വന്‍ ശക്തികള്‍ നേതൃത്വം നല്‍കുന്ന ജി20; അറിയേണ്ട ചരിത്രം

ഡിസംബറില്‍ ഒന്നിന് ജി20 എന്ന അന്താരാഷ്ട്ര സംഘടനയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയാണ് ഇന്ത്യ. 2022 ഡിസംബര്‍ മുതല്‍ അടുത്ത വര്‍ഷം 2023 നവംബര്‍ വരെയാണ് ജി20യുടെ അധ്യക്ഷസ്ഥാനം ഇന്ത്യ വഹിക്കുന്നത്. ഇന്ത്യ ജി20യുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന കാലയളവില്‍ 32 സെക്ടേഴ്‌സിലായി 200 ഓളം മീറ്റിങ്ങുകളാണ് നടക്കാന്‍ പോവുന്നത്. രാജ്യം സാമ്പത്തിക രംഗത്ത് മുന്നോട്ട് കുതിക്കുന്നതിന്റെ മികച്ച് ഉദാഹരണമാണ് ജി20 അധ്യക്ഷ പദവിയെന്നാണ് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ ധനം മാഗസിനോട് പറഞ്ഞത്.

ജി20 ഉച്ചകോടിയുടെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. സംസ്ഥാനങ്ങള്‍ക്ക് ആഗോള തലത്തില്‍ വാണിജ്യ- വ്യാപാര സാധ്യത പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് ഇതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. വസുദൈവ കുടുംബകം അഥവ One Earth One Family One Future ഇത്തവണത്തെ ജി20യുടെ പ്രമേയം.

വന്‍ ശക്തികള്‍ നേതൃത്വം നല്‍കുന്ന ജി20

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായി നിരവധി സംഘടനകള്‍ രൂപം കൊള്ളുകയുണ്ടായി. അത്തരത്തില്‍ രൂപം കൊണ്ട അവസാന സംഘടനകളില്‍ ഒന്ന് എന്നുവേണമെങ്കില്‍ ജി20യെ വിശേഷിപ്പിക്കാം. കാനഡ ഫ്രാന്‍സ് ജര്‍മനി, ഇറ്റലി,ജപ്പാന്‍,യുകെ, യുഎസ്എ എന്നീ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി7 അഥവാ ഗ്രൂപ്പ് ഓഫ് സെവനില്‍ നിന്നാണ് ജി20യുടെ തുടക്കം.

കാനഡയുടെ പ്രധാനമന്ത്രി പദം വഹിച്ചിട്ടുള്ള പോള്‍ മാര്‍ട്ടിന്‍ ധനമന്ത്രിയായിരിക്കുമ്പോഴാണ് ജി7ന് അപ്പുറം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രാജ്യങ്ങളുടെ ഒരു കൂട്ടായ്മ എന്ന ആശയം 90കളുടെ തുടക്കത്തില്‍ മുന്നോട്ട് വെയ്ക്കുന്നത്. ജി7ല്‍ അംഗമല്ലാത്ത മെക്‌സിക്കോയില്‍ 1994ല്‍ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി കാനഡയെ ബാധിക്കുന്ന കാര്യം മുന്‍നിര്‍ത്തിയാണ് പോള്‍ മാര്‍ട്ടിന്‍ കുറെകൂടി വലിയൊരു സംഘടനയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അന്ന് അദ്ദേഹത്തിന് ജി7ല്‍ നിന്ന് മതിയായ പിന്തുണ ലഭിച്ചില്ല.

എന്നാല്‍ 1997ല്‍ ഏഷ്യന്‍ രാജ്യങ്ങളിലുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങള്‍,1998ലെ റഷ്യന്‍ ഫിനാന്‍ഷ്യല്‍ ക്രൈസിസ് തുടങ്ങിയവയൊക്കെ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ പോള്‍ മാര്‍ട്ടിന്റെ ആശയത്തോട് ജി7 രാജ്യങ്ങള്‍ക്ക് മമത തോന്നാന്‍ മതിയായ കാരണങ്ങളായി മാറുകയായിരുന്നു. അന്നത്തെ യുഎസ് ട്രഷറി സെക്രട്ടറി ആയിരുന്ന ലോറന്‍സ് സമ്മേഴ്‌സിന് മുന്നിലാണ് പോള്‍ മാര്‍ട്ടിന്‍ ഈ ആശയം വീണ്ടും അവതരിപ്പിക്കുന്നത്. ഇരുവരും ചേര്‍ന്ന് ഒരു വെള്ളക്കടലാസില്‍ ജി20 രാജ്യങ്ങളുടെ പേരുകള്‍ എഴുതിച്ചേര്‍ത്ത കാര്യം പോള്‍ മാര്‍ട്ടിന്‍ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ടുമുണ്ട്. ജി7 രാജ്യങ്ങളുടെ അംഗീകാരം ലഭിച്ചതോടെ 1999ല്‍ ബെര്‍ലിനില്‍ വെച്ച് ജി20 എന്ന കൂട്ടായ്മ രൂപം കൊണ്ടു. 99 ഡിസംബര്‍ 15-16 തീയതികളിലായിരുന്നു ജി20യുടെ ആദ്യ യോഗം. പോള്‍ മാര്‍ട്ടിന്‍ ആയിരുന്നു ആദ്യ അധ്യക്ഷന്‍.

സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തിയ ജി20

ജി20 അംഗങ്ങളിലേക്ക് വന്നാല്‍ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ചേര്‍ന്നതാണ് ജി20. ഓസ്‌ട്രേലിയ, കാനഡ, സൗദി, യുഎസ്, ഇന്ത്യ, റഷ്യ, സൗത്ത് ആഫ്രിക്ക, തുര്‍ക്കി, അര്‍ജന്റീന, ബ്രസീല്‍, മെക്‌സികോ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യുകെ, ചൈന, ഇന്തോനേഷ്യ, ജപ്പാന്‍ സൗത്ത് കൊറിയ എന്നിവയാണ് ഈ 19 രാജ്യങ്ങള്‍. ഇവരെ കൂടാതെ ആഫ്രിക്കന്‍ യൂണിയന്‍, ആസിയാന്‍, സ്‌പെയിന്‍, വേള്‍ഡ് ബാങ്ക് , യുഎന്‍ തുടങ്ങി 11 സ്ഥിരം അതിഥികളും ജി20യുടെ ഭാഗമാണ്. ജി20യിലെ ഇരുപതാമത്തെ അംഗമായി ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ എത്തേണ്ടതായിരുന്നു. എന്നാല്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലം നൈജീരിയക്ക് കൂട്ടായ്മയുടെ ഭാഗമാവാന്‍ കഴിഞ്ഞില്ല. മൂന്ന് വര്‍ഷം മുന്‍പ് നല്‍കിയ ഒരു ഇന്റര്‍വ്യൂവില്‍ നൈജീരിയയെ ജി20യുടെ ഭാഗമാക്കാന്‍ കഴിയാതിരുന്നതില്‍ ദുഖമുണ്ടെന്ന് പോള്‍ മാര്‍ട്ടിന്‍ പറഞ്ഞിരുന്നു. ആഫ്രിക്കയ്ക്ക് സംഘടനയില്‍ മതിയായ പ്രാധിനിത്യം ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഫ്രിക്കയില്‍ നിന്ന് ജി20യില്‍ എത്തിയ ഏക രാജ്യം ദക്ഷിണ ആഫ്രിക്ക ആണ്.

199ല്‍ രൂപം കൊണ്ടെങ്കിലും അന്താരാഷ്ട്ര തലത്തില്‍ പ്രാധാന്യമുള്ള ഒരുകൂട്ടായ്മയായി ജി20 ഉയര്‍ന്ന് വരുന്നത് 2008ന് ശേഷമാണ്. തുടക്കത്തില്‍ ജി20 പ്രവര്‍ത്തിച്ചത് ധനമന്ത്രിമാരും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരും ചേര്‍ന്ന് സാമ്പത്തിക ഡീല്‍ ചെയ്യുന്ന സംഘന ആയിട്ടാണ്. 2008ലെ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷിന്റെ നേതൃത്വത്തിലാണ് ഇന്ന് കാണുന്ന തരത്തില്‍ ലോക നേതാക്കന്മാരുടെ കൂട്ടായ്മയായി അത് മാറിയത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് രാജ്യങ്ങള്‍ സ്വന്തം സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാന്‍ സ്വീകരിച്ച പ്രൊട്ടക്ഷനിസം ഒരു ഡിപ്രഷനിലേക്ക് മാറാതെ പിടിച്ചു നിര്‍ത്താന്‍ ജി20 കൂട്ടായ്മ അന്ന് വലിയ പങ്കുവഹിച്ചു. stability-growth -jobs എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് 2009ല്‍ ജി20 രാജ്യങ്ങളുടെ തലവന്മാര്‍ ലണ്ടനില്‍ ഒത്തുകൂടിയത്.

അതിന് ശേഷം ഇങ്ങോട്ട് തുടര്‍ച്ചയായി ജി20 ഉച്ചകോടി നടക്കുന്നുണ്ട്. ഓരോ വര്‍ഷം അധ്യക്ഷ പദവി അംഗരാജ്യങ്ങളുടെ ക്രമമനുസരിച്ച് മാറും. സ്ഥിരമായ ഒരു സെക്രട്ടറിയേറ്റ് ജി20ക്ക് ഇല്ല. അധ്യക്ഷ സ്ഥാനം വഹിക്കുന്ന രാജ്യങ്ങളെ ആശ്രയിച്ചിരിക്കും ജി20 ഉച്ചകോടികളുടെ അജണ്ട. 2002ല്‍ ജി20 ഫിനാന്‍സ് മിനിസ്റ്റേഴ്‌സിന്റെയും ഗവര്‍ണര്‍മാരുടെയും യോഗം ഇന്ത്യ ഹോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇനി ജി20 ആഗോളതലത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് പറഞ്ഞാല്‍ അത് ഒരുപക്ഷെ ഐക്യരാഷ്ട്ര സഭയെക്കാള്‍ മേലെ ആയിരിക്കും. ജി20 രാജ്യങ്ങള്‍ ചേര്‍ന്നാല്‍ അത്‌ ലോക ജനസംഖ്യയുടെ 3ല്‍ രണ്ട് ഭാഗം വരും. ഗ്ലോബല്‍ ട്രേഡിന്റെ 75 ശതമാനവും നിയന്ത്രിക്കുന്നത് ജി20 രാജ്യങ്ങള്‍ ആണ് ഗ്ലോബല്‍ ജിഡിപിയുടെ മുക്കാല്‍ ഭാഗവും സംഭാവന ചെയ്യുന്നത്.

Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it