ചൈനയിലെ കാറ്റ് അധികം കൊള്ളേണ്ട; ഫാനുകളുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്രം

ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് ഫാനുകള്‍ക്കും സ്മാര്‍ട്ട് മിറ്ററുകള്‍ക്കും ക്വാളിറ്റി പരിശോധന (Quality Control Orders) ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്ര വാണിജ്യ മന്ത്രാലയം. കര്‍ശനമായ ക്വാളിറ്റി പരിശോധനയിലൂടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കുകയാണ് ലക്ഷ്യം. ഇറക്കുമതി കുറയുന്നത് ആഭ്യന്തര ഉല്‍പ്പാദകര്‍ക്കും നേട്ടമാവും.

2021-22 സാമ്പത്തിക വര്‍ഷം ഇന്ത്യയിലേക്കുള്ള സീലിംഗ് ഫാനുകളുടെ ഇറക്കുമതി 132 ശതമാനം ഉയര്‍ന്ന് 6.22 മില്യണ്‍ ഡോളറിലെത്തിയിരുന്നു. അതില്‍ 5.99 മില്യണ്‍ ഡോളറും ലഭിച്ചത് ചൈനയ്ക്കാണ്. 3.1 മില്യണ്‍ ഡോളറിന്റേതാണ് രാജ്യത്തെ ഇലക്ട്രിസിറ്റി സ്മാര്‍ട്ട് മീറ്ററുകളുടെ ഇറക്കുമതി. സ്മാര്‍ട്ട് മീറ്ററുകളില്‍ ചൈനയുടെ വിഹിതം 1.32 മില്യണ്‍ ഡോളറാണ്. 2020ല്‍ കളിപ്പാട്ടങ്ങള്‍ക്ക് ഇത്തരം നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇറക്കുമതി 70 ശതമാനം കുറഞ്ഞിരുന്നു. ചൈനയില്‍ നിന്ന് മാത്രമുള്ള കളിപ്പാട്ടങ്ങളുടെ ഇറക്കുമതി 80 ശതമാനത്തോളം ആണ് ഇടിഞ്ഞത്.

ചൈനയുമായുള്ള വ്യാപാരക്കമ്മി ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. 2022 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ചൈനീസ് വ്യാപാരത്തിലെ ഇന്ത്യയുടെ കമ്മി 44.6 ബില്യണ്‍ ഡോളറിന്റേതാണ്. അതായത് ഇന്ത്യ 7.8 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ കയറ്റി അയച്ചപ്പോള്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി 52.4 ബില്യണ്‍ ഡോളറിന്റേതായിരുന്നു. ഇറക്കുമതി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ക്വാളിറ്റി പരിശോധന ഏര്‍പ്പെടുത്ത രീതി കേന്ദ്രം വ്യാപകമാക്കുകയാണ്. 2000-19 കാലയളവില്‍ 18-19 തവണ ഏര്‍പ്പെടുത്തിയ ക്വാളിറ്റി പരിശോധന 2020 തുടങ്ങിയ ശേഷം മാത്രം എസി, വളങ്ങള്‍, സ്റ്റീല്‍ തുടങ്ങി 20 സാധനങ്ങള്‍ക്കാണ് നിലവില്‍ വന്നത്.

Related Articles
Next Story
Videos
Share it