

ചൈന-യു.എസ് വ്യാപാര തര്‍ക്കം വീണ്ടും രൂക്ഷമായതോടെ സ്വര്‍ണവില പിടിവിട്ട് കുതിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 4,200 ഡോളര്‍ പിന്നിട്ടു. ഇതോടെ ഉച്ചക്ക് രണ്ട് മണിക്ക് സംസ്ഥാനത്തെ സ്വര്‍ണവിലയും മാറി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 11,865 രൂപയിലെത്തി. പവന് 400 രൂപ വര്‍ധിച്ച് 94,920 രൂപയിലാണ് ഇനിയുള്ള വ്യാപാരം. രാവിലെ സ്വര്‍ണം പവന് 400 രൂപ കൂടിയിരുന്നു. ഇതോടെ ഇന്ന് മാത്രം സ്വര്‍ണവിലയില്‍ 800 രൂപയാണ് വര്‍ധിച്ചത്.
കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 40 രൂപ വര്‍ധിച്ച് 9,760 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,590 രൂപയും 9 കാരറ്റിന് 4,900 രൂപയുമാണ് വില. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 196 രൂപയിലാണ് വ്യാപാരം.
പ്രതിസന്ധി ഘട്ടങ്ങളില്‍ സ്വര്‍ണ വില വര്‍ധിക്കുന്നത് സ്വാഭാവികമാണ്. ആളുകള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് വര്‍ധിക്കുകയും ഡിമാന്‍ഡ് കൂട്ടുന്നതുമാണ് കാരണം. ആഗോളതലത്തില്‍ നടക്കുന്ന ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളും വ്യാപാര തര്‍ക്കങ്ങളുമാണ് ഇപ്പോഴത്തെ വര്‍ധനവിന് പിന്നില്‍. ലോകത്തിലെ രണ്ട് വന്‍ സാമ്പത്തിക ശക്തികള്‍ പരസ്പരം വ്യാപാര തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത്, യു.എസ് പലിശ നിരക്കുകള്‍ കുറക്കുമെന്ന പ്രതീക്ഷ, യു.എസ് ഷട്ട്ഡൗണ്‍ തുടരുന്നത് തുടങ്ങിയ ഘടകങ്ങളും വില വര്‍ധനക്ക് കാരണമായി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,214 ഡോളറെന്ന നിലയിലാണ്. ഇതാദ്യമായാണ് സ്വര്‍ണം ഇത്രയും വിലയിലെത്തുന്നത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ചേര്‍ത്ത് 94,920 രൂപയെങ്കിലും നല്‍കണം. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വിലയിലും മാറ്റമുണ്ടാകും. അതേസമയം, സ്വര്‍ണവില റെക്കോഡിലെത്തിയതോടെ സ്വര്‍ണവ്യാപാരികളും പ്രതിസന്ധിയിലാണ്. വിവാഹ ചടങ്ങുകള്‍ പോലുള്ള ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രമാണ് ആളുകള്‍ സ്വര്‍ണം വാങ്ങുന്നതെന്നാണ് ചില വ്യാപാരികള്‍ പറയുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine