കോള്‍ ഇന്ത്യയുടേത് അടക്കം 3 സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രം

രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ അടക്കം മൂന്ന് കമ്പനികളിലെ ഓഹരികള്‍ വില്‍ക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കോള്‍ ഇന്ത്യ (CIL), ഹിന്ദുസ്ഥാന്‍ സിങ്ക് (HZL), രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് (RCF) എന്നിവയുടെ 5-10 ശതമാനം ഓഹരികള്‍ ആണ് വില്‍ക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ സര്‍ക്കാരിന്റെ പണലഭ്യത ഉറപ്പാക്കാനാണ് നീക്കം.

ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനന കമ്പനികളില്‍ ഒന്നായ കോള്‍ ഇന്ത്യയില്‍ 66.13 ശതമാനം ഓഹരികളാണ് സര്‍ക്കാരിനുള്ളത്. ആര്‍സിഎഫില്‍ കേന്ദ്രത്തിനുള്ളത് 75 ശതമാനം ഓഹരികളാണ്. വേദാന്ത ഗ്രൂപ്പ് ഭൂരിപക്ഷം ഓഹരികളും സ്വന്തമാക്കിയ ഹിന്ദുസ്ഥാന്‍ സിങ്കില്‍ 29.58 ശതമാനം ഓഹരികളും ഉണ്ട് . ഹിന്ദുസ്ഥാന്‍ സിങ്കിലെ മുഴുവന്‍ ഓഹരികളും വില്‍ക്കാന്‍ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ മെയ് മാസം അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും കേന്ദ്രം ഇതുവരെ നടത്തിയിട്ടില്ല.

ഈ കമ്പനികളുടെ ഓഹരി വില്‍പ്പനയിലൂടെ കേന്ദ്രത്തിന് ഏകദേശം 16,500 കോടി രൂപ (2 ബില്യണ്‍ ഡോളര്‍) സമാഹരിക്കാന്‍ സാധിക്കുമെന്നാണ് ബ്ലൂംബെര്‍ഗിന്റെ വിലയിരുത്തല്‍. അപ്രധാന മേഖലകളിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷം 65,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. അതില്‍ 24,000 കോടി രൂപയാണ് കേന്ദ്രം ഇതുവരെ സമാഹരിച്ചത്.

Related Articles

Next Story

Videos

Share it