വെട്ടിപ്പ് കണ്ടാല്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ ഉടനടി റദ്ദാക്കും; ശ്രദ്ധിച്ചില്ലെങ്കില്‍ വ്യാപാരികള്‍ക്ക് തിരിച്ചടി

ജിഎസ്ടി റിട്ടേണില്‍ ക്രമക്കേട് കണ്ടെത്തുകയോ നികുതി വെട്ടിപ്പ് നടന്നതായി തെളിയുകയോ ചെയ്താല്‍ ജി എസ് ടി ഓഫീസര്‍മാര്‍ ഉടനടി ജിഎസ്ടി രജിസ്‌ട്രേഷന്‍ റദ്ദാക്കും. ഇതു സംബന്ധിച്ച് നോട്ടീസ് നല്‍കല്‍ പോലുള്ള നടപടിക്രമങ്ങള്‍ ഇനിയുണ്ടാകില്ല.

രാജ്യത്തെ ജി എസ് ടി സമാഹരണം കാര്യക്ഷമമവും കുറ്റമറ്റതുമാക്കുന്നതിന്റെ ഭാഗമായി നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ്. ''ജി എസ് ടി വരുമാനം ഗണ്യമായ തോതില്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം സര്‍ക്കാരിനുണ്ട്. നികുതി വെട്ടിപ്പ് തടയാന്‍ സാധ്യമായ എല്ലാ നടപടികളും നിയമാനുസൃതമായി തന്നെ വകുപ്പ് സ്വീകരിക്കും. ബിസിനസുകാര്‍ ശ്രദ്ധിച്ച് കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ വലിയ തിരിച്ചടിയാകും,'' ജി എസ് ടി വിദഗ്ധന്‍ അഡ്വ. കെ എസ് ഹരിഹരന്‍ ചൂണ്ടിക്കാട്ടുന്നു.
ജി എസ് ടി വകുപ്പിന്റെ കണ്ണ് വെട്ടിക്കാന്‍ നോക്കണ്ട

കേരളത്തില്‍ അടക്കം ജി എസ് ടി നികുതി വെട്ടിപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ''രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ടാല്‍ ഇ വെ ബില്‍ എടുക്കാന്‍ സാധിക്കില്ല. അതോടെ 50,000 രൂപയില്‍ കൂടുതല്‍ വിലയുടെ ചരക്ക് കൈമാറ്റം നടക്കില്ല. ഇന്‍പുട്ട് ടാക്‌സ് എടുക്കാന്‍ നിയമതടസ്സം നേരിടും. ജി എസ് ടി നമ്പര്‍ റദ്ദാക്കപ്പെട്ടാല്‍ സാങ്കേതികമായി ബിസിനസ് നടത്തിപ്പ് തന്നെ ബുദ്ധിമുട്ടിലാകും,'' അഡ്വ. ഹരിഹരന്‍ ചൂണ്ടിക്കാട്ടുന്നു.

ചരക്ക് കൈമാറ്റം നടന്നില്ലെന്ന് റിട്ടേണില്‍ തെറ്റായി രേഖപ്പെടുത്തിയാലും നികുതി കുറച്ച് കാണിച്ചാലും റിട്ടേണ്‍ ഫയല്‍ ചെയ്താതിരുന്നാലുമെല്ലാം ഗുരുതരമായ ക്രമക്കേടായി പരിഗണിച്ച് ജി എസ് ടി രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടും. അനധികൃതമായി ചരക്ക് സൂക്ഷിച്ചാല്‍, ചരക്ക് എവിടെയാണോ അവിടം പരിശോധിക്കാനും ഗോഡൗണും വാഹനവുമൊക്കെ കണ്ടുകെട്ടാനും ഓഫീസര്‍മാര്‍ക്ക അധികാരമുണ്ട്.

''ചരക്ക് പരിശോധനയ്ക്കും റെയ്ഡിനുമെല്ലാം ഒരു ജോയ്ന്റ് കമ്മീഷണറുടെ അനുമതിയാണ് വേണ്ടത്. ഒരു വര്‍ഷം മുമ്പ് വരെ കേരളത്തില്‍ സ്റ്റേറ്റ് ജി എസ് ടി വകുപ്പിന് കീഴില്‍ മൂന്നോളം ജോയ്ന്റ് കമ്മിഷണര്‍മാരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലടക്കം 15 ലേറെ ജോയ്ന്റ് കമ്മിഷണര്‍മാരുണ്ട്. അതുകൊണ്ട് അനധികൃത ചരക്ക് പരിശോധനയ്ക്കും റെയ്ഡിനുമെല്ലാമുള്ള അനുമതികള്‍ കാലതാമസമില്ലാതെ ഓഫീസര്‍മാര്‍ക്ക് ലഭിക്കാനുള്ള സാഹചര്യമുണ്ട്. ജി എസ് ടി നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്ന സാഹചര്യം ബിസിനസുകാര്‍ ഗൗരവത്തോടെ കാണണം,'' അഡ്വ. കെ എസ് ഹരിഹരന്‍ മുന്നറിയിപ്പ് നല്‍കുന്നു.

റദ്ദാക്കപ്പെട്ടാല്‍ എന്ത് ചെയ്യണം?

നികുതി വെട്ടിപ്പ് നടത്തിയതിന്റെ പേരിലാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടുന്നതെങ്കില്‍ 30 ദിവസത്തിനുള്ളില്‍ ജി എസ് ടി നെറ്റ് വര്‍ക്ക് പോര്‍ട്ടല്‍ വഴി തന്നെ ബിസിനസുകാര്‍ക്ക് മറുപടി നല്‍കാം.

പ്രതിമാസ, ത്രൈമാസ റിട്ടേണുകള്‍ കൃത്യസമയത്ത് ഫയല്‍ ചെയ്യാത്തതുകൊണ്ടാണെങ്കില്‍ പലിശയും പിഴപ്പലിശയും അടക്കം റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ മാത്രമേ പിന്നീടുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാന്‍ സാധിക്കൂ.


Related Articles
Next Story
Videos
Share it