വ്യവസായങ്ങൾക്കും സാധാരണക്കാർക്കും ഗുണകരം, യുദ്ധ പ്രതിസന്ധിയില്‍ പെട്രോകെമിക്കൽ തീരുവ എടുത്തുകളഞ്ഞു

വ്യവസായശാലകൾക്ക് കുറഞ്ഞ നിരക്കിൽ അസംസ്കൃത വസ്തുക്കൾ ലഭിക്കുന്നത് വഴി ഉൽപ്പന്നങ്ങളുടെ വില വർദ്ധിക്കാതെ നോക്കാനും അതുവഴി സാധാരണക്കാരായ ഉപഭോക്താക്കളെ വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിക്കാനും നീക്കം സഹായിക്കും
Nirmala Sitharaman
Image courtesy: Nirmala Sitharaman/Facebook, Canva
Published on

പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ആഭ്യന്തര വിപണിയിൽ അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനും ഉൽപ്പാദന ചെലവ് കുറയ്ക്കുന്നതിനുമായി പ്രധാന പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ (Customs Duty) പൂർണമായും ഒഴിവാക്കി. ഇന്ന് (ഏപ്രിൽ 2) മുതൽ പ്രാബല്യത്തിൽ വന്ന ഈ ഇളവ് ജൂൺ 30 വരെ തുടരും.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസങ്ങളും ഷിപ്പിംഗ് റൂട്ടുകളിലെ പ്രശ്നങ്ങളും അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവിന് കാരണമായിട്ടുണ്ട്. ഇത് നിർമ്മാണ മേഖലയെ പ്രതികൂലമായി ബാധിക്കാതിരിക്കാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഇടപെടൽ. പ്ലാസ്റ്റിക്, പാക്കേജിംഗ്, ടെക്സ്റ്റൈൽസ്, ഫാർമസ്യൂട്ടിക്കൽസ്, കെമിക്കൽസ്, ഓട്ടോമോട്ടീവ് ഭാഗങ്ങൾ തുടങ്ങിയ വിവിധ നിർമ്മാണ മേഖലകൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.

ഇളവ് ലഭിക്കുന്ന ഉൽപ്പന്നങ്ങൾ

അൻഹൈഡ്രസ് അമോണിയ, മെഥനോൾ, ടോലുയിൻ, സ്റ്റൈറീൻ, വിനൈൽ ക്ലോറൈഡ് മോണോമർ, ഫീനോൾ, അസറ്റിക് ആസിഡ്, പ്യൂരിഫൈഡ് ടെറെഫ്താലിക് ആസിഡ് (PTA) തുടങ്ങിയ നാല്‍പ്പതോളം പ്രധാന രാസവസ്തുക്കൾ ഈ പട്ടികയിലുണ്ട്. കൂടാതെ പോളിയെത്തിലീൻ, പോളിപ്രൊഫൈലിൻ, പോളിസ്റ്റൈറീൻ, പിവിസി (PVC), പിഇടി (PET) ചിപ്പുകൾ, എൻജിനീയറിംഗ് പ്ലാസ്റ്റിക്കുകൾ തുടങ്ങിയ പോളിമറുകളെയും ഇളവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പെഷ്യാലിറ്റി കെമിക്കലുകളായ എപ്പോക്സി റെസിനുകൾ, പോളിയുറീത്താനുകൾ എന്നിവയ്ക്കും തീരുവ ഒഴിവാക്കി.

ഉപഭോക്താക്കൾക്കുള്ള നേട്ടം

വ്യവസായശാലകൾക്ക് കുറഞ്ഞ നിരക്കിൽ അസംസ്കൃത വസ്തുക്കൾ ലഭിക്കുന്നത് വഴി ഉൽപ്പന്നങ്ങളുടെ വില വർദ്ധിക്കാതെ നോക്കാനും അതുവഴി സാധാരണക്കാരായ ഉപഭോക്താക്കളെ വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിക്കാനും ഈ നീക്കം സഹായിക്കും. ഫെബ്രുവരി അവസാനം മുതൽ ആഗോള വിപണിയിൽ എണ്ണവില 50 ശതമാനത്തോളം വർദ്ധിച്ച പശ്ചാത്തലത്തിൽ, വിതരണ സ്ഥിരത നിലനിർത്തുക എന്നതാണ് സർക്കാരിന്റെ പ്രാഥമിക ലക്ഷ്യം. നേരത്തെ ഇന്ധന വിലയിലെ എക്സൈസ് ഡ്യൂട്ടി കുറച്ചതും ഇതിന്റെ ഭാഗമായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com