സ്വര്‍ണം വീണ്ടും താഴേക്ക്; പവന് വില 39,200 രൂപ
സ്വര്‍ണ നിക്ഷേപത്തില്‍ അമിത വിശ്വാസം പുലര്‍ത്തിയവര്‍ മനസ് മാറ്റിത്തുടങ്ങി. ഇന്ന് സംസ്ഥാനത്ത് വില പവന് 160 രൂപ കുറഞ്ഞ് 39,200 രൂപയിലേക്ക് തിരിച്ചെത്തി. ശനിയാഴ്ച 80 രൂപ താഴ്ന്നതിനു പിന്നാലെയാണിത്. 4,900 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ വില. ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയര്‍ന്ന വിലയായ 42,000 രൂപയിലെത്തിയശേഷം തുടര്‍ച്ചയായി വില കുറയുകയാണ്.അതേ സമയം, കുറയുന്ന പ്രവണത എത്രത്തോളം നിലനില്‍ക്കുമെന്ന കാര്യത്തില്‍ ഏകാഭിപ്രായമല്ല വിപണിയിലുള്ളത്.
ആഗോള വിപണിയില്‍ സ്വര്‍ണ വില കനത്ത ചാഞ്ചാട്ടത്തിലായതാണ് വിലയെ ബാധിച്ചത്. യുഎസ്-ചൈന ബന്ധം, ട്രംപിന്റെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ എന്നിവയെല്ലാം ആഗോള വിപണിയില്‍ അടുത്ത ദിവസങ്ങളിലെ സ്വര്‍ണവിലയെ ബാധിക്കും.ആഗോള വിപണിയിലെ സ്പോട്ട് ഗോള്‍ഡ് വിലയില്‍ മാര്‍ച്ചിനു ശേഷം ഏറ്റവും വലിയ വിലയിടിവാണ് കഴിഞ്ഞയാഴ്ചയുണ്ടായത്. നിലവില്‍ ഔണ്‍സിന് 1,941.90 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.ഇതിനിടെ വാറന്‍ ബഫറ്റിന്റെ ബേര്‍ക്ക്ഷെയര്‍ ഹാത്വേ ബാങ്ക് ഓഹരികള്‍ വന്‍ തോതില്‍ വിറ്റ് സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയ വിവരം കഴിഞ്ഞ വാരാന്ത്യത്തില്‍ പുറ്തതുവന്നിരുന്നു.
ഈയാഴ്ച അവസാനം നടക്കുന്ന യുഎസ് ഫെഡ് റിസര്‍വിന്റെ നയരൂപീകരണ യോഗവും കാത്തിരിക്കുകയാണ് നിക്ഷേപകര്‍.യോഗ തീരുമാനങ്ങള്‍ സ്വര്‍ണവിലയെയും ബാധിക്കും. കോവിഡ് വ്യാപനത്തിന്റെ പിടിയില്‍ രാജ്യങ്ങളുടെ സമ്പദ്ഘടന മാന്ദ്യത്തിലകപ്പെടുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിനായി സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് നേരത്തെ വില വര്‍ധനയ്ക്കു പ്രധാന കാരണമായിരുന്നത്.ഈ വര്‍ഷം ഇതുവരെ 25 ശതമാനത്തിലേറെ വില ഉയര്‍ന്ന ശേഷം സ്വര്‍ണവിലയില്‍ രണ്ടര ശതമാനത്തോളം തിരുത്തലാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം ഇതുവരെ 25 ശതമാനത്തിലേറെ വില ഉയര്‍ന്നിട്ടാണ് ഈ തിരിച്ചിറക്കം.
അതേസമയം, തുടര്‍ന്ന് ഓഹരി വിപണി തുടര്‍ച്ചയായി നേട്ടമുണ്ടാക്കിയതും യുഎസ് ബോണ്ടില്‍നിന്നുള്ള ആദായം വര്‍ധിച്ചതും ഡോളര്‍ കരുത്താര്‍ജിച്ചതും സ്വര്‍ണത്തിന്റെ മുന്നേറ്റ വഴിയില്‍ തടസങ്ങളുണ്ടാക്കി.ലോകത്ത് ആദ്യമായി റഷ്യ കോവിഡിനെതിരായി വാക്സിന്‍ വികസിപ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെയുണ്ടായ കനത്ത വില്പന സമ്മര്‍ദവും തുടര്‍ന്നുള്ള ലാഭമെടുപ്പും സ്വര്‍ണത്തെ സമ്മര്‍ദത്തിലാക്കി.
വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി. കഴിഞ്ഞ ദിവസം 15 ശതമാനം താഴ്ന്നതിനുപിന്നാലെ ബുധനാഴ്ചയും 2.8 ശതമാനം ഇടിവു രേഖപ്പെടുത്തി.
വില കുറച്ചു കൂടി താഴാനാണു സാധ്യതയെന്ന് ഈ രംഗത്തെ ആഗോള നിരീക്ഷകരായ ടിഡി സെക്യൂരിറ്റീസും കോമേര്‍സ്ബാങ്കും പറഞ്ഞു. ഏതാനും ആഴ്ചകളെടുത്തുള്ള വില ഏകീകരണ കാലഘട്ടമാകാം ഇനിയുണ്ടാകുക. അടുത്ത വര്‍ഷം സ്വര്‍ണ്ണ വില വീണ്ടും ഒരു 'ഹൈപ്പര്‍ മോഡി'ലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് മിതവിലയ്ക്കു വാങ്ങാനുള്ള അവസാന അവസരമാണു വന്നുചേരുന്നതെന്ന് ചില വിദഗ്ധര്‍ കരുതുന്നു. ഇപ്പോഴത്തെ വില ഇനിയും താഴാനാണു സാധ്യതയെന്ന അഭിപ്രായമാണ് ഗോഹ്രിംഗ് & റോസെന്‍ക്വാജ് ലീ ഗോഹറിംഗ് അസോസിയേറ്റ്‌സ് മാനേജിംഗ് പാര്‍ട്ണര്‍ ലീ ഗോഹ്‌റിംഗിനുള്ളത്. ആഗോള വിപണിയില്‍ സ്വര്‍ണ വില ഈ വര്‍ഷം ഔണ്‍സിന് 1700 ഡോളര്‍ വരെ കുറയാനിടയുണ്ടെന്ന് അദ്ദേഹം കരുതുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline