Begin typing your search above and press return to search.
കമ്മലിനും മൂക്കുത്തിക്കുമുള്ള സ്വര്‍ണക്കൊളുത്തിനും സ്‌ക്രൂവിനുമടക്കം നികുതി കൂട്ടി കേന്ദ്രം
സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുബന്ധ ഘടകങ്ങള്‍ക്കും ഇറക്കുമതി നികുതി 15 ശതമാനമായി കൂട്ടി കേന്ദ്രസര്‍ക്കാര്‍. മൂക്കുത്തി, കമ്മല്‍ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന കൊളുത്ത് (hooks), സ്‌ക്രൂ, പിന്‍ തുടങ്ങിയവയുടെ ഇറക്കുമതി നികുതിയാണ് കൂട്ടിയത്. വെള്ളി അനുബന്ധ വസ്തുക്കള്‍ക്കും നികുതി വര്‍ധന ബാധകമാണ്. പുതുക്കിയ നിരക്ക് ഇന്നലെ (ജനുവരി 22) പ്രാബല്യത്തില്‍ വന്നു. പുതിയ നിരക്കില്‍ 10 ശതമാനം അടിസ്ഥാന ഇറക്കുമതി തീരുവയും (BCD) 5 ശതമാനം കാര്‍ഷിക, അടിസ്ഥാന സൗകര്യ വികസന സെസുമാണ് (AIDC).
നികുതി വര്‍ധന ഇങ്ങനെ
നിലവില്‍ സ്വര്‍ണത്തിന് 12.5 ശതമാനമാണ് ഇറക്കുമതി തീരുവ. ഇതോടൊപ്പം 2.5 ശതമാനം കാര്‍ഷിക, അടിസ്ഥാനസൗകര്യ വികസന സെസുമുണ്ട്. അതായത്, മൊത്തം ഇറക്കുമതി നികുതി 15 ശതമാനം.
അതേസമയം കൊളുത്ത്, പിന്‍, സ്‌ക്രൂ തുടങ്ങിയ നിര്‍മ്മാണ അനുബന്ധ വസ്തുക്കള്‍ അസംസ്‌കൃതവസ്തുക്കള്‍ എന്ന പേരില്‍ ചില വ്യാപാരികള്‍ ഇറക്കുമതി ചെയ്യുന്നുണ്ടായിരുന്നു. ഇങ്ങനെ ഇറക്കുമതി ചെയ്യുമ്പോള്‍ നികുതി 5 ശതമാനത്തിലും താഴെയാണ്.
ഈ പഴുത് ദുരുപയോഗം ചെയ്ത് ചില വ്യാപാരികള്‍ സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലാണ് ഇവയുടെ നികുതിയും 15 ശതമാനത്തിലേക്ക് കേന്ദ്രം കൂട്ടിയതെന്നാണ് വിലയിരുത്തല്‍. ഇത്തരം വസ്തുക്കളുടെ (Gold, silver findings) ഇറക്കുമതി കഴിഞ്ഞ രണ്ട് മാസങ്ങളിലായി കൂടിയത് പരിഗണിച്ചുമാണ് കേന്ദ്ര നടപടി.
അമൂല്യ രത്‌നങ്ങളുള്ള (Precious metals) ആഷിനും (Spent Catalyst or Ash) 14.35 ശതമാനമായി ഇറക്കുമതി നികുതി കൂട്ടിയിട്ടുണ്ട്. 10 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയും 4.35 ശതമാനം കാര്‍ഷിക, അടിസ്ഥാനസൗകര്യ വികസന സെസുമാണ്.
ഉപയോക്താക്കളെ ബാധിക്കില്ല
അതേസമയം, ഇറക്കുമതി തീരുവ കൂട്ടിയ നടപടി ഉപയോക്താക്കളെ ബാധിക്കില്ല. കാരണം, ഉപഭോക്താവ് വാങ്ങുന്ന ആഭരണങ്ങള്‍ക്ക് നിലവില്‍ 15 ശതമാനം ഇറക്കുമതി തീരുവ തന്നെയാണുള്ളത്. നിയമാനുസൃതമായി 15 ശതമാനം ഇറക്കുമതി തീരുവ നല്‍കി സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന വ്യാപാരികള്‍ക്കും നികുതി വര്‍ധന തിരിച്ചടിയല്ല.
അസംസ്‌കൃത വസ്തുവെന്ന പേരില്‍ നികുതിയിളവോടെ സ്വര്‍ണം ഇറക്കുമതി ചെയ്ത്, ആഭരണങ്ങളില്‍ ചേര്‍ത്ത് വിറ്റ് ലാഭമുണ്ടാക്കിയിരുന്നവര്‍ക്കാണ് കൂടിയ നികുതി തിരിച്ചടിയാവുക.
Next Story
Videos