4 സംസ്ഥാനങ്ങളുടെ ജീവൽപ്രശ്നം; ₹3.17 ലക്ഷം കോടിയുടെ ചരക്ക് കെട്ടിക്കിടക്കുന്നു; ഹോർമുസ് ഉടൻ തുറന്നില്ലെങ്കിൽ കനത്ത തിരിച്ചടി

ഇന്ത്യയിൽ നിന്നുള്ള 3,400 കോടി ഡോളർ (ഏകദേശം 3,17,000 കോടി രൂപ) വിലമതിക്കുന്ന കയറ്റുമതി സാധനങ്ങളാണ് ഹോർമുസ് കടലിടുക്ക് പ്രതിസന്ധി കാരണം കെട്ടിക്കിടന്ന് പാഴായിപ്പോകുന്നതിന്റെ വക്കിലുള്ളത്. 2024-ൽ നടത്തിയ മൊത്തം കയറ്റുമതിയുടെ 8 ശതമാനമാണിത്.
Exports
Image : Canva
Published on

പശ്ചിമേഷ്യൻ യുദ്ധം നാലാം ആഴ്ചയിലേക്ക് കടക്കുമ്പോൾ, ഹോർമുസ് കടലിടുക്ക് വഴിയുള്ള വ്യാപാരത്തിൽ നേരിടുന്ന തടസ്സം ഇന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ അസമതുലിത സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതായി വിലയിരുത്തൽ. തെലങ്കാന, പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ്, ജമ്മു-കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലെ കയറ്റുമതി മേഖലയാണ് ഹോർമുസ് കടലിടുക്ക് വഴിയുള്ള ​കപ്പൽ ഗതാ​ഗതം തടസ്സപ്പെട്ടതിനെ തുടർന്ന് കടുത്ത ഭീഷണി നേരിടുന്നത്.

വമ്പൻ കയറ്റുമതി സംസ്ഥാനങ്ങളായ മഹാരാഷ്ട്രയും ​ഗുജറാത്തും ആണ് ഹോർമുസ് കടലിടുക്ക് തടസ്സപ്പെട്ടതിലൂടെ നേരിടുന്ന നഷ്ടത്തിന്റെ കണക്കിൽ (ഇരുവർക്കും 1,450 കോടി ഡോളർ - ഏകദേശം 1,35,000 കോടി രൂപ) മുന്നിലുള്ളതെങ്കിലും അവരുടെ വൈവിധ്യമാർന്ന കയറ്റുമതി മേഖല കാരണം വ്യാപകമായുള്ള പരിക്ക് കുറവാണ്.

3,400 കോടി ഡോളറിന്റെ ചരക്ക് അപകടത്തിൽ

ഇന്ത്യയിൽ നിന്നുള്ള 3,400 കോടി ഡോളർ (ഏകദേശം 3,17,000 കോടി രൂപ) വിലമതിക്കുന്ന കയറ്റുമതി സാധനങ്ങളാണ് ഹോർമുസ് കടലിടുക്ക് പ്രതിസന്ധി കാരണം കെട്ടിക്കിടന്ന് പാഴായിപ്പോകുന്നതിന്റെ വക്കിലുള്ളത്. ഇന്ത്യ 2024-ൽ നടത്തിയ മൊത്തം കയറ്റുമതിയുടെ 8 ശതമാനമാണിത്. എന്നാൽ ചെറിയ സംസ്ഥാനങ്ങളിലെ കയറ്റുമതി മേഖലയെ സംബന്ധിച്ച് വലിയ തുകയാണിത്. ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാനുള്ള 640 കോടി ഡോളറിന്റെ (ഏകദേശം 60,000 കോടി രൂപ) ചരക്കാണ് തെലങ്കാനയിൽ കെട്ടിക്കിടക്കുന്നത്.

അതുപോലെ പശ്ചിമ ബംഗാളിന്റെ 200 കോടി ഡോളർ (ഏകദേശം 18,600 കോടി രൂപ) വിലവരുന്ന കയറ്റുമതി സാധനങ്ങൾ കെട്ടിക്കിടന്ന് അപകടസാധ്യത നേരിടുകയാണ്. ഉത്തരാഖണ്ഡിന്റെ 34.3 കോടി ഡോളർ (ഏകദേശം 3,200 കോടി രൂപ) കയറ്റുമതിയും ജമ്മു കശ്മീരിന്റെ 3.4 കോടി ഡോളർ (ഏകദേശം 320 കോടി രൂപ) കയറ്റുമതിയും കെട്ടിക്കിടക്കുകയാണ്. ചരക്കുകളുടെ ആകെ മൂല്യം കുറവായിരുന്നാലും ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ പോലെയുള്ള ചെറിയ സംസ്ഥാനങ്ങളെ സംബന്ധിച്ച് താരതമ്യേന കൂടുതൽ ആഘാത സാധ്യതയുണ്ട്. കാരണം ഈ സംസ്ഥാനങ്ങളുടെ മൊത്തം കയറ്റുമതിയുടെ 16 ശതമാനം വരുമിത്.

കൃഷി, ഭക്ഷ്യവസ്തു, വ്യവസായ മേഖലകൾ സമ്മർദ്ദത്തിൽ

പാല്, പഴം, സു​ഗന്ധവ്യജ്ഞനങ്ങൾ, ധാന്യം ഉൾപ്പെടെയുള്ള കാർഷിക ഉത്പന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ, തേയില, സമുദ്രോത്പന്നങ്ങൾ തുട​ങ്ങിയവ ഗൾഫ് രാജ്യങ്ങളിലെ വിപണികളിലേക്കാണ് കൂടുതലായും കയറ്റുമതി ചെയ്യുന്നത്. ഇതിലെ ചില സാധനങ്ങൾ പശ്ചിമേഷ്യയിലേക്കാണ് 90 ശതമാനവും കയറ്റുമതി നടത്തുന്നത്. അതേസമയം കെമിക്കൾസ്, പെട്രോളിയം ഉത്പന്നങ്ങൾ, ലോഹങ്ങൾ, യന്ത്രങ്ങൾ തുടങ്ങിയ വ്യവസായ ഉത്പന്നങ്ങളും ഹോർമുസ് കടലിടുക്ക് വഴിയാണ് കൂടുതലും കയറ്റുമതി ചെയ്യുന്നത്.

ചുരുക്കത്തിൽ വലിയ കയറ്റുമതി സംസ്ഥാനങ്ങൾ നഷ്ടക്കണക്കിൽ മുന്നിലാണെങ്കിലും കയറ്റുമതി മേഖലയുടെ വൈവിധ്യം അവരെ കുറച്ചുകൂടി സുരക്ഷിതരാക്കുന്നു. എന്നാൽ ചെറിയ സംസ്ഥാനങ്ങൾക്ക് വിപണി കേന്ദ്രീകരണം താരതമ്യേന കൂടുതലായതിനാൽ ഹോർമുസ് കടലിടുക്ക് പ്രതിസന്ധി നീണ്ടുനിന്നാൽ വലിയ സാമ്പത്തിക ആഘാതം നേരിടാനും സാധ്യതയുണ്ടെന്ന് സാരം.

Related Stories

No stories found.
logo
DhanamOnline
dhanamonline.com