ബാങ്ക് നിക്ഷേപത്തിന്റെ ഇന്‍ഷുറന്‍സ് പരിധി ഉയര്‍ത്തും: നിര്‍മ്മല സീതാരാമന്‍
ബാങ്കുകള്‍ തകര്‍ന്നാല്‍ അക്കൗണ്ട് ഉടമകള്‍ക്കു നല്‍കുന്ന നഷ്ടപരിഹാരം ഉയര്‍ത്താനുന്നതിനുള്ള നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ആര്‍.ബി.ഐയുമായി ഇതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ഇതിനായി ഇന്‍ഷുറന്‍സ് പരിധി ഉയര്‍ത്തുമെന്നും പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതിനുള്ള ബില്‍ കൊണ്ടു വരുമെന്നും ധനമന്ത്രി അറിയിച്ചു.
നിലവില്‍ ബാങ്കുകളുടെ ഇന്‍ഷുറന്‍സ് പരിധി ഒരു ലക്ഷം രൂപയാണ്. പരമാവധി തുക അക്കൗണ്ട് ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി വഴി ലഭ്യമാക്കാനുള്ള നീക്കമാണ് നടക്കുന്നത്.
പ്രതിസന്ധിയിലായ മുബൈ ആസ്ഥാനമായുള്ള പി.എം.സി ബാങ്കില്‍ നിന്ന് നിലവില്‍ 50,000 രൂപ വരെ അക്കൗണ്ട് ഉടമകള്‍ക്ക് പിന്‍വലിക്കാമെന്ന് ധനമന്ത്രി അറിയിച്ചു. ഇന്‍ഷുറന്‍സ് പരിധി ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ഈ ബാങ്കിലെ നിക്ഷേപകര്‍ സമരപാതയിലാണ്. ഇന്ത്യയിലെ ബാങ്കുകളുടെ ഇന്‍ഷുറന്‍സ് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് ഡെപ്പോസിറ്റ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പറേഷനാണ്.
റിസര്‍വ് ബാങ്കിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, എല്ലാ വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ്, ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ (ഡിഐസിജിസി) കീഴില്‍ നിക്ഷേപം ഇന്‍ഷുര്‍ ചെയ്യണമെന്ന് നിര്‍ബന്ധമാണ്. ഇതനുസരിച്ച് ഓരോ നിക്ഷേപകനും ബാങ്ക് പരമാവധി ഒരു ലക്ഷം രൂപയുടെ പരിരക്ഷ നല്‍കും. പിഎംസി ബാങ്ക് ലിക്വിഡേഷന് വിധേയമായാല്‍, നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപമനുസരിച്ച് പരമാവധി ഒരു ലക്ഷം രൂപ വരെ പണം ലഭിക്കും, എന്നിരുന്നാലും, ഇത് കിട്ടുവാന്‍ വളരെക്കാലം എടുക്കും. അതേ സമയം ഒരു ലക്ഷത്തിനു മുകളില്‍ നിക്ഷേപിക്കുകയും ബാങ്കിനെ പാപ്പരായി പ്രഖ്യാപിക്കുകയും ചെയ്താല്‍ ഉപഭോക്താവിന് ഒരു ലക്ഷം രൂപ മാത്രമേ തിരികെ ലഭിക്കുകയുള്ളൂ.
നിലവില്‍ ഒരേ ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളില്‍ നിക്ഷേപമുണ്ടെങ്കില്‍ കൂടിയും ആകെ ഒരു ലക്ഷം രൂപ മാത്രമേ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുകയുള്ളൂ
അതേ സമയം വ്യത്യസ്ത ബാങ്കുകളിലെ നിക്ഷേപങ്ങളില്‍ നിക്ഷേപ ഇന്‍ഷുറന്‍സ് പരിരക്ഷാ പരിധി പ്രത്യേകമായി ലഭിക്കുന്നുണ്ട്.
സിംഗിള്‍ അക്കൗണ്ടിനും ജോയിന്റ് അക്കൗണ്ടിനും വെവ്വേറെയായി പ്രത്യേക പരിരക്ഷയുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline