
ഒരിടവേളയ്ക്ക് ശേഷം രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുതിച്ചുകയറുന്നു. ഇന്നലെ വില ഔണ്‍സിന് 30 ഡോളറോളം ഒറ്റയടിക്ക് കുതിച്ച് 1,986 ഡോളര്‍ വരെയെത്തി.
ഇന്ന് രാവിലെ കേരള വിപണിയിലെ വിലയും കുതിച്ചുയരാനാണ് സാദ്ധ്യത. രാജ്യാന്തര സ്വർണ വില, ഡോളറിനെതിരെ രൂപയുടെ മൂല്യം എന്നിവ പരിഗണിച്ചാണ് പ്രധാനമായും കേരളത്തിൽ സ്വർണ വില നിർണയം. രൂപയുടെ മൂല്യം ഇന്നലെ ഡോളറിനെതിരെ 82.04ലാണുള്ളത്.
കഴിഞ്ഞ മേയ് ആദ്യവാരം രാജ്യാന്തര വില 2,077 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. മേയ് അഞ്ചിന് കേരളത്തില്‍ പവന്‍ വില എക്കാലത്തെയും ഉയരമായ 45,760 രൂപയിലും എത്തിയിരുന്നു. അന്ന് ഗ്രാം വില 5,720 രൂപയുമായിരുന്നു. ഇന്നലെ കേരളത്തില്‍ പവന്‍ വ്യാപാരം നടന്നത് 80 രൂപ വര്‍ദ്ധിച്ച് 44,080 രൂപയിലാണ്. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 5,510 രൂപയിലും.
എന്തുകൊണ്ട് വിലക്കുതിപ്പ്?
യൂറോപ്യന്‍ കടപ്പത്രങ്ങളുടെ യീല്‍ഡ് (ആദായം/Return) കുറയുന്നതും റഷ്യയും ഇന്ത്യയും അടക്കമുള്ള ബ്രിക്‌സ് (BRICS) കൂട്ടായ്മ ഡോളറിനോടുള്ള താത്പര്യം കുറയ്ക്കുന്നതും സ്വര്‍ണത്തിന് നേട്ടമാകുകയാണ്. ഡോളറിന് പകരം കരുതല്‍ വിദേശ നാണ്യശേഖരത്തിലേക്ക് (Forex Reserve) സ്വര്‍ണം വാങ്ങിക്കൂട്ടാനുള്ള റഷ്യയുടെ നീക്കങ്ങളും സ്വര്‍ണ വില വര്‍ദ്ധനയ്ക്ക് വഴിയൊരുക്കുന്നു.
യുക്രെയ്‌ന് ആയുധങ്ങള്‍ കൈമാറാനുള്ള അമേരിക്കയുടെ തീരുമാനം റഷ്യയെ ചൊടിപ്പിച്ചിട്ടുണ്ട്. യുക്രെയ്‌നുമേല്‍ ആക്രമണം രൂക്ഷമാക്കുകയുമാണ് റഷ്യ. ഈ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ ഓഹരി വിപണികളില്‍ തളര്‍ച്ചയുണ്ടായേക്കാമെന്നും വിലയിരുത്തപ്പെടുന്നു. നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്നോണം സ്വര്‍ണത്തിലേക്ക് നിക്ഷേപം വകമാറ്റിയേക്കും. ഇതും വിലക്കുതിപ്പുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine