പ്രവാസികളെ ആകര്‍ഷിക്കും; വിദേശനാണ്യ ശേഖരം കൂട്ടാന്‍ നടപടി

വിദേശനാണ്യശേഖരം വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് പുതിയ നടപടികള്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രവാസികള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപനത്തില്‍ ഉണ്ടായേക്കാം. 2022ന്റെ തുടക്കത്തില്‍ 13 മാസത്തെ ഇറക്കുമതിക്കാവശ്യമായ വിദേശനാണ്യം ഇന്ത്യയുടെ ശേഖരത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ഒന്‍പതു മാസത്തെ ഇറക്കുമതിക്കു മാത്രമേ തികയൂ.

ഒരു വര്‍ഷം മുമ്പ് 64,240 കോടി ഡോളര്‍ ഉണ്ടായിരുന്ന ശേഖരം ഇപ്പാേള്‍ 54,565 കോടി ഡോളറായി കുറഞ്ഞു. രൂപയെ താങ്ങി നിര്‍ത്താനുള്ള വില്‍പന മാത്രമല്ല ശേഖരം കുറയാന്‍ കാരണം. ഡോളറിലല്ലാത്ത നിക്ഷേപങ്ങളുടെയും സ്വര്‍ണത്തിന്റെയും ഡോളര്‍മൂല്യം കുറഞ്ഞതും വലിയ നഷ്ടം വരുത്തി. ഡോളര്‍ സൂചിക ഈ വര്‍ഷം 21 ശതമാനത്തോളം ആണ് ഉയര്‍ന്നത്. യൂറോയും ജാപ്പനീസ് യെനും ഒക്കെ വലിയ താഴ്ചയിലായപ്പോള്‍. അവയിലെ നിക്ഷേപങ്ങളുടെ വിലയും (ഡോളറില്‍) ഇടിഞ്ഞു. ഡോളറിനോട് ഇക്കൊല്ലം ഇതു വരെ യൂറോ 17.45 ശതമാനവും യെന്‍ 25.7 ശതമാനവും താഴ്ന്നു. അതേ സമയം ഇന്ത്യന്‍ രൂപയുടെ താഴ്ച 9.5 ശതമാനം മാത്രമാണ്.

ഇന്ത്യന്‍ കടപ്പത്രങ്ങള്‍ ആഗോള സൂചികയില്‍ എത്താന്‍ വൈകും

ഇന്ത്യയുടെ സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ ആഗാേള ബോണ്ട് സൂചികകളില്‍ ഉള്‍പ്പെടുത്തുന്നത് ഇനിയും വൈകും. ജെപി മോര്‍ഗന്‍, ബ്ലൂംബെര്‍ഗ് - ബാര്‍ക്ലേയ്‌സ്, എഫ്ടിഎസ്ഇ - റസല്‍ എന്നിവ തയാറാക്കുന്ന സൂചികകളില്‍ ഇന്ത്യന്‍ ബോണ്ടുകള്‍ ഉള്‍ക്കൊള്ളിക്കാന്‍ രണ്ടു മൂന്നു വര്‍ഷമായി സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഈ വര്‍ഷം തന്നെ സൂചികയില്‍ ഇന്ത്യ ഇടം പിടിക്കുമെന്ന സൂചനയുണ്ടായിരുന്നത്.

ഇന്ത്യയെ ഉള്‍പെടുത്തുന്ന കാര്യം അടുത്ത വര്‍ഷം പകുതിയോടെയേ തീരുമാനിക്കൂ എന്നാണ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. ഇവയില്‍ ഉള്‍പ്പെട്ടാല്‍ വിദേശികള്‍ പ്രതിവര്‍ഷം 3000 കോടി ഡോളര്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കും എന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ ധനകമ്മി നികത്താന്‍ വിദേശികളുടെ സമ്പാദ്യം ഉപയോഗപ്പെടുത്താനുള്ള അവസരമായാണ് ഇതിനെ വിലയിരുത്തുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it