ഹിന്‍ഡന്‍ബര്‍ഗിന്റെ 'അടി'യില്‍ ഗൗതം അദാനിക്ക് നഷ്ടം ₹4.94 ലക്ഷം കോടി!

2023ല്‍ ലോകത്ത് ഏറ്റവുമധികം ആസ്തി നഷ്ടം നേരിട്ട ശതകോടീശ്വരന്‍ ഗൗതം അദാനി

അമേരിക്കന്‍ നിക്ഷേപ-ഗവേഷണസ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണ ശരങ്ങള്‍ അദാനി ഗ്രൂപ്പ് ഓഹരികളിന്മേല്‍ ഏല്‍പ്പിച്ച ആഘാതം ചെയര്‍മാന്‍ ഗൗതം അദാനിയുടെ ആസ്തിയിലും വന്‍ തകര്‍ച്ചയ്ക്ക് കളമൊരുക്കിയെന്ന് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട്.

2023ല്‍ ഇതുവരെ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ ആസ്തിയിലുണ്ടായ ഇടിവ് 6,020 കോടി ഡോളറാണ്; ഏകദേശം 4.94 ലക്ഷം കോടി രൂപ! ലോകത്ത് ഇക്കാലയളവില്‍ ഏറ്റവുമധികം ആസ്തി നഷ്ടം നേരിട്ട ശതകോടീശ്വരനും ഗൗതം അദാനിയാണ്.
അദാനി ഗ്രൂപ്പ് കൃത്രിമമായി ഓഹരിവില പെരുപ്പിച്ച് കാട്ടിയെന്നും ആ ഓഹരികള്‍ ഈടുവാച്ച് വായ്പ എടുത്തെന്നും കടലാസ് കമ്പനികളിലേക്ക് പണംതിരിമറി നടത്തിയെന്നും ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് ഈ വര്‍ഷാദ്യം ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചത്. തൊട്ടുപിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികളുടെ വില തകര്‍ന്നടിയുകയായിരുന്നു. ഇതാണ്, അദാനിയുടെ ആസ്തിയിലും ഇടിവുണ്ടാകാന്‍ ഇടവരുത്തിയത്.
അദാനിയുടെ വീഴ്ച; അംബാനിയുടെ മുന്നേറ്റം
കഴിഞ്ഞ ജനുവരി അവസാന വാരമാണ് ഹിന്‍ഡന്‍ബര്‍ഗ് അദാനിക്കുമേല്‍ ആരോപണമുന്നയിച്ചത്. ജനുവരി 27ന് മാത്രം ഗൗതം അദാനിയുടെ ആസ്തിയില്‍ നിന്ന് 2,080 കോടി ഡോളര്‍ (1.70 ലക്ഷം കോടി രൂപ) കൊഴിഞ്ഞെന്ന് ബ്ലൂംബെര്‍ഗ് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയില്‍ 21-ാമനായ അദ്ദേഹത്തിന്റെ ആകെ ആസ്തി 6,030 കോടി ഡോളറാണ് (4.95 ലക്ഷം കോടി രൂപ).
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 13-ാം സ്ഥാനത്തുണ്ട്; ആസ്തി 9,060 കോടി ഡോളര്‍ (7.42 ലക്ഷം കോടി രൂപ). മുകേഷിന്റെ ആസ്തിയില്‍ ഈ വര്‍ഷം 3,400 കോടി ഡോളറോളം (2.78 ലക്ഷം കോടി രൂപ) വര്‍ധനയുണ്ടായിട്ടുണ്ട്.
കുതിച്ച് മസ്‌കും സക്കര്‍ബര്‍ഗും ബെസോസും
ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്‌ല, ട്വിറ്റര്‍, സ്‌പേസ് എക്‌സ് എന്നിവയുടെ മേധാവിയുമായ എലോണ്‍ മസ്‌കിന്റെ ആസ്തിയാണ് ഈ വര്‍ഷം ഏറ്റവുമധികം ഉയര്‍ന്നത്. ജനുവരി മുതല്‍ ഇതുവരെ അദ്ദേഹത്തിന്റെ ആസ്തി 9,660 കോടി ഡോളര്‍ ഉയര്‍ന്നു (ഏകദേശം 7.92 ലക്ഷം കോടി രൂപ). 24,700 കോടി ഡോളറാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ മൊത്തം ആസ്തി (20.05 ലക്ഷം കോടി രൂപ).
ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്തി 5,890 കോടി ഡോളറും (4.82 ലക്ഷം കോടി രൂപ) ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ആസ്തി 4,740 കോടി ഡോളറും (3.88 ലക്ഷം കോടി രൂപ) മുന്നേറി.
ലോകത്ത് മൂന്നാമത്തെ വലിയ സമ്പന്നനായ ബെസോസിന്റെ ആസ്തി ഇപ്പോള്‍ 15,500 കോടി ഡോളറാണ് (12.71 ലക്ഷം കോടി രൂപ). 9-ാം സ്ഥാനത്തുള്ള സക്കര്‍ബര്‍ഗിന്റെ ആസ്തി 10,400 കോടി ഡോളറും (8.52 ലക്ഷം കോടി രൂപ).
ഫ്രഞ്ച് ശതകോടീശ്വരന്‍ ബെര്‍ണാഡ് അര്‍ണോയാണ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നന്‍. അദ്ദേഹത്തിന്റെ ആസ്തി ഈവര്‍ഷം ഇതിനകം 3,820 കോടി ഡോളര്‍ (3.13 ലക്ഷം കോടി രൂപ) ഉയര്‍ന്ന് 19,900 കോടി ഡോളറായി (16.31 ലക്ഷം കോടി രൂപ).
Related Articles
Next Story
Videos
Share it