കരകൗശല തൊഴിലാളികള്‍ക്കും നെയ്ത്തുകാര്‍ക്കും ഇ-കൊമേഴ്സ് പോര്‍ട്ടല്‍ ആരംഭിച്ച് കേന്ദ്രം

കരകൗശലത്തൊഴിലാളികള്‍ക്കും നെയ്ത്തുകാര്‍ക്കും ഇനി തങ്ങളുടെ കൈത്തറി, കരകൗശല ഉല്‍പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ ഉപയോക്താക്കള്‍ക്ക് നേരിട്ട് വില്‍ക്കാം. ഇതിനായി Indiahandmade.com എന്ന ഇ-കൊമേഴ്സ് പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയുടെ 100 ശതമാനം പരമ്പരാഗതവും ആധികാരികവും മികച്ചതുമായ കരകൗശല ഉല്‍പ്പന്നങ്ങളിലേക്ക് ലോകത്തുള്ള എല്ലാവര്‍ക്കും ഈ പോര്‍ട്ടലിലൂടെ നേരിട്ട് പ്രവേശനം ലഭിക്കും. സൗജന്യ ഷിപ്പിംഗ് വാഗ്ദാനം ചെയ്യുന്നു എന്നുള്ളതാണ് ഈ പോര്‍ട്ടിലിന്റെ ആകര്‍ഷകമായ ഘടകം.

നേരിട്ട് ഉപഭോക്താക്കളിലേക്ക്

ഈ പോര്‍ട്ടല്‍ 35 ലക്ഷത്തിലധികം കൈത്തറി നെയ്ത്തുകാരില്‍ നിന്നും 27 ലക്ഷത്തിലധികം കരകൗശല വിദഗ്ധരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്ന് ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം അറിയിച്ചു. 62 ലക്ഷം നെയ്ത്തുകാര്‍ക്കും കരകൗശല വിദഗ്ധര്‍ക്കും ഭാവിയില്‍ ഇ-സംരംഭകരാകാന്‍ ഈ പോര്‍ട്ടല്‍ അവസരമൊരുക്കുമെന്ന് മന്ത്രാലയം അറിയിച്ചു. നിലവില്‍ വസ്ത്രങ്ങള്‍, ഗൃഹാലങ്കാരങ്ങള്‍, ആഭരണങ്ങള്‍, വിദഗ്ധര്‍ കൈകൊണ്ട് നിര്‍മ്മിച്ച മറ്റ് കരകൗശല ഉല്‍പ്പന്നങ്ങള്‍ എന്നിവ പോര്‍ട്ടലില്‍ ലഭ്യമാണ്.

വില്‍പ്പനക്കാരില്‍ നിന്നും യാതൊരു കമ്മീഷനും ഈ പോര്‍ട്ടല്‍ ഈടാക്കില്ല. ഇതിന്റെ സഹായത്തോടെ കരകൗശല തൊഴിലാളികള്‍ക്ക് ഇടനിലക്കാരില്ലാതെ ന്യായമായ പ്രതിഫലം ലഭിക്കും. സാമ്പത്തിക സഹായം മാത്രമല്ല, നൂതന നൈപുണ്യ പരിശീലനത്തിലേക്കുള്ള പ്രവേശനം, ആധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യകളെ കുറിച്ചുള്ള അറിവ്, ബ്രാന്‍ഡ് പ്രമോഷന്‍, പ്രാദേശിക-ആഗോള വിപണികളുമായുള്ള ബന്ധം, ഡിജിറ്റല്‍ പണമിടപാടുകള്‍ എന്നിവ വളര്‍ത്താന്‍ ഇത് സഹായിക്കും.

Related Articles
Next Story
Videos
Share it