സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം. വൈകുന്നേരം 3.20ന് ഗ്രാമിന് 120 രൂപ വര്‍ധിച്ച് 10,605 രൂപയിലെത്തി. പവന് 1,000 രൂപ വര്‍ധിച്ച് 84,840 രൂപയിലാണ് ഇനിയുള്ള വ്യാപാരം. രാവിലെ ഗ്രാമിന് 115 രൂപയും പവന് 920 രൂപയും വര്‍ധിച്ചതിന് പുറമെയാണിത്. ഇതോടെ ഇന്ന് മാത്രം പവന് വര്‍ധിച്ചത് 1,920 രൂപ. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ സ്വര്‍ണ വിലയാണിത്. ഒരു ദിവസം തന്നെ രണ്ട് തവണ റെക്കോഡ് തിരുത്തുന്നതിനും സംസ്ഥാനം വീണ്ടും സാക്ഷിയായി.
കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 105 രൂപ വര്‍ധിച്ച് 8,720 രൂപയിലെത്തി. 14 കാരറ്റിന് 6,780 രൂപയിലും 9 കാരറ്റിന് 4,370 രൂപയിലുമാണ് വ്യാപാരം. വെള്ളിവില ഗ്രാമിന് 144 രൂപയുമാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 84,840 രൂപയാണ് വിലയെങ്കിലും ആഭരണരൂപത്തില്‍ വാങ്ങാന്‍ ഇതിലുമേറെ നല്‍കേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ ചേര്‍ത്ത് 91,800 രൂപയെങ്കിലും നല്‍കേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വിലയിലും മാറ്റമുണ്ടാകും.
Kerala gold prices hit a historic record as rates surged by ₹1,920 per sovereign in a single day, reaching ₹84,840. Global price rally and rupee depreciation pushed rates higher. Jewelry buyers now pay up to ₹91,800 per sovereign with making charges.
അന്താരാഷ്ട്ര വില വര്‍ധിച്ചതിനൊപ്പം അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞതുമാണ് കേരളത്തിലെ വില വര്‍ധിക്കാനുള്ള പ്രധാന കാരണം. രാവിലെ സ്വര്‍ണ്ണവില നിശ്ചയിക്കുമ്പോള്‍ അന്താരാഷ്ട്ര സ്വര്‍ണ്ണ വില ട്രോയ് ഔണ്‍സിന് 3748 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.42 ആയിരുന്നു.
എന്നാല്‍, ട്രോയ് ഔണ്‍സിന് 3,783 ഡോളര്‍ നിരക്കിലാണ് നിലവില്‍ അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണ വ്യാപാരം. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 88.75 രൂപയിലുമെത്തി. ഇതോടെ രണ്ടാമതും വില നിശ്ചയിക്കാന്‍ നിര്‍ബന്ധിതരായെന്നാണ് സ്വര്‍ണവ്യാപാര സംഘടനകള്‍ നല്‍കുന്ന വിശദീകരണം. തമിഴ്‌നാട്ടില്‍ സ്വര്‍ണവില ഗ്രാമിന് 10,640 രൂപയിലെത്തിയെന്നും വ്യാപാരികള്‍ പറയുന്നു.
അമേരിക്കന്‍ ബോണ്ടുകളുടെ പലിശ നിരക്കുകള്‍ ഇനിയും കുറച്ചേക്കുമെന്ന സൂചനകളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുതിക്കാനുള്ള കാരണം. പുതുതായി സ്ഥാനമേറ്റെടുത്ത യു.എസ് ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ സ്റ്റീഫന്‍ മിറാന്‍ ഇതിനുള്ള തയ്യാറെടുപ്പിലാണെന്നാണ് സൂചനകള്‍. യു.എസ് സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറഞ്ഞതും കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് നിര്‍ബാധം തുടരുന്നതും വില വര്‍ധനക്ക് സഹായകമാണ്. അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണവില വലിയ ഉയരങ്ങള്‍ താണ്ടുമെന്ന പ്രവചനങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്ന് തന്നെ സ്വര്‍ണവില ഔണ്‍സിന് 3800 ഡോളര്‍ കടന്നേക്കുമെന്നും പ്രവചനങ്ങള്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine