമാണ് വില. വെള്ളി വിലയിലും മാറ്റമുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 175 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
യു.എസ് ഫെഡ് നിരക്ക് കുറക്കുമെന്ന പ്രതീക്ഷയും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഡിമാന്‍ഡും വര്‍ധിച്ചതോടെ സ്വര്‍ണം റെക്കോഡ് വിലയിലെത്തിയിരുന്നു. പിന്നാലെ നിക്ഷേപകര്‍ ഉയര്‍ന്ന വിലയില്‍ സ്വര്‍ണം വില്‍ക്കാന്‍ തുടങ്ങിയതോടെ വിലയും കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ട്രോയ് ഔണ്‍സിന് 4,300 ഡോളറിന് മുകളിലുണ്ടായിരുന്ന സ്വര്‍ണം നിലവില്‍ 4,120 ഡോളറെന്ന നിരക്കിലാണ്. 2020 ഓഗസ്റ്റിന് ശേഷം ഒരു ദിവസം ഉണ്ടായ ഏറ്റവും വലിയ ഇടിവെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
കൂടാതെ ഡോളര്‍ സൂചിക 0.4 ശതമാനം ഉയര്‍ന്നതും വില കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. ഡോളറിന്റെ വിനിമയ നിരക്ക് ഉയരുന്നതോടെ മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നത് എളുപ്പമാകില്ല. യു.എസ് ഷട്ട്ഡൗണ്‍ ഉടന്‍ അവസാനിക്കുമെന്നും സൂചനകളുണ്ട്. യു.എസ്-ചൈന വ്യാപാര കരാര്‍ അധികം വൈകാതെ നിലവില്‍ വരുമെന്നും വിദഗ്ധര്‍ പറയുന്നു. ഇതെല്ലാം സ്വര്‍ണത്തിന്റെ വില കുറയാനുള്ള കാരണങ്ങളാകും. അടുത്ത കുറച്ച് ദിവസങ്ങളില്‍ ഈ ട്രെന്‍ഡ് തുടരാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അടുത്ത ദിവസങ്ങളില്‍ പുറത്തുവരുന്ന യു.എസിലെ ഉപഭോക്തൃ വില സൂചികയും സ്വര്‍ണത്തില്‍ നിര്‍ണായകമാകും.
വില കുത്തനെ ഇടിഞ്ഞെങ്കിലും ആഭരണത്തിന്റെ വില ഇപ്പോഴും ഒരു ലക്ഷം രൂപക്ക് മുകളില്‍ തന്നെയാണ്. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാല്‍ ജി.എസ്.ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്ത് 1,00,935 രൂപയെങ്കിലും ഇന്ന് നല്‍കേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ മാറുന്നതിന് അനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine