ഉത്സവ സീസണ്‍ നവംബറില്‍ തൊഴിലുകള്‍ കൂട്ടി
ഉത്സവ സീസണ്‍ സജീവമായതിനെ തുടര്‍ന്ന് നവംബറില്‍ ചില ബ്ലൂ കോളര്‍ തൊഴിലവസരങ്ങളില്‍ 35 ശതമാനം വരെ വര്‍ധന രാജ്യത്ത് രേഖപ്പെടുത്തിയതായി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വര്‍ധിച്ച ആവശ്യത്തെത്തുടര്‍ന്ന് റീട്ടെയില്‍ സെയില്‍സ് അസോസിയേറ്റുകളുടെ എണ്ണത്തില്‍ 35 ശതമാനം വര്‍ധന
ഉണ്ടായതായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്സ് പത്രം റിപ്പോര്‍ട്ട് ചെയ്തു. കോവിഡിന് ശേഷം അടച്ചിട്ട പല കടകളും ഉത്സവ സീസണിലെ ആവശ്യത്തെത്തുടര്‍ന്ന് തുറന്നതിലാണ് ഈ വര്‍ധനവ് ഉണ്ടായതെന്ന് കരുതുന്നു.
ഉപഭോക്താക്കളെ അഭിവാദ്യം ചെയ്യുക, സഹായങ്ങളും നിര്‍ദ്ദേശങ്ങളും വാഗ്ദാനം ചെയ്യുക, അഭിപ്രായങ്ങള്‍ നല്‍കുക, ഉല്‍പ്പന്ന വിവരങ്ങള്‍ നല്‍കുക തുടങ്ങിയവയാണ് ഈ ജീവനക്കാരുടെ ജോലികള്‍.
വില്‍പ്പനക്കാര്‍, തയ്യല്‍ മെഷീന്‍ ഓപ്പറേറ്റര്‍മാര്‍, ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ എന്നിവര്‍ക്കും നല്ല ഡിമാന്‍ഡ് ഉണ്ട്. ഉപഭോക്താക്കള്‍ ഇപ്പോള്‍ ഓണ്‍ലൈനിലും ഓഫ്‌ലൈനിലും കൂടുതല്‍ തവണ ഷോപ്പിംഗ് നടത്തുന്നതിനാല്‍, തയ്യല്‍ മെഷീന്‍ ഓപ്പറേറ്റര്‍മാരുടെ ആവശ്യം നവംബറില്‍ 16 ശതമാനം ഉയര്‍ന്നു.
കൊറിയര്‍ ഡെലിവറി എക്‌സിക്യൂട്ടിവുകള്‍, മേസണ്‍മാര്‍, നിരായുധരായ സെക്യൂരിറ്റി ഗാര്‍ഡുകള്‍, സെയില്‍സ് എക്‌സിക്യൂട്ടീവുകള്‍, കോള്‍ സെന്ററുകളിലെ കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവുകള്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റുമാര്‍ എന്നിവരുടെ തൊഴില്‍ അവസരങ്ങളും വര്‍ധിച്ചിട്ടുണ്ട്.
രാജ്യത്തുടനീളം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചതോടെ, നിര്‍മ്മാണമേഖലയില്‍ മേസണ്‍, ഇലക്ട്രീഷ്യന്‍, ബാര്‍ ബെന്‍ഡര്‍മാര്‍ എന്നിവരുടെ അവസരങ്ങളില്‍ ഗണ്യമായ വര്‍ധനയുണ്ടായി.
അസംബ്ലര്‍മാര്‍, ലൈന്‍ ഓപ്പറേറ്റര്‍മാര്‍, അസംബ്ലി ലൈന്‍ സൂപ്പര്‍വൈസര്‍മാര്‍ എന്നിവരുടെ ആവശ്യകതയും കഴിഞ്ഞ കുറച്ച് മാസങ്ങളായി വര്‍ദ്ധിച്ചു.
ബ്ലൂ കോളര്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജുമെന്റിനായുള്ള സാങ്കേതിക പ്ലാറ്റ്‌ഫോം ബെറ്റര്‍പ്ലെയ്‌സ് റിപ്പോര്‍ട്ട് അനുസരിച്ചു ഈ വര്‍ധിച്ച ഡിമാന്‍ഡ് വരും മാസങ്ങളിലും തുടരും. ഇവയില്‍ ചിലത് പെന്റ്റ്അപ്പ് ഡിമാന്‍ഡ് നിറവേറ്റുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതായും ചിലത് ചാക്രികമാണെന്നും ബെറ്റര്‍പ്ലേസ് സഹസ്ഥാപകനും സിഇഒയുമായ പ്രവീണ്‍ അഗര്‍വാല പറഞ്ഞു.
ഡെലിവറി, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ മേഖലകള്‍ കോവിഡിന് മുമ്പുള്ള നിലവാരത്തെ മറികടക്കുമെന്നും സ്ഥിതിവിവരക്കണക്കുകള്‍ അടിസ്ഥാനമാക്കി ബെറ്റര്‍പ്ലേസ് പറയുന്നു.
പുതിയ ബ്ലൂ കോളര്‍ തൊഴില്‍ അവസരങ്ങളില്‍ മൂന്നിലൊന്ന് തെക്കന്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരം തിരിച്ചുള്ള കണക്കില്‍ 58,000 പുതിയ ജോലികളുമായി ബെംഗളൂരുവാണു മുന്നില്‍. ഹൈദരാബാദ്, ന്യൂഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങള്‍ തൊട്ടു പിന്നിലായി ഉണ്ട്.