ഗൂഗ്ള്‍ പേ ഉടനടി വായ്പ, നേടാം ₹8 ലക്ഷം വരെ; പലിശയും ഇ.എം.ഐയും ഇങ്ങനെ

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പേയ്‌മെന്റ് ആപ്പുകളിലൊന്നാണ് ഗൂഗ്ള്‍ പേ. പെട്ടിക്കടയില്‍ മുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വരെ സര്‍വസാധാരണമായി ഉപയോഗിക്കുന്നതുകൊണ്ടു തന്നെ എല്ലാവര്‍ക്കും സുപരിചിതമായ ആപ്പാണിത്. എന്നാല്‍ പേയ്‌മെന്റ് ആപ്പ് എന്നതിലുപരി ഒരു വായ്പാസേവനദാതാവ് കൂടിയാണിതെന്ന് എത്രപേര്‍ക്കറിയാം?.

അതെ, എട്ട് ലക്ഷം രൂപ വരെയുള്ള ഉടനടി (ഇന്‍സ്റ്റന്റ് വായ്പ) വായ്പകള്‍ ഗൂഗ്ള്‍ പേ വഴി ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ ഈ വായ്പ എല്ലാവര്‍ക്കും ലഭിക്കുമോ? എന്താണ് ഇതിന്റെ മാനദണ്ഡം, എത്ര ശതമാനം പലിശ നല്‍കണം? വായ്പയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നോക്കാം.
നിമിഷങ്ങള്‍ക്കുള്ളില്‍ വായ്പ
ഡി.എം.ഐ ഫിനാന്‍സുമായി സഹകരിച്ചാണ് ഗൂഗ്ള്‍ പേ ഉപയോക്താക്കള്‍ക്കായി വായ്പകള്‍ നല്‍കുന്നത്. ആപ്പ് വഴി തന്നെ മിനിറ്റുകള്‍ക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വായ്പ നേടാം. പാന്‍ (PAN) ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കിയാണ് വായ്പയ്ക്ക് അപേക്ഷിക്കേണ്ടത്. ഇതോടെ നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളിലേക്ക് ഡി.എം.ഐ ഫിനാന്‍സിന് ആക്‌സസ് ലഭിക്കും. തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ ക്രെഡിറ്റ് സ്‌കോറും ക്രെഡിറ്റ് ഹിസ്റ്ററിയുമൊക്കെ പരിശോധിച്ച് എത്ര തുക വരെ അനുവദിക്കുമെന്ന് കാണിക്കും.
എട്ട് ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും ഉയര്‍ന്ന ക്രെഡിറ്റ് ഹിസിറ്ററിയും ക്രെഡിറ്റ് സ്‌കോറുമുള്ളവര്‍ക്കാണ് കൂടുതല്‍ തുക വായ്പയായി നല്‍കുക.
പലിശയും തിരിച്ചടവും
വിവിധ തിരിച്ചടവു കാലാവധിയില്‍ വായ്പ ലഭിക്കും. അതിനനുസരിച്ച് പലിശയും വ്യത്യാസപ്പെടും. 36.99 ശതമാനം വരെ വാര്‍ഷിക പലിശയാണ് ഈടാക്കുന്നതെന്ന് ഗൂഗ്ള്‍ പേ പറയുന്നു. 18 മാസം, 12 മാസം, 6 മാസം എന്നിങ്ങനെയാണ് ഇ.എം.ഐ കാലാവധി വരുന്നത്. കാലാവധിക്കനുസരിച്ച് പലിശയിലും മാറ്റം വരും.
ശമ്പളവും ചെലവും അക്കൗണ്ടില്‍ ബാലന്‍സുള്ള പൈസയുമൊക്കെ മനസിലാക്കിയാണ് ഗൂഗ്ള്‍ പേ വായ്പ അനുവദിക്കുക. തുടക്കക്കാര്‍ക്ക് 10,000 രൂപ മുതല്‍ 40,000 രൂപ വരെയൊക്കെയാണ് പരമാവധി പ്രീ അപ്രൂവ്ഡ് വായ്പയായി ലഭിക്കുക.
732 രൂപ ഇ.എം.ഐയില്‍ 10,000 രൂപ
40,000 രൂപ 18 മാസത്തെ ഇ.എം.ഐയിലെടുത്താല്‍ 2,929 പ്രതിമാസ തിരിച്ചടവ് വരും. മൊത്തം 52,722 രൂപ തിരിച്ചടയ്ക്കണം. അതായത് 12,722 രൂപ പലിശയായി മാത്രം തിരിച്ചടയ്‌ക്കേണ്ടി വരും. 12 മാസത്തെ ഇ.എം.ഐ ആണെങ്കില്‍ പ്രതിമാസം 4,038 രൂപയാണ് തിരിച്ചടയ്‌ക്കേണ്ടി വരിക. പലിശയും മുതലും ചേര്‍ത്ത് മൊത്തം 48,456 രൂപ തിരിച്ചടയ്ക്കണം. അതായത് പലിശയായി മാത്രം 8,456 രൂപ വരും. ഇനി ആറ് മാസത്തെ ഇ.എം.ഐ ആണെങ്കില്‍ പ്രതിമാസം 7,404 രൂപ വീതം അടയ്ക്കണം. അതായത് 40,000 രൂപയ്ക്ക് തിരിച്ചടയ്‌ക്കേണ്ടി വരിക 44,424 രൂപ. ഇതില്‍ 4,424 രൂപ പലിശ മാത്രമാണ്. 10,000 രൂപയാണ് വായ്പയെടുക്കുന്നതെങ്കില്‍ 18 മാസത്തേക്ക് 732 രൂപ വീതമാണ് അടയ്‌ക്കേണ്ടി വരിക.
കുറഞ്ഞ കാലാവധി തിരഞ്ഞെടുത്താല്‍ പ്രതിമാസ തിരിച്ചടവു കൂടും. അത് തിരിച്ചടവില്‍ വീഴ്ച വരാനുള്ള സാധ്യതയും കൂട്ടും. അതിനാല്‍ ഗൂഗ്ള്‍ പേ ശുപാര്‍ശ ചെയ്യുക എപ്പോഴും ദീര്‍ഘകാലാവധിയായിരിക്കും. നിങ്ങള്‍ക്ക് അനുയോജ്യമായ കാലാവധി തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പിന്നെ ഗൂഗ്ള്‍ പേയുമായി ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ടിലേക്ക് പണം എത്തും. എല്ലാ ഉപഭോക്താക്കള്‍ക്കും വായ്പ ലഭിക്കില്ല. ഗൂഗ്ള്‍ പേയുടെ പ്രീയോഗ്യതയുള്ള ഉപയോക്താക്കള്‍ക്കാകും വായ്പ ലഭിക്കുക.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it