ഡിസംബറില്‍ ജിഎസ്ടി വരുമാനം 1,15,174 കോടി രൂപയായി

പുതിയ നികുതി പരിഷ്‌കാരത്തിന് ശേഷമുള്ള എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിതെന്ന് ധനമന്ത്രാലയം

മൊത്തം ജിഎസ്ടി വരുമാനം 1,15,174 കോടി രൂപയായി ഉയര്‍ന്നതായ കേന്ദ്ര ധന മന്ത്രാലയം. പുതിയ നികുതി പരിഷ്‌കാരത്തിന് ശേഷമുള്ള എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിതെന്ന് ധനമന്ത്രാലയം ഡിസംബറിലെ കണക്കിന്റെ അടിസ്ഥാനത്തില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ജിഎസ്ടി വരുമാനത്തില്‍ 12 ശതമാനം ആണ് വര്‍ധന.

രാജ്യത്തിന്റെ വ്യവസായ മേഖലയിലെ വീണ്ടെടുക്കല്‍ പ്രവണതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് ധനമന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഡിസംബറിലെ 1,15,174 കോടി ജിഎസ്ടി വരുമാനത്തില്‍ സിജിഎസ്ടി 21,365 കോടി രൂപയും എസ്ജിഎസ്ടി 27,804 കോടി രൂപയുമാണ്.
2020 ഡിസംബറിലെ ജിഎസ്ടി വരുമാനം ജിഎസ്ടി നിലവില്‍ വന്നതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ആദ്യമായാണ് ജിഎസ്ടി വരുമാനം 1.15 ലക്ഷം കോടി കടക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ തുടര്‍ച്ചയായ മൂന്നാം മാസമാണ് ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിയിലധികം എത്തുന്നത്.
2020 ഡിസംബറിലെ വരുമാനം കഴിഞ്ഞ മാസത്തെ 1,04.963 കോടി രൂപയേക്കാള്‍ വളരെ കൂടുതലാണ്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ജിഎസ്ടി ശേഖരം 2019 ഏപ്രില്‍ മാസത്തിലെ 1,13,866 കോടി രൂപയായിരുന്നു.
രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള സാമ്പത്തിക വീണ്ടെടുക്കലിന് വ്യാജ ബില്ലുകള്‍ക്കെതിരായി നടപ്പിലാക്കിയ രാജ്യവ്യാപക നീക്കങ്ങളും അടുത്തിടെ അവതരിപ്പിച്ച നിരവധി വ്യവസ്ഥാപരമായ മാറ്റങ്ങളും കാരണമാണെന്നും ധനമന്ത്രാലയം വ്യക്തമാക്കി. 2020 ഡിസംബര്‍ 31 വരെ ജിഎസ്ടിആര്‍ -3 ബി റിട്ടേണ്‍സിന്റെ എണ്ണം 87 ലക്ഷമാണെന്നും ധനമന്ത്രാലയം അറിയിച്ചു.


Related Articles
Next Story
Videos
Share it