വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കൂടുതല്‍ ഇളവുകള്‍ ; നിയന്ത്രണാതീതം അല്ലെന്ന് കേന്ദ്രം

രാജ്യത്തെ വിലക്കയറ്റം (price hike) പിടിച്ചു നിര്‍ത്താന്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്നലെ സൂര്യകാന്തി, സോയാബീന്‍ എണ്ണകള്‍ക്ക് കേന്ദ്രം 2 വര്‍ഷത്തേക്ക് നികുതി ഇളവ് പ്രഖ്യാപിച്ചു. വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് 2024വരെ കസ്റ്റംസ് നികുതി, കാര്‍ഷിക അടിസ്ഥാന സൗകര്യ സെസ് എന്നിവ ഒഴിവാക്കിയത്.

കൂടുതല്‍ ഭഷ്യവസ്തുക്കള്‍ക്കും വ്യവസായ ആവശ്യങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ക്കും നികുതി ഇളവ് നല്‍കുന്നത് കേന്ദ്രം പരിഗണിക്കുന്നുണ്ട്. വില നിയന്ത്രണത്തിന്റെ ഭാഗമായി ജൂണ്‍ ഒന്നുമുതല്‍ പഞ്ചസാരയുടെ കയറ്റുമതിക്ക് (sugar export) നിരോധനവും ഏര്‍പ്പെടുത്തി. ആറുവര്‍ഷത്തിനിടെ ആദ്യമായാണ് പഞ്ചസാര കയറ്റുമതി രാജ്യം നിരോധിക്കുന്നത്.

കയറ്റുമതി നിരോധനം ഗോതമ്പിന്റെ വിലകുറയാന്‍ കാരണമായി എന്ന വിലയിരുത്തലിലാണ് നടപടി. പഞ്ചസാര ഉല്‍പ്പാദനത്തില്‍ ബ്രസീലിന് പിന്നില്‍ രണ്ടാമതാണ് ഇന്ത്യ. ഈ ആഴ്ച ആദ്യം നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ധനത്തിനുമേലുള്ള എക്‌സൈസ് തീരുവ, പ്ലാസ്റ്റിക് നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ കസ്റ്റംസ് തീരുവ, സ്റ്റീല്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ തുടങ്ങിയവ കേന്ദ്രം കുറച്ചിരുന്നു.

കഴിഞ്ഞ മാസം ഏപ്രിലില്‍ 7.79 ശതമാനം ആയിരുന്നു രാജ്യത്തെ ചില്ലറ പണപ്പെരുപ്പം (retail inflation) . 0.60 ശതമാനം മുതല്‍ 0.70 ശതമാനം വരെ ചില്ലറ പണപ്പെരുപ്പം കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രിമിക്കുന്നത്. ഭഷ്യ വിലക്കയറ്റം നിയന്ത്രണാധീതം അല്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞിരുന്നു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റീപോ നിരക്കുകള്‍ ( RBI repo rate) ജൂണില്‍ വീണ്ടും വര്‍ധിപ്പിച്ചേക്കുമെന്ന സൂചന ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് നല്‍കിയിട്ടുണ്ട്. നാല് വര്‍ഷത്തിന് ശേഷം ഈ മാസം ആദ്യമാണ് ആര്‍ബിഐ റീപോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയര്‍ത്തി 4.40 ശതമാനം ആയി വര്‍ധിപ്പിച്ചത്.

എന്നാല്‍ പലിശ നിരക്ക് ഒരു പരിധിയിലധികം ഉയരുന്നത് രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാം. നടപ്പ് സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം 5.7 ശതമാനം ആയിരിക്കുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യത്തിന്റെ ജീഡിപി വളര്‍ച്ച 7.8 ശതമാനത്തില്‍ നിന്ന് 7.2 ആയി ആര്‍ബിഐ കുറച്ചിരുന്നു.

Related Articles
Next Story
Videos
Share it