തുടര്‍ച്ചയായ അഞ്ചാം മാസവും 1.3 ലക്ഷം കോടി പിന്നിട്ട് ജിഎസ്ടി വരുമാനം

ഫെബ്രുവരിയിലെ ചരക്കു സേവന നികുതി വരുമാനത്തില്‍ 18 ശതമാനം വര്‍ധന. ഇതോടെ തുടര്‍ച്ചയായ അഞ്ചാം മാസവും വരുമാനം 1.3 ലക്ഷം കോടി രൂപ കടന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയേക്കാള്‍ 18 ശതമാനം വര്‍ധനയാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നതെന്ന് ധനകാര്യ മന്ത്രാലയം പുറത്തു വിട്ട രേഖകള്‍ കാട്ടുന്നു.

2023 സാമ്പത്തിക വര്‍ഷം ശരാശരി 1.25 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ കണക്കാക്കുന്ന ജിഎസ്ടി വരുമാനം. ജനുവരിയില്‍ 1.4 ലക്ഷം കോടിയെന്ന റെക്കോര്‍ഡ് വരുമാനം നേടിയിരുന്നെങ്കിലും പിന്നീട് ഒമിക്രോണ്‍ തരംഗത്തെ തുടര്‍ന്ന് ഉണ്ടായ പ്രാദേശിക ലോക്ക് ഡൗണ്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഫെബ്രുവരിയിലെ വരുമാനത്തില്‍ ഇടിവ് വരുത്തി. എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജിഎസ്ടി വരുമാനം ബജറ്റ് ലക്ഷ്യം മറികടക്കുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.
1,33,026 കോടി രൂപയാണ് ഫെബ്രുവരിയിലെ ജിഎസ്ടി വരുമാനം. ഇതില്‍ 24435 കോടി രൂപ സിജിഎസ്ടിയും 30779 കോടി രൂപ എസ്ജിഎസ്ടിയും 67471 കോടി രൂപ ഐജിഎസ്ടിയും 10340 കോടി രൂപ സെസുമാണ്.
കൊറോണയെ തുടര്‍ന്ന് രാജ്യത്ത് ആദ്യമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പുള്ള 2020 ഫെബ്രുവരിയില്‍ ലഭിച്ച ജിഎസ്ടി വരുമാനത്തേക്കാള്‍ 26 ശതമാനം അധികമാണ് ഇത്തവണത്തെ വരുമാനം എന്നതും ശ്രദ്ധേയമാണ്.


Related Articles
Next Story
Videos
Share it