ഇറാൻ — യുഎസ് യുദ്ധം നീണ്ടുപോയാൽ ഇരുട്ടടി ചൈനയ്ക്ക്; 3 കാരണങ്ങൾ

പശ്ചിമേഷ്യൻ സംഘർഷം നീണ്ടുനിൽക്കുകയാണെങ്കിൽ ക്രൂഡോയിൽ വിലക്കയറ്റം, ഡിസ്കൗണ്ട് എണ്ണ നഷ്ടം, കയറ്റുമതി ഇടിവ് എന്നിവ വഴി ചൈനീസ് സമ്പദ്ഘടനയ്ക്ക് വലിയ തിരിച്ചടിയുണ്ടാകാമെന്ന് വിലയിരുത്തൽ.
middle east tension and china
canva
Published on

പശ്ചിമേഷ്യയിൽ ഇറാനും യുഎസും തമ്മിലുള്ള സംഘർഷം ഇനിയും രൂക്ഷമാകാനും കരുതിയിരുന്നതിലും നീണ്ടുനിൽക്കാനുമുള്ള സാധ്യത വർധിക്കുകയാണ്. ഇത്തരമൊരു സ്ഥിതിവിശേഷം ആ​ഗോള സമ്പദ്ഘടനയിലും ​ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ മുന്നറിയിപ്പ്. പശ്ചിമേഷ്യയിൽ യുദ്ധം സങ്കീർണമായാൽ ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയാകും ഏറ്റവുമധികം നഷ്ടം നേരിടുകയെന്നാണ് വിലയിരുത്തൽ. ഇറാൻ - യുഎസ് സംഘർഷത്തിന്റെ ​ഗതിമാറ്റം എങ്ങനെയാണ് ചൈനയ്ക്ക് കനത്ത തിരിച്ചടി സമ്മാനിക്കുകയെന്ന് നോക്കാം.

ക്രൂഡോയിൽ ഇറക്കുമതി ആശ്രിതത്വം

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും പാരമ്പര്യേതര മാ‌ർ​ഗത്തിലൂടെ ഉത്പാദിപ്പിക്കുന്ന ഷെയ്ൽ ​ഗ്യാസ്/ഓയിൽ (Shale Gas/Oil) വന്നതോടെയുള്ള യു.എസിന്റെ ഭാ​ഗിക പിന്മാറ്റവും കാരണം രാജ്യാന്തര വിപണിയിൽ നിന്നും ഏറ്റവും കൂടുതൽ ക്രൂഡോയിൽ വാങ്ങുന്നവരായി ചൈന മാറിയിട്ട് ഏറെ വർഷങ്ങളായി. ആവശ്യകത നിറവേറ്റുന്നതിന് ഇറക്കുമതിയെ തന്നെയാണ് ചൈനയും ആശ്രയിക്കുന്നത്. ഇതിന്റെ ​ഗണ്യമായൊരു ഭാ​ഗം ചൈനയിലേക്ക് എത്തുന്നത് പശ്ചിമേഷ്യൻ മേഖലയിൽ നിന്നുമാണ്.

അതുകൊണ്ട് ഇവിടെ പൊട്ടിപ്പുറപ്പെടുന്ന യുദ്ധവും ആ​ഗോള സംഘർഷങ്ങളും ചൈനയുടെ ക്രൂഡോയിൽ ഇറക്കുമതിയെ തടസ്സപ്പെടുത്തുന്നതിനോ വൈകിപ്പിക്കുന്നതിനോ ഇടവരുത്തുന്നതാണ്. അതുപോലെ ​ഗൾഫ് മേഖലയിലെ സംഘർഷം രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഉയർത്തുന്ന ഘടകമായതിനാൽ, ചൈനയുടെ ഇറക്കുമതി ചെലവും രാജ്യത്തെ മാനുഫാക്ചറിങ് അനുബന്ധ ചെലവും വർധിക്കും. ഇത് ചൈനീസ് കമ്പനികളുടെ ലാഭക്ഷമത തളർത്തും. അതുവഴി സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാം.

ഇറാൻ - യുഎസ് സംഘർഷം കാരണം തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡോയിൽ വ്യാപാരം തടസ്സപ്പെട്ടാൽ ഏഷ്യൻ സമ്പദ്ഘടനകളെ ഇത് വളരെ ​ഗുരുതരമായി ബാധിക്കും. സമുദ്രം വഴിയുള്ള ആ​ഗോള ​ക്രൂഡോയിൽ വ്യാപാരത്തിന്റെ 20 ശതമാനം കടന്നുപോകുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. യു.എസ് ആക്രമണങ്ങൾക്കുള്ള തിരിച്ചടിയായി ഹോർമുസ് കടലിടുക്ക് അടച്ചിടേണ്ടി വന്നാൽ ക്രൂഡോയിൽ വില 100 ഡോളർ വിലവാരം മറികടക്കാനുള്ള സാധ്യതയുണ്ടെന്നും മാർക്കറ്റ് അനലി​സ്റ്റുകൾ പറയുന്നു.

ഡിസ്കൗണ്ട് എണ്ണ നഷ്ടമാകുന്നത്

യു.എസിന്റെ ഉപരോധ ഭീഷണിയുള്ള രാജ്യങ്ങളിൽ നിന്നും മടികൂടാതെ ക്രൂഡോയിൽ വാങ്ങുന്ന ശീലക്കാരാണ് ചൈന. ആ​ഗോള കമ്മോഡിറ്റി വിപണിയുടേയും മാരിടൈം (Maritime) ലോജി​സ്റ്റിക്സിന്റെയും ഡേറ്റ നൽകുന്ന മുൻനിര അനലിറ്റിക്സ് കമ്പനികളിലൊന്നായ കെപ്ലർ, നേരത്തെ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2025ൽ ഇറാന്റെ എണ്ണ കയറ്റുമതിയുടെ 80 ശതമാനവും ചൈനയിലേക്കായിരുന്നു. അതും രാജ്യാന്തര വിപണിയിലെ എണ്ണയേക്കാൾ ബാരലിന് 8-10 ഡോളർ വരെ താഴ്ന്ന വിലയിൽ. കഴിഞ്ഞ വർഷം പ്രതിദിന ശരാശരി 13.8 ലക്ഷം ബാരൽ എണ്ണ വീതമാണ് ഇറാനിൽ നിന്നും വിലക്കുറവിൽ ചൈന വാങ്ങിയിട്ടുള്ളത്. സമുദ്രം വഴിയുള്ള ചൈനയുടെ ക്രൂ‍ഡോയിൽ ഇറക്കുമതിയുടെ 13.4 ശതമാനം വരുമിത്. ആണവ പദ്ധതികൾ പുനരുജ്ജീവിപ്പിച്ചതിനെ തുടർന്ന് 2018-ലാണ് ഇറാനെതിരേ യുഎസ് ഉപരോധം വീണ്ടും ഏർപ്പെടുത്തിയത്.

അതുപോലെ യുഎസ് ഉപരോധം നേരിട്ടിരുന്ന മറ്റൊരു രാജ്യമായ വെനസ്വേലയിൽ നിന്നും രാജ്യാന്തര വിപണിയിലുള്ളതിനേക്കാളും താഴ്ന്ന വിലയിൽ ചൈന ക്രൂഡോയിൽ വാങ്ങുന്നുണ്ടായിരുന്നു. പ്രതിദിനം ശരാശരി 4.7 ലക്ഷം ബാരൽ വെനസ്വേലൻ എണ്ണ വീതമായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്. ചൈനയുടെ സമുദ്രം മുഖേനയുള്ള മൊത്തം ക്രൂ‍‍ഡോയിൽ ഇറക്കുമതിയുടെ 4.5 ശതമാനമാണിത്. അതുപോലെ 2016നു ശേഷം വെനസ്വേലയുടെ ഓയിൽ സെക്ടറിലേക്ക് 210 കോടി ഡോളറിന്റെ (ഏകദേശം 19,000 കോടി രൂപ) നിക്ഷേപവും ചൈന നടത്തിയിട്ടുണ്ട്. ചുരുക്കത്തിൽ വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങുന്നതിനൊപ്പം സ്വന്തം നിലയിൽ ഉത്പാദനത്തിനും ചൈന ശ്രമിച്ചുവരുകയായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ജനുവരിയിൽ വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ യുഎസ് സൈന്യം തട്ടിക്കൊണ്ട് പോയതോടെ വിലക്കുറവിൽ എണ്ണ വാങ്ങിയിരുന്ന വഴിയും അടഞ്ഞു.

കയറ്റുമതി ഇടിഞ്ഞാൽ ഇരുട്ടടി

ഇന്നത്തെ ആ​ഗോള സാമ്പത്തിക ശക്തികളിലൊന്നായി ചൈന വേ​ഗം വളർന്നു വന്നതിനുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്ന്, ലോകരാജ്യങ്ങളിലേക്കുള്ള വ്യാവസായിക/വാണിജ്യ ഉത്പന്നങ്ങളുടെ വൻ തോതിലുള്ള കയറ്റുമതിയാണ്. അതായത് ചൈന ഒരു കയറ്റുമതി അധിഷ്ഠിത സമ്പദ്ഘടനയെന്നും പറയാം. യുഎസും ഇറാനും തമ്മിലുള്ള യുദ്ധം നീണ്ടുനിന്നാൽ അത് ആ​ഗോള സമ്പദ്ഘടനയിലും പ്രത്യാഘാതം സ‍ൃഷ്ടിക്കുന്നതായിരിക്കും.

എണ്ണ വിലക്കയറ്റം കാരണം പണപ്പെരുപ്പം ഉയരുന്നതും വ്യാവസായിക ആവശ്യകതയിൽ ഇടിവ് ഉണ്ടാകുകയും ആ​ഗോള തലത്തിൽ ഉപഭോക്തൃ ഡിമാൻഡ് കുറയുകയും ചെയ്യുന്ന സാഹചര്യം ഉരുത്തിരിഞ്ഞാൽ ചൈനയുടെ കയറ്റുമതിയും കുറയും. ഇത് തൊഴിൽ നഷ്ടം, നിക്ഷേപകരുടെ പിന്മാറ്റം, ഫാക്ടറി അടച്ചിൽ എന്നിവയിലേക്ക് നയിക്കാനും അതുവഴി ചൈനീയ് സമ്പദ്ഘടനയെ തളർച്ചയിലേക്കും തള്ളിവിടാം. ഈയൊരു പശ്ചാത്തലത്തിൽ ഇറാൻ, വെനസ്വേല എന്നിവിടങ്ങളിൽ നിന്നും കുറഞ്ഞ വിലയിൽ കിട്ടിക്കൊണ്ടിരുന്ന ക്രൂ‍ഡോയിൽ നഷ്ടമാകുന്ന സാഹചര്യം ചൈനയ്ക്ക് ഇരുട്ടടിയേകുന്നതായി മാറുകയും ചെയ്യാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com