ക്രിപ്‌റ്റോ കറന്‍സിയും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍

ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പെടെയുള്ള എല്ലാ ഡിജിറ്റല്‍ ആസ്തികളെയും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വന്നു. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കി.

ഇനി ഇവയെല്ലാം

പുതിയ ഉത്തരവ് പ്രകാരം വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ പണം ഉപയോഗിച്ച് വില്‍ക്കുന്നതും, വാങ്ങുന്നതും, ഒരു വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തി ഉപയോഗിച്ച് മറ്റൊരു ഡിജിറ്റല്‍ ആസ്തി സ്വന്തമാക്കുന്നതും, ഡിജിറ്റല്‍ ആസ്തികള്‍ കൈമാറുന്നതും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരും (ആദായ നികുതി നിയമം പട്ടിക 2 വകുപ്പ് 47 A ).

ക്രിപ്‌റ്റോ കറന്‍സി, എന്‍ എഫ് ടി (നോണ്‍-ഫണ്‍ജിബിള്‍ ടോക്കണ്‍) എന്നിവയില്‍ ഇടപാടുകള്‍ നടത്തുന്ന എക്‌സ്‌ചേഞ്ചുകള്‍ പുതിയ നിയമത്തിന്റെ പരിധിയില്‍ വരും. എക്‌സ്‌ചേഞ്ചുകള്‍ ഉപഭോക്താക്കളുടെ കെ വൈ സി രേഖകള്‍ സൂക്ഷിക്കുകയും അധികാരികള്‍ ആവശ്യപ്പെട്ടാല്‍ കൈമാറുകയും വേണം.

നടപടിയും പിഴയും

10 ലക്ഷം രൂപക്ക് മുകളില്‍ ഉള്ള ഇടപാടുകള്‍ സര്‍ക്കാരിനെ അറിയിക്കണം. രാജ്യത്തിനകത്തേക്കും പുറത്തേക്കും ഉള്ള 5 ലക്ഷം രൂപയില്‍ അധികമുള്ള ഇടപാടുകള്‍ ധനകാര്യ വകുപ്പ് നിരീക്ഷിക്കും. ഇതില്‍ സ്ഥാപനങ്ങള്‍ വീഴ്ച്ച വരുത്തിയാല്‍ 10,000 രൂപ മുതല്‍ 1 ലക്ഷം രൂപവരെ പിഴ നല്‍കേണ്ടി വരും. ഈ നിയമ പ്രകാരം തെറ്റ് ചെയ്യുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്ക് എതിരെയോ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം നടത്തി നടപടി സ്വീകരിക്കാം.

സ്വാഗതം ചെയ്ത് ക്രിപ്‌റ്റോ

ക്രിപ്‌റ്റോ ഇടപാടുകളില്‍ സുതാര്യത കൊണ്ടു വരാനും, ഇടപാടുകളുടെ പാത പിന്തുടരാനും അധികാരികളെ സഹായിക്കുന്ന പുതിയ നിയമത്തെ ക്രിപ്‌റ്റോ വ്യവസായം സ്വാഗതം ചെയ്തു. ക്രിപ്‌റ്റോ കറന്‍സിയുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ വ്യാപകമായി നടക്കുന്നു എന്ന ആരോപണത്തെ തുടര്ന്നാണ് ധനകാര്യ മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചില എക്‌സ്‌ചേഞ്ചുകളെ കുറിച്ചുള്ള അന്വേഷണം നടത്തിവരുകയാണ്.

Related Articles
Next Story
Videos
Share it