ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് കയറ്റുമതി വര്‍ധിച്ചു; നാല് മാസത്തിനിടെ 50,112 കോടി രൂപ; ഇലക്ട്രോണിക്‌സും പെട്രോളിയവും പ്രധാനം

ഇന്ത്യയും ചൈനയും തമ്മിലുള്ള വാണിജ്യ കമ്മി കുറച്ചു കൊണ്ടു വരാന്‍ ഈ വര്‍ഷം കഴിഞ്ഞിട്ടുണ്ട്
export
exportCanva
Published on

ആഗോള സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ക്കിയിലും ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയില്‍ വര്‍ധന. കഴിഞ്ഞ നാലു മാസങ്ങളില്‍ കയറ്റുമതിയില്‍ 20 ശതമാനം വര്‍ധനയുണ്ടായതായി കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ ഡാറ്റകള്‍ കാണിക്കുന്നു. 50,112 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്. മെയ് മാസത്തിലാണ് ഏറ്റവും ഉയര്‍ന്ന തോതിലുള്ള കയറ്റുമതി രേഖപ്പെടുത്തിയത്. 14,300 കോടിയോളം രൂപയാണ് മെയ് മാസത്തില്‍ കയറ്റുമതി വരുമാനം. ചൈനയിലേക്കുള്ള ഉയര്‍ന്ന കയറ്റുമതിയില്‍ സ്ഥിരത നിലനിര്‍ത്താന്‍ ഇന്ത്യക്ക് കഴിയുന്നതായി വാണിജ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള വാണിജ്യ കമ്മി കുറച്ചു കൊണ്ടു വരാന്‍ ഈ വര്‍ഷം കഴിഞ്ഞിട്ടുണ്ട്.

പ്രധാന മേഖലകള്‍

ഊര്‍ജ, ഇലക്ട്രോണിക്‌സ്, കാര്‍ഷിക മേഖലകളില്‍ നിന്നുള്ള കയറ്റുമതിയിലാണ് പ്രധാനമായും വര്‍ധനയുള്ളത്. ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്ന് മടങ്ങ് വര്‍ധനയുണ്ടായി. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 53 കോടി ഡോളറിന്റെ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളാണ് ചൈനയിലേക്ക് കയറ്റി അയച്ചത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 88 കോടി ഡോളറിന്റേതാണ്.

രത്‌നങ്ങളും ജുവലറികളും ഉള്‍പ്പെടുന്ന മേഖലയില്‍ നിന്ന് മുന്‍ വര്‍ഷത്തേക്കാള്‍ 72 ശതമാനം കയറ്റുമതി വര്‍ധനയുണ്ടായതായും കണക്കുകള്‍ കാണിക്കുന്നു. കാര്‍ഷികോല്‍പ്പന്നങ്ങള്‍, കെമിക്കലുകള്‍ എന്നിവയുടെ കയറ്റുമതിയിലും വര്‍ധനയാണുള്ളത്. ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രധാനമായും ഫാര്‍മസ്യൂട്ടിക്കല്‍, ഇലക്ടോണിക്‌സ്, സെമികണ്ടക്ടറുകള്‍, യന്ത്രങ്ങള്‍, പ്ലാസ്റ്റിക്, കെമിക്കലുകള്‍, വ്യവസായ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതിയാണ് നടക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com