ഒളിച്ചുവച്ചിരിക്കുന്നത് ₹445 ലക്ഷം കോടിയുടെ സ്വര്‍ണം; ഇന്ത്യന്‍ വീടുകള്‍ ഉറങ്ങുന്നത് ജിഡിപിയേക്കാള്‍ വലിയ സമ്പാദ്യവുമായി!

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഇന്ത്യന്‍ വീടുകളിലെ സ്വര്‍ണശേഖരത്തിന്റെ മൂല്യം ഏകദേശം ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്
Gold reserve in household
Created with gemini Ai
Published on

സ്വര്‍ണത്തോടുള്ള ഇന്ത്യക്കാരുടെ പ്രിയം ലോകപ്രസിദ്ധമാണ്. എന്നാല്‍ ഈ സമ്പാദ്യം ഇപ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെപ്പോലും അതിശയിപ്പിക്കുന്ന വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. കോട്ടക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇക്വിറ്റീസ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യന്‍ വീടുകളിലെ സ്വര്‍ണശേഖരത്തിന്റെ മൂല്യം 445 ലക്ഷം കോടി രൂപയായി.

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഇന്ത്യന്‍ വീടുകളിലെ സ്വര്‍ണശേഖരത്തിന്റെ മൂല്യം ഏകദേശം ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. 2025 മാര്‍ച്ചില്‍ 263 ലക്ഷം കോടിയായിരുന്നത് 2026 ജനുവരിയായപ്പോഴേക്കും 445 ലക്ഷം കോടിയായി ഉയര്‍ന്നു. ഇത് കുടുംബങ്ങളുടെ ആകെ ബാങ്ക് നിക്ഷേപങ്ങളുടെയും ഓഹരി സമ്പാദ്യത്തിന്റെയും മൊത്തം മൂല്യത്തിന്റെ 175 ശതമാനത്തോളം വരും.

ഇന്ത്യയിലെ ആകെ സ്വര്‍ണശേഖരത്തിന്റെ 70 ശതമാനത്തോളവും കൈവശം വെച്ചിരിക്കുന്നത് പ്രതിവര്‍ഷം 5 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള കുടുംബങ്ങളാണെന്നതാണ് കൗതുകകരമായ കാര്യം. കേവലം സ്വര്‍ണവില വര്‍ധിച്ചത് കൊണ്ട് മാത്രം ഇത്തരം സാധാരണ കുടുംബങ്ങള്‍ ചെലവഴിക്കല്‍ രീതിയിലോ സമ്പാദ്യ ശീലത്തിലോ മാറ്റം വരുത്താന്‍ സാധ്യയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

അഞ്ച് വര്‍ഷത്തിനിടെ നാല് മടങ്ങ് വര്‍ധന

2019 മാര്‍ച്ചില്‍ 109 ലക്ഷം കോടി രൂപയായിരുന്ന സ്വര്‍ണശേഖരത്തിന്റെ മൂല്യമാണ് വെറും അഞ്ച് വര്‍ഷത്തിനിപ്പുറം 445 ലക്ഷം കോടി രൂപയായി വര്‍ധിച്ചത്. സ്വര്‍ണവിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ഈ മൂല്യവര്‍ധനവിന് പ്രധാന കാരണം. ജനുവരി വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ആകെ ഓഹരി വിപണി മൂല്യത്തിന് (Market Cap) തൊട്ടടുത്താണ് ഈ സ്വര്‍ണസമ്പാദ്യത്തിന്റെ സ്ഥാനം. 460 ലക്ഷം കോടിയ്ക്കടുത്താണ് ഇന്ത്യന്‍ ഓഹരി വിപണിയുടെ വിപണി മൂല്യം.

സമ്പാദ്യം മാറ്റിമറിക്കുന്ന ഇന്ത്യക്കാര്‍

ബാങ്ക് നിക്ഷേപങ്ങള്‍ക്കും ഓഹരികള്‍ക്കും നല്‍കുന്നതിനേക്കാള്‍ മുന്‍ഗണന ഇന്ത്യക്കാര്‍ സ്വര്‍ണത്തിന് നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. വീടുകളുടെ വസ്തുവകകള്‍ ഒഴികെയുള്ള ആകെ സമ്പാദ്യത്തിന്റെ 65 ശതമാനവും സ്വര്‍ണരൂപത്തിലാണ്.

ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരത്തെ (Forex Reserve) ബാധിക്കാനിടയുണ്ടെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യയിലേക്ക് സ്വര്‍ണം വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നത് മൂലം വിദേശനാണ്യം പുറത്തേക്ക് ഒഴുകുന്നത് സമ്പദ്വ്യവസ്ഥയ്ക്ക് വെല്ലുവിളിയാണ്. കൂടാതെ, പണം ബാങ്ക് നിക്ഷേപങ്ങളില്‍ എത്തുന്നതിന് പകരം ചലനമില്ലാത്ത ഭൗതിക ആസ്തിയായി (Physical Asset) മാറുന്നത് പണലഭ്യത കുറയ്ക്കാനും കാരണമാകുന്നു.

ഇന്ത്യന്‍ വീടുകളിലെ 80 ശതമാനത്തോളം സ്വര്‍ണവും ആഭരണങ്ങളായാണ് സൂക്ഷിച്ചിരിക്കുന്നത്. സാമ്പത്തികമായി ഇതൊരു സുരക്ഷിത നിക്ഷേപമാണെങ്കിലും, വിപണിയില്‍ ഉല്‍പ്പാദനപരമായ കാര്യങ്ങള്‍ക്ക് ഈ മൂല്യം ഉപയോഗിക്കപ്പെടുന്നില്ല എന്നും കോട്ടക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com