പൊതുമേഖലാ ഓഹരി വിറ്റഴിക്കല്‍; ലക്ഷ്യം ഇത്തവണയും അകലെ

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ ലക്ഷ്യമിട്ട തുക ഈ സാമ്പത്തിക വര്‍ഷവും കേന്ദ്രത്തിന് നേടാനാവില്ല. കഴിഞ്ഞ നാല് സാമ്പത്തിക വര്‍ഷങ്ങളിലും ലക്ഷ്യത്തിലെത്തുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടിരുന്നു. 2022-23 കാലയളവില്‍ കേന്ദ്രം ലക്ഷ്യമിട്ടത് 65,000 കോടി രൂപ സമാഹരിക്കാനാണ്.

എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു മാസം മാത്രം അവശേഷിക്കേ 31,100 കോടി രൂപമാത്രമാണ് സമാഹരിച്ചത്. അതായത് ബജറ്റില്‍ പ്രഖ്യാപിച്ച തുകയുടെ 48 ശതമാനം മാത്രം. അതില്‍ 20,560 കോടിയും എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ (ഐപിഒ) നേടിയതാണ്. ആക്‌സിസ് ബാങ്കിലെ ഓഹരി വിറ്റതിലൂടെ 3,839 കോടിയാണ് കേന്ദ്രത്തിന് ലഭിച്ചത്. ഒഎന്‍ജിസി, ഐആര്‍സിടിസി എന്നിവയിലെ ഓഹരി വില്‍പ്പനയിലൂടെ (OFS) യഥാക്രമം 3026.23 കോടി രൂപ, 2723.73 കോടി രൂപ എന്നിങ്ങനെ നേടാനായി.

നിലവിലെ സാഹചര്യത്തില്‍ ഓഹരി വില്‍പ്പനയിലൂടെ 40,000 കോടി രൂപയ്ക്ക് മുകളില്‍ ഇത്തവണ കേന്ദ്രത്തിന് കണ്ടെത്താന്‍ സാധിക്കില്ല. ലക്ഷ്യം നേടാന്‍ സാധിക്കാത്ത സ്ഥിതിക്ക് വരുന്ന ബജറ്റില്‍ (2023-24) ഓഹരി വില്‍പ്പനയിലൂടെ 35,000-40,000 രൂപയോ അതില്‍ താഴെയോ മാത്രമേ ലക്ഷ്യം വെക്കൂവെന്നാണ് വിലയിരുത്തല്‍. 2024ലെ പൊതുതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍ വേഗത കുറച്ചേക്കും.

അടുത്ത സാമ്പത്തിക വര്‍ഷം ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവത്കരണം ഉണ്ടാവും. ഷിപ്പിംഗ് കോര്‍പറേഷന്‍, ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (BEML), ബിപിസിഎല്‍, എന്‍എംഡിസി സ്റ്റീല്‍, എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍, പ്രോജക്ട് ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ സ്ഥാപങ്ങളുടെ ഓഹരി വില്‍പ്പനയ്ക്കും ക്യാബിനറ്റ് അംഗീകാരം ലഭിച്ചിട്ടുണ്ട്. ബജറ്റില്‍ പുതിയ വിറ്റഴിക്കലുകള്‍ പ്രഖ്യാപിക്കുന്നതിന് പകരം അംഗീകരാം കി്ട്ടിയവയിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാവും ഇത്തവണ കേന്ദ്രം ശ്രമിക്കുക.

Related Articles
Next Story
Videos
Share it