

ജി.ഡി.പി വളര്‍ച്ചാനിരക്ക് നിലവിലെ ശരാശരിയായ 6 ശതമാനത്തില്‍ തന്നെ തുടരുകയും ആനുപാതികമായി യുവ ജനസംഖ്യ ഉയരാതിരിക്കുകയും ചെയ്താല്‍ 2047 (അമൃത്കാല്‍) ആയാലും ഇന്ത്യ വികസിത രാജ്യമാകാതെ താഴ്ന്ന ഇടത്തരം സമ്പദ്‌വ്യവസ്ഥയായി തുടരുമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍. കേന്ദ്ര സര്‍ക്കാര്‍ 2047 വരെയുള്ള കാലഘട്ടത്തെ 'അമൃത്കാല്‍' എന്നാണ് വിശേഷിപ്പിക്കുന്നത്.
വാര്‍ദ്ധക്യത്തിലേക്ക്
വേഗത്തിലുള്ള വളര്‍ച്ച ഇല്ലെങ്കില്‍ സമ്പന്നമാകുന്നതിന് മുമ്പ് രാജ്യം ജനസംഖ്യാടിസ്ഥാനത്തില്‍ വാര്‍ദ്ധക്യത്തിലേക്ക് പ്രവേശിക്കും. അതായത് ജനസംഖ്യയില്‍ യുവ ജനങ്ങളേക്കാളും കൂടുതല്‍ ആശ്രിതരായ വൃദ്ധജനങ്ങളുടെ എണ്ണം വര്‍ധിക്കുമെന്ന് രഘുറാം രാജന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് പാദങ്ങളിലായി ഇന്ത്യയിലെ ജി.ഡി.പി വളര്‍ച്ച 7.5 ശതമാനമാണ്. രാജ്യത്ത് തൊഴില്‍ പങ്കാളിത്തം വളരെ കുറവാണെന്നും സ്ത്രീ പങ്കാളിത്തത്തില്‍ ജി20 രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും താഴ്ന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ജി.ഡി.പി പ്രതിവര്‍ഷം ഏകദേശം 6 ശതമാനമാണ്. ഈ രീതിയയില്‍ മുന്നോട്ട് പോയാല്‍ ഓരോ 12 വര്‍ഷത്തിലും പ്രതിശീര്‍ഷ വരുമാനം ഇരട്ടിയാകും, അതായത് 24 വര്‍ഷത്തിനുള്ളില്‍ ഇത് നാലിരട്ടിയായി വര്‍ധിക്കും. ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം നിലവില്‍ വെറും 2,500 ഡോളറാണ്. 24 വര്‍ഷത്തിനുള്ളില്‍ ഓരോ വ്യക്തിക്കും ഇത് 10,000 ഡോളര്‍ മാത്രമാണാകുന്നത്. അതിനാല്‍ നിലവിലെ വികസന വേഗതയില്‍ പോയാൽ 2047ല്‍ ഇന്ത്യ സമ്പന്നരജ്യാമാകില്ല.
സേവന മേഖലയിലേക്ക്
ചില വികസിത രാജ്യങ്ങള്‍ സമ്പന്നരായതിന് ശേഷം മൂല്യ ശൃംഖല ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഉല്‍പ്പാദന മേഖലയില്‍ നിന്ന് സേവന മേഖലയിലേക്ക് മാറിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്പന്ന രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥ നോക്കുകയാണെങ്കില്‍ 70 ശതമാനം തൊഴിലാളികള്‍ സേവന വ്യവസായത്തിലും 20 ശതമാനം ഉല്‍പ്പാദനത്തിലും അഞ്ച് ശതമാനം വീതം നിര്‍മ്മാണത്തിലും കാര്‍ഷിക മേഖലയിലുമാണുള്ളതെന്നും രഘുറാം രാജന്‍ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine