ചെരുപ്പിനും റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കും ജി എസ് ടി വര്‍ധിപ്പിക്കുന്നു

പാദരക്ഷകള്‍ക്കും റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കുമുള്ള ചരക്കു സേവന നികുതി വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച ഫിറ്റ്‌മെന്റ് കമ്മിറ്റിയുടെ ശുപാര്‍ശ നാളെ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആയിരം രൂപയില്‍ താഴെ വിലയള്ള ചെരുപ്പുകള്‍ക്കും റെഡിമെയ്ഡ് തുണിത്തരങ്ങള്‍ക്കും നിലവിലുള്ള അഞ്ചു ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കാനാണ് ശുപാര്‍ശ. അതോടൊപ്പം മാന്‍മെയ്ഡ് ഫൈബര്‍, നൂല്‍ തുടങ്ങിയവയുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കാനും ശുപാര്‍ശ ചെയ്തു.

ഉല്‍പ്പന്നത്തേക്കാള്‍ കൂടുതല്‍ ജിഎസ്ടി അസംസ്‌കൃത വസ്തുക്കള്‍ക്ക് ഈടാക്കുന്ന സ്ഥിതിയില്‍ വിപരീത നികുതി ഘടനയെന്ന (inverted duty structre) പ്രശ്‌നം പരിഹരിക്കുക എന്നതാണ് ചെരുപ്പിന്റെയും റെഡിമെയ്ഡ് വസ്ത്രങ്ങളുടെയും ജിഎസ്ടി നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള കാരണം. അസംസ്‌കൃത വസ്തുക്കള്‍ക്ക് ഉയര്‍ന്ന നികുതിയും ഉല്‍പ്പന്നത്തിന് കുറഞ്ഞ നികുതിയും ആയതിനാല്‍ നികുതിദായകന് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് പ്രകാരം റീഫണ്ടിന് അവകാശമുണ്ട്. ഇത്തരത്തില്‍ വിപരീത നികുതി ഘടന ഉല്‍പ്പാദകര്‍ക്ക് വലിയ കാഷ് ഫ്‌ളോ പ്രശ്‌നം ഉണ്ടാക്കുന്നുവെന്നും സര്‍ക്കാരിന് റിഫണ്ട് എന്ന നിലയില്‍ വലിയ തുക നഷ്ടമാകുന്നുണ്ടെന്നുമാണ് കണ്ടെത്തല്‍. നിലവിലെ ഘടന പ്രകാരം ഇറക്കുമതി ചെയ്യുന്നവര്‍ക്കാണ് കൂടുതല്‍ മെച്ചമെന്നും ആഭ്യന്തര ഉല്‍പ്പാദകര്‍ക്ക് നേട്ടമില്ലെന്നുമാണ് വിലയിരുത്തല്‍.
1000 രൂപയ്ക്ക് താഴെ വില വരുന്ന പാദരക്ഷകള്‍ക്ക് അഞ്ചു ശതമാനം നികുതി ഈടാക്കുമ്പോള്‍ അവ നിര്‍മിക്കാന്‍ ആവശ്യമായ സോള്‍, പശ, കളര്‍ തുടങ്ങിയവയ്ക്ക് 18 ശതമാനമാണ് ജിഎസ്ടി. തുകല്‍, നോണ്‍ വോവന്‍ ഫാബ്രിക് എന്നിവയ്ക്ക് 12 ശതമാനവും.


Related Articles
Next Story
Videos
Share it