സമ്പാദ്യത്തില്‍ അഞ്ച് വര്‍ഷം പിന്നോട്ട്, ഇന്ത്യന്‍ കുടുംബങ്ങളുടെ സാമ്പത്തിക ചിത്രം പരിതാപകരമോ?

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അതിവേഗം മുന്നേറുമ്പോള്‍ രാജ്യത്തെ കുടുംബങ്ങളുടെ സ്ഥിതി അത്ര മെച്ചമല്ലെന്ന് കാണിക്കുകയാണ് കണക്കുകള്‍. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ കുടുംബങ്ങളുടെ സമ്പാദ്യം അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ്. 2021-22ല്‍ 17.1 ലക്ഷം കോടി രൂപ സമ്പാദ്യമുണ്ടായിരുന്നത് 2022-23ല്‍ 14.2 ലക്ഷം കോടി രൂപയായി കുറഞ്ഞു. അതേസമയം ഹ്രസ്വകാല വായ്പകളില്‍ വന്‍ വര്‍ധനയുണ്ടായിട്ടുമുണ്ട്.

വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമായതോടെ ഉപഭോഗവും ചെലവുകളും അതിവേഗം വര്‍ധിച്ചു. ശതമാനക്കണക്കില്‍ നോക്കിയാല്‍ 2022-23ല്‍ ജി.ഡി.പിയുടെ 5.3 ശതമാനമാണ് സമ്പാദ്യം. കഴിഞ്ഞ അഞ്ച് ദശാബ്ദത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയാണിത്. 2011-12 സാമ്പത്തിക വര്‍ഷം മുതല്‍ 2021-22 വരെയുള്ള കാലയളവെടുത്താല്‍ (കൊവിഡ് കാലമായ 2020-21 ഒഴികെ) സമ്പാദ്യം 7-8 ശതമാനത്തിനടുത്തായിരുന്നു.
ബാധ്യത ഉയര്‍ന്നു
2022-23ല്‍ കുടുംബങ്ങളുടെ മൊത്തം സമ്പാദ്യം 29.7 ലക്ഷം കോടിയും സാമ്പത്തിക ബാധ്യകള്‍ 15.6 ലക്ഷം കോടി രൂപയുമാണ്. 2021-22ല്‍ സമ്പാദ്യം 26.1 ലക്ഷം കോടിയും ബാധ്യത 9.0 ലക്ഷം കോടി മാത്രമായിരുന്നു. അതായത് കടബാധ്യത ഒറ്റ സാമ്പത്തിക വര്‍ഷത്തില്‍ 73 ശതമാനം വര്‍ധിച്ചപ്പോള്‍ സമ്പാദ്യത്തിലുണ്ടായത് 14 ശതമാനം വര്‍ധന മാത്രം.
ബാധ്യതകളില്‍ ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍, പ്രത്യേകിച്ചും ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ളത് 54 ശതമാനം വര്‍ധിച്ചു. 2011-12 മുതലുള്ള ഏറ്റവും ഉയര്‍ന്നതാണിത്. കുടുംബങ്ങളുടെ മൊത്തം വായ്പകളുടെ 76 ശതമാനവും ബാങ്ക് വായ്പകളാണ്.
മുഖ്യ പങ്കും ഭവന വായ്പകള്‍
ഭവന വായ്പകളില്‍ ഇക്കാലയളവില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. ജി.ഡി.പിയുടെ 7.1 ശതമാനമാണ് ഭവന വായ്പകള്‍. കൊവിഡിന് മുന്‍പുള്ള കാലത്ത് ഇത് 6.2 ശതമാനമായിരുന്നു.
ആളുകളുടെ വേതന വര്‍ധനയിലുണ്ടായ കുറവും ഉയര്‍ന്ന ഉപഭോഗവുമാണ് സാമ്പാദ്യം കുറയ്ക്കുന്നത്. എന്നാല്‍ ഇതത്ര ആശങ്കപ്പെടുത്തുന്ന നിലയിലേക്ക് മാറിയിട്ടില്ലെന്ന് ധനമന്ത്രാലയം പറയുന്നു.
ഇന്ത്യന്‍ കുടുംബങ്ങളുടെ മൊത്തം ആസ്തി 2020-21ല്‍ 22.8 ലക്ഷം കോടി രൂപയായിരുന്നു. 2021-22ല്‍ ഇത് 17 ലക്ഷം കോടിയും 2022-23ല്‍ 13.8ലക്ഷം കോടിയുമാണ്. അതായത് ഓരോ വര്‍ഷവും ഗണ്യമായ കുറവുണ്ടാകുന്നുണ്ട്.
വാഹന വായപകളില്‍ 2022 ഏപ്രില്‍ മുതല്‍ ഇരട്ടയക്ക വളര്‍ച്ചയുണ്ട്. 2022 സെപ്റ്റംബറിന് ശേഷം 20 ശതമാനത്തിലധികമാണ് വളര്‍ച്ച. എന്നാല്‍ വാഹന വായ്പകളും ഭവന വായ്പകളുമെടുക്കുന്നതു കൊണ്ട് തന്നെ കുടുംബങ്ങള്‍ ദുരിതത്തിലല്ലെന്ന അനുമാനത്തിലാണ് ധനമന്ത്രാലയം എത്തുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it