മാറ്റം അടുത്ത സാമ്പത്തിക വര്‍ഷം, വിദേശ വ്യാപാര നയം നീട്ടി കേന്ദ്ര സര്‍ക്കാര്‍

നിലവിലെ വിദേശ വ്യാപാര നയത്തിന്റെ ( Foreign Trade Policy) കാലാവധി വീണ്ടും നീട്ടി കേന്ദ്ര സര്‍ക്കാര്‍. ഈ മാസം 30ന് കാലാവധി അവസാനിക്കാനിരിക്കെ ആണ് നടപടി. 2023 മാര്‍ച്ച് 31 വരെ ഇപ്പോഴത്തെ നയം തുടരും. ഒക്ടോബറില്‍ പുതിയ നയം പ്രഖ്യാപിക്കുമെന്ന് വാണിജ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

നിലവിലെ നയം തുടരാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷം ആയിരിക്കും പുതിയ നയം അവതരിപ്പിക്കുക. 2015-20 കാലയളവിലേക്ക് അവതരിപ്പിച്ച നയം കോവിഡിന്റെ പശ്ചാത്തലത്തില്‍ നേരത്തെ മൂന്ന് തവണ നീട്ടിയിരുന്നു. ആഗോള സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികളും രൂപയുടെ ഇടിവും കണക്കിലെടുത്താണ് നയം തുടരുന്നത്.

രാജ്യത്തെ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലുകള്‍ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷനുകള്‍ ഉള്‍പ്പടെയുള്ളവയുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് നയം നീട്ടിയതെന്ന് വാണിജ്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി അമിത് യാദവ് പറഞ്ഞു. സെപ്റ്റംബര്‍ 14ന് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട താല്‍ക്കാലിക ഡാറ്റ അനുസരിച്ച് രാജ്യത്തിന്റെ കയറ്റുമതി വളര്‍ച്ച കുറഞ്ഞിരുന്നു. ഓഗസ്റ്റ് മാസം 33.92 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1.62 ശതമാനത്തിന്റേതായിരുന്നു വളര്‍ച്ച. 2022 ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 35 ശതമാനം ഇടിഞ്ഞിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it