വീണ്ടും ഇലക്ടറല്‍ ബോണ്ടുകളുമായി കേന്ദ്രം

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാനുള്ള ഇലക്ടറല്‍ ബോണ്ടുകളുടെ 27-ാം ഘട്ടം ജൂലൈ മൂന്നു മുതല്‍ വിതരണം ചെയ്യാന്‍ കേന്ദ്രത്തിന്റെ അനുമതി. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ചത്തീസ്ഗഢ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളില്‍ ഈ വര്‍ഷം നടക്കാനാരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് തീരുമാനം.

വിവിധ സംസ്ഥാനങ്ങളിലായി എസ്.ബി.ഐയുടെ 29 ശാഖകള്‍ വഴി ജൂലൈ മൂന്നു മുതല്‍ 12 വരെ ഇലക്ടറല്‍ ബോണ്ടുകളുടെ വിതരണം നടക്കും.
എന്താണ് ഇലക്ടറല്‍ ബോണ്ടുകള്‍?
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാനുള്ള കടപത്രങ്ങളാണ് ഇലക്ടറല്‍ ബോണ്ടുകള്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന പണത്തില്‍ സുതാര്യത കൊണ്ടുവരികയാണ് ലക്ഷ്യമെന്നാണ് 2017 ലെ ബജറ്റില്‍ ഇലക്ടറല്‍ ബോണ്ടുകള്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനകാര്യമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റിലി പറഞ്ഞത്. 2018 മാര്‍ച്ച് ഒന്നു മുതല്‍ 10 വരെയായിരുന്നു ബോണ്ടുകളുടെ ആദ്യ ഘട്ട വില്‍പ്പന.
1,000, 10,000, 10 ലക്ഷം എന്നിങ്ങനെയാണ് ബോണ്ടുകളുടെ മൂല്യം. ഇവയുടെ ഗുണിതങ്ങളായി എത്ര രൂപ വേണമെങ്കിലും സംഭാവന ചെയ്യാം. പുറത്തിറക്കി 15 ദിവസമാണ് ബോണ്ടുകള്‍ക്ക് സാധുത. അതായത് വ്യക്തികളും സ്ഥാപനങ്ങളും വാങ്ങി നല്‍കുന്ന ബോണ്ടുകള്‍ രാഷ്ട്രിയ പാര്‍ട്ടികള്‍ 15 ദിവസത്തിനകം അവരുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകള്‍ വഴി പണമായി മാറ്റിയെടുക്കണം.
ആർക്കും സംഭാവന നൽകാം
ഇന്ത്യന്‍ പൗരന്മാര്‍ക്കും രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്കും ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങാനാകും. ആരാണ് പണം നല്‍കേണ്ടത് എന്ന് പാര്‍ട്ടികള്‍ വെളിപ്പെടുത്തേണ്ടതില്ല.
അവസാനം നടന്ന ലോക് സഭ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ ഒരു ശതമാനത്തില്‍ കുറയാത്ത വോട്ടുകള്‍ നേടിയിട്ടുള്ള രജിസ്റ്റര്‍ ചെയ്തിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് ഇലക്ട്‌റല്‍ ബോണ്ടുകള്‍ വഴി പണം സ്വീകരിക്കാനാകുക.
അതേ സമയം ഇലക്ട്‌റല്‍ ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ പണം സ്വീകരിക്കുന്നതില്‍ ആശങ്കയുമായി സുപ്രീം കോടതി രംഗത്ത് വന്നിരുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ ഈ പണം ഉപയോഗിക്കുന്നുണ്ടാകില്ലെ എന്നതാണ് സുപ്രീം കോടതിയുടെ ചോദ്യം. ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനുള്ള മാര്‍ഗമാണിതെന്ന് പ്രതിപക്ഷ പാര്‍ട്ടികളും ആരോപിക്കുന്നു.
ഇത് വരെ നേടിയത് 9,208 കോടി രൂപ
2018 മുതല്‍ 2022 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇലക്ടറല്‍ ബോണ്ടുവഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത് 9,208 കോടി രൂപയാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ 57 ശതമാനവും നേടിയത് ബി.ജെ.പിയാണ്. 5,270 കോടി രൂപ ബി.ജെ.പിക്കു ലഭിച്ചു. 964 കോടി രൂപ കോണ്‍ഗ്രസിനും ലഭിച്ചു. 767 കോടി രൂപ ലഭിച്ച തൃണമൂല്‍ കോണ്‍ഗ്രസാണ് മൂന്നാം സ്ഥാനത്ത്. വ്യക്തികളേക്കാള്‍ കോര്‍പ്പറേറ്റ് കമ്പനികളാണ് ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it