Begin typing your search above and press return to search.
ഗ്യാസ് വിലകുറച്ച് മോദിയുടെ വനിതാദിന സമ്മാനം! കേരളത്തിലെ പുതിയവില ഇങ്ങനെ; ഉജ്വല സബ്‌സിഡിയില്‍ 3 ലക്ഷത്തിലേറെ പേര്‍ക്കും നേട്ടം
ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില വനിതാദിന 'സമ്മാന'മെന്നോണം 100 രൂപ കുറച്ചുവെന്നാണ് ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചത്. രാജ്യത്തെ കോടിക്കണക്കിന് കുടുംബങ്ങളുടെയും വനിതകളുടെയും സാമ്പത്തികഭാരം കുറയ്ക്കാന്‍ ഈ നടപടി സഹായിക്കുമെന്ന് മോദി പറഞ്ഞു.
മാത്രമല്ല, വനിതാശക്തീകരണത്തിനും വനിതകളുടെ ജീവിതാന്തരീക്ഷം ആരോഗ്യപ്രദമാക്കാനും ഈ വിലയിളവ് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഏറെമാസങ്ങളായി പരിഷ്‌കരിക്കാതിരുന്ന ഗാര്‍ഹിക സിലിണ്ടര്‍ വിലയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ന് കുറച്ചത്. എന്നാല്‍, കഴിഞ്ഞമാസങ്ങളില്‍ പലതവണ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടര്‍ (19 കിലോഗ്രാം) വിലയില്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ മാറ്റം വരുത്തിയിരുന്നു. ഈ മാസം ഒന്നിനും വാണിജ്യ സിലിണ്ടര്‍ വില 25.50 രൂപ വര്‍ധിപ്പിച്ചിരുന്നു.
ഉജ്വല സബ്‌സ്ഡിയും നീട്ടി; മോദിയുടെ ലക്ഷ്യം വോട്ടോ?
രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ഇപ്പോള്‍ ഗാര്‍ഹിക സിലിണ്ടര്‍ വില കുറച്ചതെന്നതും ശ്രദ്ധേയമാണ്. ഇതിന് പുറമേ ഉജ്വല യോജന പ്രകാരം ഗ്യാസ് കണക്ഷന്‍ നേടിയവര്‍ക്ക് നല്‍കുന്ന സിലിണ്ടറൊന്നിന് 300 രൂപ വീതമുള്ള സബ്‌സിഡി 2025 മാര്‍ച്ച് 31 വരെ നീട്ടാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. രാജ്യത്തെ 10.25 കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുവഴി 12,000 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിനുണ്ടാവുക. നടപ്പുവര്‍ഷം ഉജ്വല സബ്‌സിഡിക്കായി ഏതാണ്ട് 11,000 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്.
കേരളത്തിലെ പുതിയവില
നിലവില്‍ വീട്ടാവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറിന് (14.2 കിലോഗ്രാം) കൊച്ചിയില്‍ 910 രൂപയാണ് വില. 100 രൂപ കുറയുന്നതോടെ വില 810 രൂപയാകും. കോഴിക്കോട്ടെ വില 911.5 രൂപയില്‍ നിന്ന് 811.5 രൂപയായും തിരുവനന്തപുരത്തെ വില 912 രൂപയില്‍ നിന്ന് 812 രൂപയായും കുറയും.
വാണിജ്യ സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത് 1,827.5 രൂപ. കൊച്ചിയില്‍ 1,806.5 രൂപയും കോഴിക്കോട്ട് 1,839 രൂപയുമാണ് വില.
ഉജ്വല യോജനയും കേരളവും
പാചകത്തിന് വിറകടുപ്പുകളെയും മറ്റും ആശ്രയിക്കുന്ന പാവപ്പെട്ട കുടുംബങ്ങളുടെ ക്ഷേമവും ആരോഗ്യവും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് 2016 മേയിലാണ് കേന്ദ്രസര്‍ക്കാര്‍ ഉജ്വല യോജന പദ്ധതിക്ക് തുടക്കമിട്ടത്. ഇവര്‍ക്ക് സൗജന്യമായി എല്‍.പി.ജി കണക്ഷനും സാമഗ്രികളും ലഭ്യമാക്കുകയാണ് ചെയ്യുന്നത്. സിലിണ്ടര്‍ ഇവര്‍ വിപണിവില കൊടുത്തുതന്നെ വാങ്ങണം. അതേസമയം, സബ്‌സിഡി നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ കേന്ദ്രം ലഭ്യമാക്കുകയും ചെയ്യും.
സിലിണ്ടറൊന്നിന് 200 രൂപയായിരുന്ന സബ്‌സിഡി കഴിഞ്ഞ ഒക്ടോബറിലാണ് കേന്ദ്രം 300 രൂപയാക്കി ഉയര്‍ത്തിയത്. നടപ്പുവര്‍ഷം (2023-24) മാര്‍ച്ച് 31 വരെയായിരുന്നു സബ്‌സിഡി പദ്ധതി പ്രഖ്യാപിച്ചത്. ഇതാണ് ഇപ്പോള്‍ 2024-25 മാര്‍ച്ച് 31 വരെ നീട്ടിയത്.
കഴിഞ്ഞവര്‍ഷത്തെ കണക്കുപ്രകാരം കേരളത്തില്‍ ആകെ 1.07 കോടി എല്‍.പി.ജി ഉപയോക്താക്കളുണ്ട്. ഇതില്‍ 94 ലക്ഷം പേര്‍ സജീവ ഉപയോക്താക്കളാണ്. 3.41 ലക്ഷം പേരാണ് ഉജ്വല പദ്ധതിയില്‍ സംസ്ഥാനത്തുള്ളത്. ഇവര്‍ക്കാണ് 300 രൂപ വീതം സിലിണ്ടറിന് സബ്‌സിഡി ലഭിക്കുക.
അതായത്, നിലവില്‍ സിലിണ്ടറിന് പുതുക്കിയ വില കൊച്ചിയില്‍ 810 രൂപയാണ്. സിലിണ്ടര്‍ വാങ്ങുമ്പോള്‍ ഉജ്വല യോജനക്കാരും ഇതേ വില മുടക്കണം. പിന്നീട് 300 രൂപ ബാങ്ക് അക്കൗണ്ടില്‍ സബ്‌സിഡിയായി ലഭിക്കും. ഫലത്തില്‍, സിലിണ്ടറൊന്നിന് 510 രൂപയേ ഇവര്‍ക്ക് ചെലവ് വരുന്നുള്ളൂ.
Next Story
Videos