5400 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ കേന്ദ്രം, ചുമതല എന്‍എല്‍എംസിക്ക്
പൊതുമേഖലാ ആസ്തികള്‍ വിറ്റഴിച്ച് പണം സമാഹരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രം 5,400 ഏക്കര്‍ ഭൂമി വില്‍ക്കും. ബിഇഎംഎല്‍, ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ളവയുടെ ഭൂമിയാണ് വില്‍ക്കുന്നത്. നാഷണല്‍ ലാന്‍ഡ് മോണിറ്റൈസേഷന്‍ കോര്‍പറേഷന്‍ (എന്‍എല്‍എംസി) വഴിയാവും ഭൂമികള്‍ വില്‍ക്കുക.
നേരത്തെ ബിഎസ്എന്‍എല്ലിന്റേയും എംടിഎന്‍എല്ലിന്റേയും ഭൂമി, ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് അസറ്റ് മാനേജ്‌മെന്റ് (ഡിപാം) പോര്‍ട്ടലിലൂടെ വില്‍ക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. മതിയായ പ്രതികരണം ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ലേല മാനദണ്ഡങ്ങളിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ഡിപാം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭൂമി വില്‍പ്പന എന്‍എല്‍എംസി വഴി നടത്താന്‍ കേന്ദ്രം ആലോചിക്കുന്നത്.
ഈ മാസം ആദ്യമാണ് കേന്ദ്ര ക്യാബിനറ്റ് എന്‍എല്‍എംസി രൂപീകരിക്കാന്‍ അനുമതി നല്‍കിയത്. അപ്രധാന ആസ്തികളുടെ (non-core asset) വില്‍പ്പനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വകുപ്പുകളുടെ ഉപദേശകരായും എന്‍എല്‍എംസി പ്രവര്‍ത്തിക്കും. പണസമാഹരണം സാധ്യമാവുന്ന ഇത്തരം ആസ്തികളുടെ പട്ടിക തയ്യാറാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.