കാന്‍സറിനും മറ്റ് അപൂര്‍വ രോഗങ്ങളുടെ മരുന്നുകള്‍ക്കും ഇറക്കുമതി തീരുവ ഒഴിവാക്കി

അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായി ഇറക്കുമതി ചെയ്യുന്ന എല്ലാ മരുന്നുകളുടെയും പ്രത്യേക ഭക്ഷണത്തിന്റെയും അടിസ്ഥാന കസ്റ്റംസ് തീരുവ സര്‍ക്കാര്‍ ഒഴിവാക്കി. ഇറക്കുമതി തീരുവ ഇളവ് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഇവയ്ക്ക് വില കുറയും. വിവിധ കാന്‍സര്‍ ചികിത്സയില്‍ ഉപയോഗിക്കുന്ന പെംബ്രോലിസുമാബിനെ (Pembrolizumab -Keytruda) അടിസ്ഥാന കസ്റ്റംസ് തീരുവയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്.

സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

മരുന്നുകള്‍ക്ക് പൊതുവെ 10 ശതമാനമാണ് അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഈടാക്കുന്നത്. അതേസമയം ജീവന്‍ രക്ഷാ മരുന്നുകള്‍, വാക്‌സിനുകളുടെ ചില വിഭാഗങ്ങള്‍ എന്നിവയ്ക്ക് 5 ശതമാനവും. ഇവയില്‍ ചിലതിന് തീരുവ ഈടാക്കുകയുമില്ല. ഈ ഇളവുകള്‍ ലഭിക്കുന്നതിന് സെന്‍ട്രല്‍ അല്ലെങ്കില്‍ സ്റ്റേറ്റ് ഡയറക്ടര്‍ ഹെല്‍ത്ത് സര്‍വീസസ് അല്ലെങ്കില്‍ ജില്ലയിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍/സിവില്‍ സര്‍ജന്‍ എന്നിവരില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

നിരന്തരമായ ആവശ്യം

സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി അല്ലെങ്കില്‍ ഡുചെന്‍ മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്നിവയ്ക്കുള്ള പ്രത്യേക മരുന്നുകള്‍ക്ക് ഇതിനകം ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും മറ്റ് അപൂര്‍വ രോഗങ്ങളുടെ ചികിത്സയില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്കും കസ്റ്റംസ് തീരുവ ഇളവ് വേണമെന്ന ആവശ്യം സര്‍ക്കാരിന് മുന്നില്‍ നിരന്തരം വരാറുണ്ട്.

പ്രത്യേക ഭക്ഷണം

അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായുള്ള മരുന്നുകള്‍ക്കൊപ്പം ഇവരുടെ പ്രത്യേക ഭക്ഷണത്തിന്റെയും അടിസ്ഥാന കസ്റ്റംസ് തീരുവയും സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ള പ്രത്യേക ഭക്ഷണം എന്നത് ഒരു പ്രത്യേക രോഗമോ അല്ലെങ്കില്‍ ഒരു രോഗാവസ്ഥയോ ഉള്ള വ്യക്തികള്‍ക്ക് അവരുടെ ഭക്ഷണക്രമത്തിന്റെ ഭാഗമായി നല്‍കുന്ന പോഷകാഹാരമാണ്.

Related Articles

Next Story

Videos

Share it