
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 8,720 രൂപക്കും പവന് 69,760 രൂപക്കുമാണ് ഇന്നത്തെ വ്യാപാരം. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 7,150 രൂപ തന്നെ തുടരും. വെള്ളി വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 107 രൂപയിലെത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ പണിക്കൂലിയും നികുതിയുമെല്ലാം ചേര്‍ത്ത് 75,499 രൂപയെങ്കിലുമാകും.
ലോക സാമ്പത്തിക ശക്തികളായ യു.എസും ചൈനയും വ്യാപാര യുദ്ധത്തില്‍ താത്കാലിക വെടിനിറുത്തല്‍ പ്രഖ്യാപിച്ചതോടെ സ്വര്‍ണ നിക്ഷേപത്തിനുള്ള താത്പര്യം കുറഞ്ഞെന്നാണ് വിലയിരുത്തല്‍. ഏപ്രില്‍ 22ന് അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 3,500 ഡോളറിലെത്തിയ സ്വര്‍ണവില ഇന്ന് 3,200 ഡോളറിലാണ് വില്‍പ്പന നടക്കുന്നത്. ഏതാണ്ട് 8 ശതമാനമാണ് വിലയില്‍ മാറ്റമുണ്ടായത്. ഈ ആഴ്ച മാത്രം വിലയില്‍ മൂന്ന് ശതമാനത്തോളമാണ് കുറഞ്ഞത്. 2024 നവംബറിന് ശേഷം ഇത്രയും വില കുറയുന്ന ആഴ്ച ഇതാദ്യം.
ഇതിന് പുറമെ യു.എസ് ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതും സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്. പലിശ നിരക്കില്‍ അടുത്തെങ്ങും കുറവുണ്ടാകില്ലെന്ന യു.എസ് ഫെഡറല്‍ റിസര്‍വിന്റെ സൂചനകളും സ്വര്‍ണം വാങ്ങല്‍ കുറച്ചു. ടെക്‌നിക്കല്‍ ഫാക്ടറുകളും സ്വര്‍ണത്തിന് പ്രതികൂലമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. സ്വര്‍ണം ഔണ്‍സിന് 3,136 ഡോളര്‍ വരെ താഴാമെന്നാണ് ബ്രോക്കറേജുകളുടെ പ്രവചനം. ഈ പ്രതിരോധം ഭേദിച്ചാല്‍ സ്വര്‍ണം ഔണ്‍സിന് 2,875-2,950 ഡോളര്‍ വരെ എത്താമെന്നും ചില ബ്രോക്കറേജുകള്‍ പറയുന്നുണ്ട്.
എന്നാല്‍ കേന്ദ്രബാങ്കുകള്‍ സ്വര്‍ണ നിക്ഷേപം വര്‍ധിപ്പിക്കുന്നത് തുടരുന്നത് സ്വര്‍ണവിലയില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നും വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി കേന്ദ്രബാങ്കുകള്‍ പ്രതിവര്‍ഷം 1,000 ടണ്‍ സ്വര്‍ണമാണ് വാങ്ങിക്കൂട്ടിയത്. ഇതിന് മുമ്പുള്ള വര്‍ഷങ്ങളില്‍ കേന്ദ്രബാങ്കുകളുടെ വാങ്ങല്‍ പ്രതിവര്‍ഷം 400 ടണ്‍ ആണെന്നും കണക്കുകള്‍ പറയുന്നു. അതുകൊണ്ട് തന്നെ വില ഇടിയാനുള്ള സാധ്യത കുറവാണെന്നാണ് ബ്രോക്കറേജുകള്‍ പറയുന്നത്. ഇക്കൊല്ലം സ്വര്‍ണവില ഔണ്‍സിന് 3,700 മുതല്‍ 4,000 ഡോളര്‍ വരെ എത്താമെന്നാണ് ഗോള്‍ഡ്മാന്‍ സാക്ക്‌സിന്റെ പ്രവചനം. അടുത്ത കൊല്ലം സ്വര്‍ണവില 4,000 കടക്കുമെന്നാണ് ജെ.പി മോര്‍ഗന്റെ പ്രവചനം.
Read DhanamOnline in English
Subscribe to Dhanam Magazine