ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ മുതല്‍ സ്‌പ്രേയര്‍ വരെ പോര്‍ട്ടില്‍ കിടക്കുന്നു; ചൈനീസ് ഉല്‍പ്പന്നങ്ങളെ ഇങ്ങനെ ചെറുത്താല്‍ തോല്‍ക്കുന്നത് ഇന്ത്യയോ?

ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ മുതല്‍ സ്‌പ്രേയര്‍ വരെ പോര്‍ട്ടില്‍ കിടക്കുന്നു; ചൈനീസ് ഉല്‍പ്പന്നങ്ങളെ ഇങ്ങനെ ചെറുത്താല്‍ തോല്‍ക്കുന്നത് ഇന്ത്യയോ?
Published on

ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കെത്തുന്ന കണ്ടെയ്‌നറുകള്‍ കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കാതെ കെട്ടിക്കിടക്കുമ്പോള്‍ തോല്‍ക്കുന്നത് ചൈനയോ ഇന്ത്യയോ? കേരളത്തില്‍ പലയിടത്തും ഇലക്ട്രോണിക്‌സ് സ്‌റ്റോറുകളില്‍ പല ഉല്‍പ്പന്നങ്ങളും സ്റ്റോക്കില്ല. ഉത്തരേന്ത്യയിലെ കര്‍ഷകര്‍, കൃഷിയിടത്തില്‍ കീടനാശിനി തളിക്കാനുള്ള മെക്കാനിക്കല്‍ സ്‌പ്രേയറും അതിന്റെ സ്‌പെയര്‍ പാര്‍ട്‌സും കിട്ടാനില്ലെന്ന പരാതിയുമായി നേരെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ തന്നെ സമീപിച്ചു. രാജ്യത്തെ പ്രധാന പോര്‍ട്ടുകളിലെല്ലാം ചൈനയില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ക്കെല്ലാം കസ്റ്റംസ് ക്ലിയര്‍ വൈകുന്നത് കൊണ്ട് കഷ്ടത്തിലായത് സാധാരണക്കാരനായ ഇലക്ട്രോണിക്‌സ് കടയുടമയും കര്‍ഷകനും മാത്രമല്ല ആപ്പിള്‍, ഡെല്‍, സിസ്‌കോ തുടങ്ങിയ ആഗോളഭീമന്മാര്‍ വരെയാണ്. മാത്രമല്ല, മരുന്നുകളും മരുന്ന് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളും വരെ ഇന്ത്യന്‍ പോര്‍ട്ടില്‍ ക്ലിയറന്‍സ് ലഭിക്കാനായി ഊഴം കാത്തുകിടക്കുകയാണ്.

നിര്‍മല സീതാരാമന് കത്തെഴുതി ഗഡ്കരി

ഇന്ത്യന്‍ പോര്‍ട്ടുകളില്‍ ചൈനീസ് ഗുഡ്‌സ് ക്ലിയറന്‍സ് കിട്ടാതെ കെട്ടികിടക്കുന്നത് ചൈനയെ അല്ല ഇന്ത്യയെ മാത്രമാകും ബാധിക്കുകയെന്ന് വാസ്തവം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി തുറന്നുപറഞ്ഞു കഴിഞ്ഞു. രാജ്യത്തെ ബിസിനസുകാര്‍ പണം മുന്‍കൂര്‍ അടച്ച് കൊണ്ടുവരുന്ന ഉല്‍പ്പന്നങ്ങളാണ് പോര്‍ട്ടുകളില്‍ ക്ലിയറന്‍സ് കിട്ടാതെ കിടക്കുന്നത്. കോവിഡ് 19 മൂലം തകര്‍ന്നടിഞ്ഞ ബിസിനസുകാരെ സംബന്ധിച്ചിടത്തോളം ഇത് വലിയ ഇരുട്ടടി തന്നെയാണ്. ഇക്കാര്യത്തില്‍ സത്വര ഇടപെടലാണ് നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടിരിക്കുന്നത്.

അതിര്‍ത്തി പ്രശ്‌നത്തിന്റെ പേരില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളെ ബഹിഷ്‌കരിക്കാനുള്ള വികാരം ദേശീയതലത്തില്‍ ശക്തമാകുന്നുണ്ടെങ്കിലും അത് എത്രമാത്രം പ്രായോഗികമാകുമെന്നത് കണ്ടറിയണം. കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, ഇന്ത്യ ഗണപതി വിഗ്രഹങ്ങള്‍ക്കു പോലും ചൈനയെ ആശ്രയിക്കുന്നതായി പരിതപിച്ചിരുന്നു. ബാത്ത്‌റൂം കഴുകുന്ന ബ്രഷിനും മാറാല തൂക്കാനുള്ള ചൂലിനും വരെ ചൈനയെ ആശ്രയിക്കുന്ന ഇന്ത്യക്കാര്‍ എങ്ങനെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

ചൈനീസ് ഗുഡ്‌സുകള്‍ കസ്റ്റംസ് ക്ലിയറന്‍സ് വൈകി പോര്‍ട്ടില്‍ കിടക്കുമ്പോള്‍ ശിഥിലമാകുന്നത് ഗ്ലോബല്‍ സപ്ലെ ചെയ്ന്‍ കൂടിയാണ്. ഉദാഹരണത്തിന് ഇന്ത്യയിലുള്ള ആപ്പിളിന്റെ ഫാക്ടറിയിലേക്ക് ചൈനയില്‍ നി്ന്നാകും കംപോണന്റ്‌സ് വരുന്നത്. ഇന്ത്യന്‍ പോര്‍ട്ടുകളില്‍ ചൈനയില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ കെട്ടികിടക്കുമ്പോള്‍ അത് ബാധിക്കുന്ന്ത ഇന്ത്യന്‍ കമ്പനികളെ മാത്രമല്ല, ഇന്ത്യയില്‍ ഇതിനകം പ്ലാന്റ് സ്ഥാപിച്ചിരിക്കുന്ന ആഗോള കമ്പനികളെയുമാകും. കോവിഡിന്റെ പ്രഭവ കേന്ദ്രം ചൈനയാണെന്നതിന്റെ പേരില്‍ ചൈനയ്‌ക്കെതിരെ ലോകത്തുള്ള വികാരം മുതലെടുത്ത് ഇന്ത്യയിലേക്ക് കൂടുതല്‍ രാജ്യാന്തര കമ്പനികളെ ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് നിലവിലുള്ള കമ്പനികളുടെ സപ്ലെ ചെയ്ന്‍ തകര്‍ക്കുന്ന വിധമുള്ള നടപടികളുണ്ടാകുന്നതും.

അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പേരിലല്ല ചൈനയില്‍ നിന്നുള്ളവയുടെ ക്ലിയറന്‍സ് വൈകുന്നതെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും അതിര്‍ത്തിപ്രശ്‌നം രൂക്ഷമായതോടെയാണ് ചൈനീസ് ബഹിഷ്‌കരണ വാദം ശക്തമായത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com