പൊതുമേഖലാ ഓഹരി വില്‍പന പാളിയിട്ടും ലാഭവിഹിതത്തില്‍ കേന്ദ്രത്തിന് ബമ്പര്‍ ലോട്ടറി!

പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിച്ച് 2024-25ല്‍ 50,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് വ്യക്തമാക്കി. നടപ്പുവര്‍ഷത്തെ ഓഹരി വില്‍പന നീക്കം പാളിയത് കേന്ദ്രത്തിന് തിരിച്ചടിയായിട്ടുമുണ്ട്. ഈ പശ്ചാത്തലത്തില്‍ നടപ്പുവര്‍ഷത്തെ ലക്ഷ്യം നേരത്തെ ഉന്നമിട്ട 51,000 കോടി രൂപയില്‍ നിന്ന് 30,000 കോടി രൂപയായി ഇടക്കാല ബജറ്റില്‍ വെട്ടിച്ചുരുക്കി.

2017-18, 2018-19 എന്നീ വര്‍ഷങ്ങളൊഴികെ കഴിഞ്ഞ എട്ടുവര്‍ഷക്കാലങ്ങളില്‍ ആറിലും കേന്ദ്രത്തിന്റെ പൊതുമേഖലാ ഓഹരി വില്‍പന വരുമാനലക്ഷ്യം പാളിയിരുന്നു. ഐ.ഡി.ബി.ഐ ബാങ്കിന്റെ ഓഹരികള്‍ വിറ്റൊഴിയാനുള്ള നടപടികള്‍ മാറ്റിവയ്‌ക്കേണ്ടി വന്നതാണ് നടപ്പുവര്‍ഷം മുഖ്യ തിരിച്ചടിയായത്. ഐ.ഡി.ബി.ഐ ബാങ്കില്‍ 45.48 ശതമാനം ഓഹരി പങ്കാളിത്തമാണ് കേന്ദ്രത്തിനുള്ളത്. എല്‍.ഐ.സിയുടെ പക്കലാണ് 49.24 ശതമാനം ഓഹരികള്‍.
പവന്‍ ഹാന്‍സ്, ബി.പി.സി.എല്‍., ഷിപ്പിംഗ് കോര്‍പ്പറേഷന്‍, ബെമല്‍ (BEML) എന്നിവയുടെ ഓഹരി വില്‍പന നീക്കങ്ങളും ഒരടി മുന്നോട്ട് നീങ്ങിയില്ല. അതേസമയം കോള്‍ ഇന്ത്യ, എന്‍.എച്ച്.പി.സി., റെയില്‍ വികാസ് നിഗം, എസ്.ജെ.വി.എന്‍, ഇര്‍കോണ്‍ എന്നിവയിലെ ഓഹരി പങ്കാളിത്തം ഓഫര്‍ ഫോര്‍ സെയില്‍ (OFS) വഴി കുറയ്ക്കുന്നതില്‍ കേന്ദ്രം വിജയിച്ചെങ്കിലും ആകെ സമാഹരിക്കാനായത് 12,504 കോടി രൂപ മാത്രമാണ്. അതായത്, ഉന്നമിട്ട 51,000 കോടി രൂപയുടെ 25 ശതമാനത്തില്‍ താഴെ മാത്രം. ഐ.ആര്‍.ഇ.ഡി.എയുടെ ഐ.പി.ഒയും കേന്ദ്രം നടത്തിയിരുന്നു.
ലാഭവിഹിതത്തില്‍ ലോട്ടറി
നടപ്പുവര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ലാഭവിഹിതം നേരത്തേ വിലയിരുത്തിയ 43,000 കോടി രൂപയില്‍ നിന്ന് ഇടക്കാല ബജറ്റില്‍ 50,000 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഈ വര്‍ഷം ഇതിനകം 44,060 കോടി രൂപ കേന്ദ്രത്തിന് കിട്ടിക്കഴിഞ്ഞു.
അടുത്തവര്‍ഷം റിസര്‍വ് ബാങ്കില്‍ നിന്ന് മാത്രം 1.03 ലക്ഷം കോടി രൂപയും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് 48,000 കോടി രൂപയും കേന്ദ്രം പ്രതീക്ഷിക്കുന്നു. പൊതുമേഖലാ ഓഹരി വില്‍പന, പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള ലാഭവിഹിതം എന്നിവ ധനക്കമ്മി നിയന്ത്രിക്കാനും ക്ഷേമപദ്ധതികള്‍ക്ക് പണം കണ്ടെത്താനും സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ വാദം.
Related Articles
Next Story
Videos
Share it