ജിഎസ്ടി രജിസ്‌ട്രേഷന്‍ ഇനി അത്ര എളുപ്പമാകില്ല; കര്‍ശന നിര്‍ദേശവുമായി നിയമ സമിതി

വ്യാജ ഇന്‍വോയ്‌സ് ഉണ്ടാക്കി ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് വഴി ജിഎസ്ടി തട്ടിപ്പ് നടത്തുന്നത് തടയാന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ കര്‍ശനമാക്കാന്‍ ജിഎസ്ടി കൗണ്‍സിലിനു കീഴിലുള്ള നിയമ സമിതി ശുപാര്‍ശ. പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ രജിസ്‌ട്രേഷന് സമാനമായ നടപടികള്‍ ഉണ്ടാകണമെന്നാണ് ലോ കമ്മിറ്റി നിര്‍ദ്ദേശിക്കുന്നത്. സമര്‍പ്പിക്കുന്ന രേഖകള്‍ പരിശോധിച്ച് ഓണ്‍ലൈന്‍ വഴി ലൈവ് ഫോട്ടോ എടുത്ത് ബയോമെട്രിക് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയാകണം ജിഎസ്ടി രജിസ്‌ട്രേഷന്‍ എന്നാണ് ശുപാര്‍ശ.

ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, ജിഎസ്ടി സേവാ കേന്ദ്രങ്ങള്‍ (ജിഎസ്‌കെ) എന്നിവിടങ്ങളിലൊക്കെ രജിസ്‌ട്രേഷനുള്ള സൗകര്യമൊരുക്കാനാവുമെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളെ പോലെ പ്രവര്‍ത്തിക്കാനും അതുവഴി ആവശ്യമായ പരിശോധനകള്‍ നടത്തി വ്യാജ രജിസ്‌ട്രേഷന്‍ തടയാനും ജിഎസ്‌കെ വഴി സാധിക്കുമെന്നാണ് കണക്കൂകൂട്ടല്‍.

രജിസ്‌ട്രേഷന് ആധാര്‍ ഇതര മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവര്‍ക്കും സാമ്പത്തിക ശേഷി വ്യക്തമാക്കുന്ന തരത്തില്‍ മതിയായ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കുമൊക്കെ പുതിയ നിയമം പ്രശ്‌നം സൃഷ്ടിക്കും. അത്തരം വ്യക്തികള്‍ ഇത്തരം കേന്ദ്രങ്ങളില്‍ നേരിട്ട് പോയി തിരിച്ചറിയല്‍ രേഖ നല്‍കേണ്ടി വരും. മാത്രമല്ല, വിശ്വാസയോഗ്യരായ രണ്ട് നികുതിദായകരുടെ ശുപാര്‍ശയും നല്‍കേണ്ടി വരും.

പുതിയ രജിസ്‌ട്രേഷന്‍ നടത്തുന്നവരില്‍ അവര്‍ നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ വിശ്വസിക്കാവുന്നവരും വിശ്വസിക്കാനാവാത്തവരും എന്നീ വിഭാഗങ്ങളുണ്ടാകും. വിശ്വസിക്കാവുന്ന വിഭാഗത്തില്‍പെടുന്നവര്‍ക്ക് ഏഴ് പ്രവൃത്തി ദിനങ്ങള്‍ക്കുള്ളില്‍ രജിസ്‌ട്രേഷന്‍ ലഭ്യമാകും. മറു വിഭാഗത്തില്‍ പെടുന്നവര്‍ക്ക് രണ്ടു മാസത്തിനുള്ളില്‍ ഉപാധികളോടെയാകും രജിസ്‌ട്രേഷന്‍ അനുവദിക്കുക. ഫിസിക്കല്‍ വേരിഫിക്കേഷന് ശേഷം മാത്രമായിരിക്കും രജിസ്‌ട്രേഷന്‍ അനുവദിക്കുക.

നിയമ സമിതിയുടെ ശുപാര്‍ശകള്‍ പ്രാവര്‍ത്തികമാകുന്നതിനു മുമ്പ് ജിഎസ്ടി കൗണ്‍സില്‍ അംഗീകരിക്കേണ്ടതുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it