ആഗോള വിപണിയില്‍ എണ്ണ വില ഉയരാന്‍ കാരണമെന്ത്?

ആഗോള വിപണിയില്‍ എണ്ണ വില കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഉയരത്തിലേക്ക് എത്തിയിരിക്കുന്നു. ഇറാന് മേലുള്ള ഉപരോധം അമേരിക്ക തിരിച്ചു കൊണ്ടു വരാനുള്ള സാധ്യതയ്ക്ക് ബലമേറിയതാണ് എണ്ണ വില ഉയരാനുള്ള പ്രധാന കാരണമായ് കരുതപ്പെടുന്നത്.

ഉല്പാദനം കുറയ്ക്കാന്‍ ഒപെക് കഴിഞ്ഞ വര്‍ഷം മുതല്‍ നടത്തി വരുന്ന ശ്രമങ്ങള്‍ എണ്ണ വിലയെ സ്വാധീനിച്ചിട്ടുണ്ട്. വര്‍ധിച്ച ഡിമാന്‍ഡും വെനസ്വലയിലെ ഉല്പാദന പ്രശ്‌നങ്ങളും എണ്ണ വിലയ്ക്ക് കരുത്തേകുന്നുണ്ട് .

ഒപെക് അംഗമായ ഇറാനാണ് എണ്ണ വില കൂടുവാനുള്ള മുഖ്യ കാരണമെന്നാണ് കരുതപ്പെടുന്നത്. ആണവ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതിനു പകരമായ് ഒബാമയുടെ കാലത്ത് അമേരിക്ക ഇറാനുമേലുള്ള ഉപരോധം നീക്കിയിരുന്നു . ഇപ്പോഴത്തെ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഉപരോധം തിരിച്ചു കൊണ്ടു വരാന്‍ സാധ്യതയേറിയതോടെ എണ്ണ വില കുതിച്ചു.

ആഗോള വിപണിയില്‍ എണ്ണ വില ബാരലിന് 70 ഡോളര്‍ എന്ന നിരക്കില്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. ട്രംപ് ഇറാന്‍ ഉപരോധത്തിന് പച്ചക്കൊടി കാട്ടിയാല്‍ എണ്ണ വില ഇനിയും കൂടും.

ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ?

2014 ല്‍ ഉല്‍പാദനം ഡിമാന്‍ഡിനേക്കാള്‍ കൂടിയത് എണ്ണ വില താഴാന്‍ കാരണമായിരുന്നു. ഇത് മറ്റു രാജ്യങ്ങളെയെല്ലാം പിടിച്ചുലച്ചപ്പോള്‍ ഇന്ത്യയ്ക്ക് നേട്ടം കൊയ്യാന്‍ കഴിഞ്ഞിരുന്നു . ഉപഭോഗത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നത് കൊണ്ടാണ് എണ്ണ വില കുറഞ്ഞത് ഇന്ത്യയ്ക്ക് അന്ന് ഗുണം ചെയ്തത്.

എണ്ണ വില ഇപ്പോള്‍ ഉയര്‍ന്നു നില്‍ക്കുന്നത് മൂലം രൂപയുടെ മൂല്യം ഇടിഞ്ഞു . ചൊവ്വാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ 67.27 എന്ന നിരക്കിലേക്കു രൂപ കൂപ്പുകുത്തി. ഇത് രാജ്യത്തിന്റെ ഇറക്കുമതിച്ചെലവ് കൂടാനും പണപ്പെരുത്തിനു ഇടയാക്കുവാനും സാധ്യതയുണ്ട്. ധനകമ്മിയേയും സാരമായി ബാധിക്കും. 2019 ല്‍ പൊതു തെരഞ്ഞെടുപ്പിനൊരുങ്ങുന്ന നരേന്ദ്ര മോദിക്ക് ഈ സാഹചര്യം കനത്ത തിരിച്ചടിയായിരിക്കും.

Related Articles
Next Story
Videos
Share it