ട്രംപ് പറയുന്നതുപോലെയല്ല, ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടന്നാൽ അമേരിക്കയും വീഴും; എങ്ങനെ?

കരുതിയതിലും ദീർഘകാലം ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടന്നാൽ ഇന്ധന വിലക്കയറ്റം, വിതരണ ശൃംഖലയിലെ പ്രതിസന്ധി, സെമികണ്ടക്ടർ ഉത്പാദനം മുടങ്ങൽ, കാർഷിക ചെലവ് വർധിക്കൽ എന്നിങ്ങനെ അമേരിക്കൻ സമ്പദ്‌‍വ്യവസ്ഥയെ പോലും മാന്ദ്യത്തിലേക്ക് നയിക്കാമെന്ന ആശങ്ക ഉയരുന്നു.
Hormoz strait crisis impact on US
canva
Published on

പെട്രോൾ വില മൂന്ന് ഡോളറിന് താഴെ, താഴ്ന്നുവരുന്ന പലിശ നിരക്കുകൾ, ശക്തമായ ഉപഭോക്തൃ ചെലവിടൽ, സർവകാല റെക്കോർഡ് നിലവാരത്തിൽ തുടരുന്ന ഓഹരി വിപണി എന്നിങ്ങനെ വിവിധ പോസിറ്റീവ് ഘടകങ്ങൾ കൈമാറിയ ആശ്വാസത്തോടെയായിരുന്നു അമേരിക്ക ഇറാൻ യുദ്ധത്തിലേക്ക് കാലെടുത്തുവെച്ചത്. എന്നാൽ സംഘർഷം ആറാം ആഴ്ചയിലേക്ക് കടക്കുമ്പോൾ, അനുകൂല സാഹചര്യങ്ങൾ ഒരുക്കിക്കൊടുത്ത അമേരിക്കയുടെ ആ സാമ്പത്തിക സുരക്ഷാ കവചം അതിവേഗം ഇല്ലാതാകുന്നതിനാണ് സാക്ഷ്യംവഹിക്കുന്നത്.

മാർച്ച് പിന്നിടുമ്പോഴേക്കും ഒരു ​ഗാലൻ (3.78 ലിറ്റർ) പെട്രോളിന്റെ വില 4 ഡോളർ മറികടന്നു കഴിഞ്ഞു. ചരക്കുനീക്കത്തിൽ നിർണായകമായ ഡീസലിന്റെ വില ഫെബ്രുവരി 28-ന് ശേഷം 47 ശതമാനം വർധിച്ച് 5.50 ഡോളറിന് മുകളിലേക്ക് ഉയർന്നു. ഈ കൃഷിക്കാലത്തെ ഡീസൽ ചെലവ് മാത്രം 4,000 മുതൽ 5,000 ഡോളർ വരെ വർധിച്ചതോടെ കർഷകരും വെട്ടിലായി. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഈ വിലക്കയറ്റം അത്യാവശ്യമല്ലാത്ത ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിലേക്കും യാത്രാ നിയന്ത്രണങ്ങളിലേക്കും നയിക്കുന്നു. അതായത് പശ്ചിമേഷ്യൻ യുദ്ധം അമേരിക്കയിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുവെന്ന് സാരം.

ഹോർമുസ് കടലിടുക്ക് — അമേരിക്കയ്ക്കും നിർണായകം

സമുദ്രം മുഖേനയുള്ള ആഗോള പെട്രോളിയം കടത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇപ്പോഴും ഇറാന്റെ കൈവശമാണ്. ലോകത്തിന് ആവശ്യമായ ഹീലിയത്തിന്റെ 35 ശതമാനവും വിതരണം ചെയ്തിരുന്ന ഖത്തറിൽ ഉത്പാദനവും വിതരണവും തടസ്സപ്പെട്ടിരിക്കുകയാണ്. ഈ പ്രതിസന്ധി നാല് മുതൽ എട്ട് ആഴ്ച വരെ നീണ്ടുനിന്നാൽ അത് സെമികണ്ടക്ടർ ഉൽപ്പാദനത്തെ ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എങ്കിൽ അമേരിക്കൻ സമ്പദ്ഘടനയ്ക്ക് പുത്തനുണ‍‌ർവ് സമ്മാനിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) വ്യവസായ മേഖലയേയും തളർത്തുന്നതായി മാറും.

അതുപോലെ കാർഷിക രം​ഗത്ത് അവശ്യഘടകമായ നൈട്രജൻ അധിഷ്ഠിത രാസവളമായ 'യൂറിയ'യുടെ ആ​ഗോള വ്യാപാരത്തിന്റെ 38 ശതമാനവും സംഭാവന ചെയ്യുന്നത് പശ്ചിമേഷ്യയാണ്. ചുരുക്കത്തിൽ ഇന്ധന വിതരണത്തിലെ പ്രതിസന്ധി എന്നതിനേക്കാൾ, തന്ത്രപ്രധാന വ്യവസായ മേഖലകളേയും പ്രതികൂലമായി ബാധിക്കുന്ന വിഷയമാണ് പശ്ചിമേഷ്യയിലെ സംഘർഷം. പ്രതിസന്ധികൾ എപ്പോൾ വേണമെങ്കിലും തലപൊക്കാമെങ്കിലും അവയ്ക്ക് ശേഷം വിപണി പൂർവസ്ഥിതിയിലേക്ക് മടങ്ങിയെത്തുന്നത് അതേ വേ​ഗത്തിലല്ല എന്ന വൈരുദ്ധ്യമാണ് നിലവിലെ സാഹചര്യം കൂടുതൽ അപകടകരമാക്കുന്നത്.

സംഘർഷം അവസാനിച്ചാലും പെട്രോളിയം ഉൽപ്പാദനം സാധാരണ നിലയിലാകാൻ ചുരുങ്ങിയത് രണ്ട് മാസമെങ്കിലും വേണ്ടിവന്നേക്കും എന്നാണ് ഈ രംഗത്തെ വിദഗ്ധർ സൂചിപ്പിക്കുന്നത്. സാങ്കേതികമായി നോക്കിയാൽ, എണ്ണക്കിണറുകൾ അടച്ചുപൂട്ടുന്നതിനേക്കാൾ പ്രയാസകരമാണ് അവയിൽ നിന്നുള്ള ഉത്പാദനം പുനരാരംഭിക്കുമ്പോൾ നേരിടേണ്ടത്. കൂടാതെ, ഗൾഫ് മേഖലയിലെ എണ്ണ ശുദ്ധീകരണ ശാലകൾക്കുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ വർഷങ്ങൾ വേണ്ടിവന്നേക്കാം. ചുരുക്കത്തിൽ, ഉത്പ്പാദനച്ചെലവ് കുറയുമ്പോൾ അതിന്റെ ഗുണഫലം ഉപഭോക്താക്കളിലേക്ക് എത്തിക്കാനും കമ്പനികൾ വലിയ താമസം വരുത്താറുണ്ട്. അതായത്, ഒരു വെടിനിർത്തൽ പ്രഖ്യാപനം കൊണ്ട് മാത്രം കാര്യങ്ങൾ പഴയപടിയാകില്ലെന്ന് സാരം.

അമേരിക്കയെ സാമ്പത്തികമാന്ദ്യം പിടികൂടുമോ?

അടുത്ത രണ്ട് മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഇറാൻ യുദ്ധം അവസാനിക്കുകയാണെങ്കിൽ, ഇന്ധനവില കുറയുന്നതിലൂടെ ഈ വർഷം പകുതിയോടെ സാമ്പത്തിക വളർച്ചയുടെ ​ഗതിവേ​ഗം തിരികെപിടിച്ചേക്കാം. ആ​ഗോള പ്രൊഷണൽ സേവന ശൃംഖലകളിലൊന്നായ കെ.പി.എം.ജി, അമേരിക്കൻ ജി.ഡി.പി വളർച്ചാ നിരക്കിന്റെ അനുമാനം 1 ശതമാനത്തിലേക്ക് താഴ്ത്തിയിരുന്നു. യുദ്ധം ആരംഭിക്കുന്നതിന് മുൻപ് 2.6 ശതമാനമായിരുന്നു ജി.ഡി.പി വളർച്ച അനുമാനമായി നൽകിയിരുന്നത്. അതുപോലെ 2025-ൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച നികുതി ആനുകൂല്യങ്ങൾ വഴി സമ്പദ്ഘടനയിൽ പ്രതീക്ഷിച്ചിരുന്ന സാമ്പത്തിക ഉണർവിനെ, നിലവിലെ ഇന്ധനവിലക്കയറ്റം നിഷ്ഫലമാക്കിയിട്ടുണ്ട്.

ഇവയെല്ലാം കൂട്ടിവായിക്കുമ്പോൾ, പശ്ചിമേഷ്യയിലെ യുദ്ധം ആറ് മാസമോ അതിലധികമോ നീണ്ടുനിന്നാൽ അമേരിക്കയിലെ കാര്യങ്ങളും വഷളാകും. ഉയർന്നു നിൽക്കുന്ന ഇന്ധനവില, വിതരണ ശൃംഖലയിലെ തടസ്സം, യൂറോപ്പിൽ നിന്നും ഏഷ്യയിൽ നിന്നുമുള്ള കയറ്റുമതി ആവശ്യകതയിലെ കുറവ് എന്നിവയെല്ലാം ഒത്തുചേരുമ്പോൾ അമേരിക്കയുടെ സ്ഥിതി കൂടുതൽ ​ഗുരുതരമാകും. 1970-കളിൽ അനുഭവിച്ച 'സ്റ്റാഗ്‌ഫ്ലേഷൻ' (Stagflation) — വിലക്കയറ്റം തുടരുകയും സാമ്പത്തിക വളർച്ച മുരടിക്കുകയും ചെയ്യുന്ന അവസ്ഥ — വീണ്ടും സംഭവിക്കാമെന്നും സാമ്പത്തിക വിദഗ്ധർ ആശങ്കപങ്കുവെക്കുന്നു. അതായത്, ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത്, അമേരിക്കൻ സമ്പദ്‌‍വ്യവസ്ഥയുടെ പതനവും അനിവാര്യമാക്കുകയാണെന്ന് സാരം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com