ട്രംപിന് കാലിടറിയപ്പോള്‍ സ്വര്‍ണത്തിന് വീഴ്ച, കേരളത്തില്‍ വിലയില്‍ മികച്ച കുറവ്, ആഭരണം വാങ്ങാന്‍ നല്ല സമയമോ?

പവന്‍ വിലയില്‍ ഈ ആഴ്ച 800 രൂപയുടെ കുറവ്‌
gold and trump
Published on

അന്താരാഷ്ട്ര സ്വര്‍ണ വില തുടര്‍ച്ചയായ നാലാം ദിവസവും ഇടിവില്‍. യു.എസ് വ്യാപാര കോടതി ഡൊണാള്‍ഡ് ട്രംപിന്റെ ആഗോള താരിഫ് നടപടി തടഞ്ഞതാണ് സ്വര്‍ണത്തെ വീഴ്ത്തിയത്. ഇന്നലെ മാത്രം സ്വര്‍ണ വില 1.1 ശതമാനം ഇടിഞ്ഞു. തൊട്ട് മുന്‍പത്തെ സെഷനില്‍ 2 ശതമാനം വിലയിടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണിത്. ഇന്ന് ഔണ്‍സിന് 3,273 ഡോളറിലാണ് വ്യാപാരം.

കേരളത്തിലും മികച്ച കുറവ്

കേരളത്തിലും വില ഗണ്യമായി കുറഞ്ഞു. ഗ്രാമിന് 40 രൂപ കുറഞ്ഞ് 8,895 രൂപയിലും പവന് 320 രൂപ താഴ്ന്ന് 71,160 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. ചൊവ്വാഴ്ച ഗ്രാം വില 60 രൂപയും പവന്‍ വില 480 രൂപയും കുറഞ്ഞിരുന്നു. ഇതോടെ ഈ ആഴ്ച മാത്രം പവന്‍ വിലയില്‍ 800 രൂപയുടെ കുറവുണ്ടായി.

18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 35 രൂപ കുറഞ്ഞ് 7,290 രൂപയിലാണ് വ്യാപാരം.

ദിവസങ്ങള്‍ക്ക് ശേഷം വെള്ളിവിലയ്ക്കും ഇന്ന് അനക്കം വച്ചു. ഗ്രാമിന് ഒരു രൂപ താഴ്ന്ന് 109 രൂപയിലാണ് വ്യാപാരം.

ട്രംപിന് വാറോലയുമായി കോടതി

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതിനു ശേഷം നടപ്പാക്കിയ മിക്ക ഇറക്കുമതി തീരുവകളും ന്യായമല്ലെന്നും ഇതില്‍ പലതും കുറയ്ക്കുകയോ നീക്കം ചെയ്യുകയോ വേണ്ടതുണ്ടെന്നുമാണ് അമേരിക്കയിലെ അന്താരാഷ്ട്ര വാണിജ്യ കോടതി പറഞ്ഞത്. യു.എസ് കോണ്‍ഗ്രസിന്റെ അനുമതി ഇല്ലാതെ രാജ്യങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള അധികാരം പ്രസിഡന്റിനില്ലെന്നും കോടതി വിമര്‍ശിച്ചു.

വ്യാപാര വിഷയങ്ങള്‍ പരിഗണിക്കുന്ന യു.എസിലെ ഫെഡറല്‍ കോടതിയായ മാന്‍ഹാട്ടന്‍ അന്താരാഷ്ട്ര വ്യാപാര കോടതിയുടേതാണ് നടപടി. 10 ദിവസത്തിനുള്ളില്‍ നികുതി ചുമത്തിയ നടപടി പിന്‍വലിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഭരണഘടന അനുസരിച്ച് യു.എസ് പാര്‍ലമെന്റായ കോണ്‍ഗ്രസിന് മാത്രമേ അന്താരാഷ്ട്ര വ്യാപരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികാരമുള്ളു. പ്രസിഡന്റിന് ഈ അധികാരത്തെ മറികടക്കാനാകില്ലെന്നും കോടതി വിധിച്ചു.

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെയുള്ള ട്രംപിന്റെ വ്യാപാരനയത്തിന് കനത്ത തിരിച്ചടിയാണ് കോടതി വിധി. അതേസമയം, വിധിക്കെതിരെ ട്രംപ് അപ്പീല്‍ പോകുമെന്നാണ് വൈറ്റ്ഹൗസ് അറിയിക്കുന്നത്.

കേരളത്തില്‍ സ്വര്‍ണം വാങ്ങാന്‍ ഒരുങ്ങുന്നവരോട്

സ്വര്‍ണത്തിന്റെ വിലയിടിവ് കണ്ട് ഇന്ന് ആഭരണം പോകാന്‍ തയാറെടുക്കുന്നവര്‍ ഇതു കൂടി അറിഞ്ഞിരിക്കുക. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,160 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൈയില്‍ കൂടുതല്‍ പണം കരുതേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 77,000 രൂപയ്ക്ക് മുകളിലാകും. ഇനി 10 ശതമാനം പണിക്കൂലിയുള്ള ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വില 81,000ത്തിന് അടുത്തു വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് 20 ശതമാനം വരെയൊക്കെ പണിക്കൂലിയാണ് കടകള്‍ ഈടാക്കുന്നത്. ബ്രാന്‍ഡഡ് ആഭരണങ്ങള്‍ ആണെങ്കില്‍ പണിക്കൂലി ഇനിയും കൂടും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com