

ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്നും നാളെയും. ഇളവുകളുടെ പെരുമഴ പ്രതീക്ഷിച്ചിരിപ്പാണ് രാജ്യമെമ്പാടുമുള്ള ഉപയോക്താക്കള്‍. കാറിനും മറ്റു വാഹനങ്ങള്‍ക്കും 10 ശതമാനം നികുതി കുറയുന്നതിനൊത്ത് അത്രത്തോളം തന്നെ വിലക്കുറവ് ഉണ്ടാകുമോ എന്ന ചോദ്യം എവിടെയും ഉയര്‍ന്നു കേള്‍ക്കാം. ഗാര്‍ഹിക ഉപകരണങ്ങള്‍ക്കു മുതല്‍ നിത്യോപയോഗ സാധനങ്ങള്‍ക്കു വരെ വിലകുറയുമെന്ന കണക്കു കൂട്ടല്‍ മറ്റൊരു വശത്ത്. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വരുമാനം ഇടിയുമെന്ന ആശങ്കയില്‍ കേരളം അടക്കം പല സംസ്ഥാനങ്ങള്‍. ഇത്രത്തോളം ആകാംക്ഷ സൃഷ്ടിച്ച ജി.എസ്.ടി കൗണ്‍സില്‍ യോഗം അടുത്ത കാലത്തെങ്ങും നടന്നിട്ടില്ല. അതിനിടയില്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം ഇതാ:
ഇന്ത്യയില്‍ ചരക്കു സേവന നികുതി സമ്പ്രദായമായ ജി.എസ്.ടിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്ന ഉന്നതാധികാര സമിതിയാണ് ജി.എസ്.ടി കൗണ്‍സില്‍. ഈ സമിതിയുടെ ചെയര്‍മാന്‍ കേന്ദ്ര ധനകാര്യ മന്ത്രിയാണ്. കേന്ദ്ര ധനകാര്യ സഹമന്ത്രി, എല്ലാ സംസ്ഥാനങ്ങളുടെയും ധനകാര്യ മന്ത്രിമാര്‍, ഡല്‍ഹി, പുതുച്ചേരി, ജമ്മുകശ്മീര്‍ പോലെ നിയമസഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ ധനകാര്യ മന്ത്രിമാര്‍ എന്നിവര്‍ അംഗങ്ങളാണ്. ഇതിനു പുറമെ സമിതിയില്‍ പ്രത്യേക ക്ഷണിതാക്കളുണ്ട്. ധനകാര്യ വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇവര്‍.
സമിതിക്ക് എല്ലായ്‌പോഴും സമവായത്തോടെ തീരുമാനമെടുക്കാന്‍ കഴിഞ്ഞെന്നു വരില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ വോട്ടെടുപ്പ് നടത്താം. പ്രത്യേക ക്ഷണിതാക്കളായ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വോട്ടവകാശമില്ല. മറ്റുള്ളവരുടെ കാര്യത്തില്‍ ഓരോ വോട്ടിനും വെയ്‌റ്റേജുണ്ട്. അത് ഇപ്രകാരമാണ്: ആകെ വോട്ടിന്റെ മൂന്നിലൊന്ന് കേന്ദ്രസര്‍ക്കാറിന്. എല്ലാ സംസ്ഥാന-കേന്ദ്രഭരണ പ്രദേശ പ്രതിനിധികള്‍ക്ക് എല്ലാവര്‍ക്കുമായി മൂന്നില്‍ രണ്ട് വോട്ടവകാശം.
ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഹാജരുള്ള അംഗങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തുമ്പോള്‍ വെയ്‌റ്റേജ് അടിസ്ഥാനത്തില്‍ 75 ശതമാനം വോട്ടു കിട്ടിയാലാണ് ഒരു ശിപാര്‍ശ തീരുമാനമായി മാറുന്നത്. ഫലത്തില്‍, കേന്ദ്രസര്‍ക്കാറിനോ സംസ്ഥാനങ്ങള്‍ക്കോ സ്വന്തനിലക്ക് ഏതെങ്കിലും തീരുമാനം അടിച്ചേല്‍പിക്കാന്‍ കഴിയില്ല. ഏതു നിര്‍ദേശവും കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും പൊതുവെ സ്വീകാര്യമായിരിക്കണം.
സങ്കീര്‍ണമായ വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര-സംസ്ഥാന പ്രതിനിധികള്‍ ഉള്‍പ്പെട്ട ഉപസമിതിയെ നിയോഗിച്ച് അഭിപ്രായ രൂപീകരണം നടത്തുന്ന രീതിയുണ്ട്. ഈ ഉപസമിതി മുന്നോട്ടു വെക്കുന്ന നിര്‍ദേശവും ജി.എസ്.ടി കൗണ്‍സിന്റെ തീരുമാന പ്രകാരം മാത്രമാണ് നടപ്പാക്കാന്‍ കഴിയുക.
Read DhanamOnline in English
Subscribe to Dhanam Magazine