ലാപ്‌ടോപ്, കമ്പ്യൂട്ടര്‍ ഇറക്കുമതിക്ക് കർശന നിയന്ത്രണം

ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ എന്നിവയുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി അടിയന്തരമായി നിയന്ത്രിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം. HSN 8741-ന് കീഴില്‍ വരുന്ന അള്‍ട്രാ സ്‌മോള്‍ ഫോം ഫാക്ടര്‍ കമ്പ്യൂട്ടറുകളുടെയും സെര്‍വറുകളുടെയും ഇറക്കുമതി കേന്ദ്രം നിറുത്തിവച്ചു. സാധുതയുള്ള ലൈസന്‍സിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇനി ഇറക്കുമതി അനുവദിക്കുകയുള്ളു എന്ന് മന്ത്രാലയം അറിയിച്ചു.

ഇവയെ ഒഴിവാക്കി

കൊറിയര്‍ വഴിയും പോസ്റ്റ് വഴിയും ഓണ്‍ലൈനായി വാങ്ങുന്ന ലാപ്‌ടോപ്, ടാബ്ലെറ്റ്, പേഴ്സണല്‍ കമ്പ്യൂട്ടര്‍ എന്നിവ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കും. മാത്രമല്ല ബാഗേജ് ചട്ടങ്ങള്‍ക്ക് കീഴിലുള്ള ഇറക്കുമതിക്ക് നിയന്ത്രണങ്ങള്‍ ബാധകമാകില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലേക്ക് വരികയോ ഇന്ത്യയ്ക്ക് പുറത്തേക്ക് പോകുകയോ ചെയ്യുന്ന ഓരോ യാത്രക്കാരനും കസ്റ്റംസിന് കീഴില്‍ കടന്നുപോകേണ്ട പരിശോധനകളെയാണ് ബാഗേജ് നിയമങ്ങള്‍ സൂചിപ്പിക്കുന്നത്.

വിപണി ഇങ്ങനെ

ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ഇന്ത്യയുടെ ചരക്ക് ഇറക്കുമതി 2022-23 ആദ്യ പാദത്തെ അപേക്ഷിച്ച് 12.7% കുറഞ്ഞിരുന്നു. എന്നാല്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 6.3% ഉയര്‍ന്ന് 1,62,000 കോടി രൂപയിലെത്തി. പെട്രോളിയം ഉല്‍പന്നങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇറക്കുമതി വിഭാഗമാണ് ഇലക്ട്രോണിക് സാധനങ്ങള്‍.

അതേസമയം രാജ്യത്തെ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 47.1% ഉയര്‍ന്ന് 57,000 കോടി രൂപയിലെത്തി. 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണമെന്നാണ് നിഗമനം. ഡെല്‍, ഏസര്‍, സാംസംഗ്,എല്‍.ജി, ആപ്പിള്‍,ലെനോവോ, എച്ച്.പി തുടങ്ങിയവയെല്ലാം ഇന്ത്യന്‍ വിപണിയിലെ പ്രധാന കമ്പ്യൂട്ടര്‍ കമ്പനികളാണ്.


Related Articles

Next Story

Videos

Share it