ഇന്ത്യയില്‍ കല്‍ക്കരി ക്ഷാമം വന്നതെങ്ങനെ? പ്രതിസന്ധി അതിവേഗം മാറുമോ?

ലോകത്തില്‍ തന്നെ കല്‍ക്കരി സമ്പന്നമായ രാജ്യമാണ് ഇന്ത്യ. കല്‍ക്കരി റിസര്‍വിന്റെ കാര്യത്തില്‍ ലോകത്ത് അഞ്ചാംസ്ഥാനത്ത് നില്‍ക്കുന്ന രാജ്യം. എന്നിട്ടും കല്‍ക്കരി ക്ഷാമത്തിന്റെ പേരില്‍ രാജ്യ തലസ്ഥാനമായ ഡെല്‍ഹി ഉള്‍പ്പടെ അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇരുട്ടിലാകുമെന്ന സ്ഥിതിയിലാണ് രാജ്യം. കേരളത്തിലും കല്‍ക്കരി ക്ഷാമം മൂലമുള്ള വൈദ്യുത പ്രതിസന്ധി ആശങ്ക സൃഷ്ടിക്കുന്നു. അതേസമയം രാജ്യത്ത് കല്‍ക്കരി ക്ഷാമം ഇല്ലെന്നും നാല് ദിവസത്തെ സ്‌റ്റോക്ക് നില തുടരുന്നുണ്ടെന്നും കേന്ദ്രം ആവര്‍ത്തിക്കുന്നുണ്ട്. ''കോവിഡ് രണ്ടാം തരംഗനാളുകളില്‍ രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം ഇല്ലെന്ന് കേന്ദ്രം ആവര്‍ത്തിക്കുമ്പോഴും ശ്വാസവായു കിട്ടാതെ കോവിഡ് രോഗികള്‍ പിടഞ്ഞുമരിക്കുകയായിരുന്നു. കല്‍ക്കരിയുടെ കാര്യത്തിലും അതേ കാര്യം തന്നെയാണ് ആവര്‍ത്തിക്കുന്നത്,'' കേന്ദ്രവാദത്തെ ഇങ്ങനെ രൂക്ഷമായി വിമര്‍ശിക്കുന്നു ഈ രംഗത്തെ നിരീക്ഷകര്‍.

എന്തുകൊണ്ട് കല്‍ക്കരി ക്ഷാമം വന്നു?
ഇന്ത്യയില്‍ ആകെ വൈദ്യുതി ഉല്‍പ്പാദനത്തിന്റെ 70 ശതമാനവും കല്‍ക്കരിയെ ആശ്രയിച്ചാണ് നടക്കുന്നത്. 135 താപവൈദ്യുത നിലയങ്ങളില്‍ നിലവില്‍ 110 ഇടത്തും ക്ഷാമം അതിരൂക്ഷമാണ്. ഇതില്‍ തന്നെ 50 വലിയ നിലയങ്ങളില്‍ ഒട്ടും സ്റ്റോക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 14 ദിവസത്തെ സ്റ്റോക്ക് വേണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡമെങ്കിലും ചിലയിടത്തെല്ലാം വെറും മൂന്ന് ദിവസത്തേക്കുള്ളതേ ശേഷിക്കുന്നുള്ളൂ.

ഈ അവസ്ഥ മറികടക്കാന്‍ കുറഞ്ഞത് ആറുമാസം വേണ്ടിവരുമെന്നാണ് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

കല്‍ക്കരി ഖനന, വിതരണ രംഗത്തെ പ്രമുഖരായ കോള്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഉല്‍പ്പാദിച്ച അതേ അളവിലുള്ള കല്‍ക്കരി ഇപ്പോഴും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ ഇപ്പോള്‍ ഡിമാന്റ് വര്‍ധിച്ചതാണ് ക്ഷാമത്തിന് ഒരുകാരണം.

കോവിഡ് രണ്ടാംതരംഗം മറികടന്ന് രാജ്യത്തെ വ്യാവസായിക മേഖല അതിവേഗത്തില്‍ സാധാരണനിലയിലേക്ക് വന്നതും കല്‍ക്കരി ക്ഷാമത്തിന് കാരണമായിട്ടുണ്ട്. രാജ്യം അതിവേഗം കോവിഡ് പ്രതിസന്ധിയെ മറികടക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ പലവട്ടം ഉറക്കെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അങ്ങനെ ഒരു തിരിച്ചുവരവുണ്ടാകുമ്പോള്‍ ഊര്‍ജ്ജ, വ്യവസായ മേഖലയ്ക്കു വേണ്ട കല്‍ക്കരി ഇവിടെയുണ്ടാകുമോയെന്ന് മുന്‍കൂട്ടി കാണാന്‍ മറന്നതിന്റെ ദുര്യോഗവും കൂടിയാണ് രാജ്യം ഇപ്പോള്‍ അനുഭവിക്കുന്നത്.

മുന്‍കാലങ്ങളില്‍ 45 ദിവസത്തെ കല്‍ക്കരി സ്‌റ്റോക്ക് വരെ രാജ്യത്ത് സംഭരിച്ചുവച്ചിരുന്നു. കോവിഡ് പ്രതിസന്ധി വന്നതോടെ വൈദ്യുതി ഉപഭോഗവും കല്‍ക്കരി ഉപഭോഗവും കുറഞ്ഞതോടെ സ്‌റ്റോക്ക് നില കുറച്ചു. സര്‍ക്കാരിന്റെ ഈ തീരുമാനവും ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.

രാജ്യത്ത് ലഭിച്ച മികച്ച മണ്‍സൂണും കല്‍ക്കരി ക്ഷാമത്തിന് ഇടയായിട്ടുണ്ട്. കല്‍ക്കരി ഖനികളില്‍ കനത്ത മഴയില്‍ ഖനനം തടസ്സപ്പെടും. അതുപോലെ തന്നെ ചരക്ക് നീക്കവും നടക്കില്ല. ഇത് എല്ലാ മണ്‍സൂണ്‍ കാലത്തും സംഭവിക്കുന്നതാണെങ്കിലും സ്‌റ്റോക്ക് വെട്ടിക്കുറച്ചതോടെ സപ്ലെ തടസ്സപ്പെട്ടപ്പോള്‍ സ്ഥിതി കൂടുതല്‍ ഗുരുതരമായി.

രാജ്യത്തെ കല്‍ക്കരി ഖനികളില്‍ ഖനനത്തിന് അനുമതി കോള്‍ ഇന്ത്യയ്ക്കായിരുന്നു. പുതിയ കല്‍ക്കരി ഖനികള്‍ തുറക്കുന്നതിലും ഖനനം വ്യാപിപ്പിക്കുന്നതിലും കുറേകാലങ്ങളായി വേണ്ടത്ര കാര്യക്ഷമത കോള്‍ ഇന്ത്യ പുലര്‍ത്താത്തതും പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇപ്പോള്‍ കല്‍ക്കരി ഉല്‍പ്പാദനത്തിന് സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഉല്‍പ്പാദനം ആരംഭിക്കാന്‍ ഇനിയും കടമ്പകള്‍ കടക്കേണ്ടതുണ്ടെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
ബദല്‍ ഊര്‍ജ്ജം പരിഹാരമാകുമോ?
കല്‍ക്കരിയില്‍ നിന്ന് പരിസ്ഥിതിസൗഹാര്‍ദ്ദപരമായ ഗ്രീന്‍ എനര്‍ജിയിലേക്ക് ലോകം മാറണമെന്ന കാഴ്ചപ്പാടും കല്‍ക്കരി ഖനന മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

സാധാരണ നിലയില്‍ ആഭ്യന്തരതലത്തില്‍ ക്ഷാമം നേരിടുമ്പോള്‍ ഇറക്കുമതി ചെയ്ത് പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ വിദേശ വിപണിയില്‍ കല്‍ക്കരി വിപണി കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. 2020 ഓഗസ്തില്‍ ഒരു ടണ്‍ കല്‍ക്കരിക്ക് 50 ഡോളറായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 200 ഡോളറിന് അടുത്താണ്. ചൈനയില്‍ കല്‍ക്കരി ക്ഷാമം രൂക്ഷമായതും അവിടെ കല്‍ക്കരി ഖനനം വെട്ടിക്കുറച്ചതും ആഗോളതലത്തില്‍ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഇപ്പോള്‍ രാജ്യത്തെ കല്‍ക്കരി ക്ഷാമം പരിഹരിക്കാന്‍ തിരക്കിട്ട് ഇറക്കുമതി അസാധ്യമായ അവസ്ഥയാണ്.

ഗ്രീന്‍ എനര്‍ജിയിലേക്ക് രാജ്യം മാറണമെന്നും പറയുകയും അതിനായി ശ്രമം നടക്കുന്നുണ്ടെങ്കിലും കല്‍ക്കരിയെ അതിവേഗം മാറ്റി പ്രതിഷ്ഠിക്കാനാവില്ലെന്നാണ് ഇപ്പോഴത്തെ പ്രതിസന്ധി വെളിപ്പെടുത്തുന്നത്.

കല്‍ക്കരി സമ്പന്നമായ ഇന്ത്യയില്‍ മതിയായ കല്‍ക്കരി സ്റ്റോക്ക് ഉറപ്പാക്കുക, കല്‍ക്കരി ഖനനത്തിന് സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കുകയും അത് സുതാര്യമായ രീതിയില്‍ വിനിയോഗിക്കപ്പെടാനുള്ള ചട്ടങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുകയും വേണം.


Related Articles
Next Story
Videos
Share it