ഇറാന്‍ ഉപരോധം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുന്നതെങ്ങനെ ?
ഇറാനുമായുള്ള ആണവ ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറിയതോടെ ആഗോള വിപണി പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങിയിരിക്കുകയാണ് . എണ്ണ വിലയുടെ കുതിപ്പും അത് സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളുമാണ് ലോക രാജ്യങ്ങള്‍ ഉറ്റു നോക്കുന്നത്. എണ്ണ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയിലും ഈ മാറിയ സാഹചര്യം ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
അമേരിക്ക ആണവ ഉടമ്പടിയില്‍ നിന്ന് പിന്മാറിയതോടെ ക്രൂഡ് ഓയില്‍ വില ബാരലിന് 82.50 ഡോളര്‍ എന്ന നിരക്കിലേക്കു കുതിക്കുമെന്നാണ് പ്രമുഖ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ഗോള്‍ഡ് മാന്‍ സാക്‌സിന്റെ നിരീക്ഷണം. എണ്ണ വില ഇപ്പോള്‍ ബാരലിന് 77 ഡോളര്‍ എന്ന നിരക്കില്‍ എത്തിയിരുന്നു.
ഇന്ത്യ, ഇറാന്‍ വ്യാപാര ബന്ധം
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇറാനുമായുള്ള വ്യാപാര ബന്ധം വളരെ പ്രധാനപ്പെട്ടതാണ്. എണ്ണ ഉപഭോഗത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. സൗദിയും, ഇറാഖും കഴിഞ്ഞാല്‍ പിന്നെ ഇന്ത്യ ഏറ്റവും അധികം എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇറാനില്‍ നിന്നാണ്.
ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധം പ്രധാനമായും ഉന്നം വെയ്ക്കുന്നത് ആ രാജ്യത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സുകളായ ഊര്‍ജ്ജം, പെട്രോകെമിക്കല്‍, ഫിനാന്‍ഷ്യല്‍ മേഖലകളെയാണ് . അങ്ങനെ വരുമ്പോള്‍ ഇറാന്റെ മൊത്ത എണ്ണ ഉല്പാദനത്തില്‍ ഗണ്യമായ കുറവുണ്ടാകാനാണ് സാധ്യത.
ഇറാന്റെ ഇന്ത്യയുള്‍പ്പെടയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കുമുള്ള എണ്ണ കയറ്റുമതിയെ ഇത് ബാധിക്കും. ഇന്ത്യയ്ക്ക് എണ്ണ ഇറക്കുമതിയ്ക്കായ് വീണ്ടും മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും. ഇറക്കുമതിച്ചെലവ് ഗണ്യമായ് ഉയരും.
രൂപയുടെ മൂല്യം
ആഗോള വിപണിയില്‍ എന്ന വില ഉയര്‍ന്നപ്പോള്‍ രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു. ഡോളറിനെതിരെ 67 എന്ന നിരക്കിലേക്കു മൂല്യം ഇടിഞ്ഞിരുന്നു. എണ്ണ വില ഇനിയും ഉയരുമ്പോള്‍ രൂപയുടെ മൂല്യം ഇനിയും താഴും.
രൂപയുടെ മൂല്യം ഇടിയുമ്പോള്‍ ധനക്കമ്മിക്ക് ദോഷമാണ്. പണപ്പെരുപ്പം, ഉയരുന്ന ചരക്കു ഗതാഗതച്ചെലവ്, വിലക്കയറ്റം എന്നിവ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുന്ന നരേന്ദ്ര മോദിക്ക് തലവേദനയാകും. എണ്ണ വില കുറഞ്ഞിരുന്ന വര്‍ഷങ്ങളില്‍ അതിന്റെ ഗുണങ്ങള്‍ അനുഭവിച്ച മോദി സര്‍ക്കാര്‍ പുതിയ സാഹചര്യത്തെ എങ്ങനെ നേരിടുമെന്ന് കണ്ടറിയേണ്ടതാണ്.
ചബാഹര്‍ തുറമുഖം
അഫ്ഘാനിസ്ഥാനുമായ് ചേര്‍ന്ന് ഇന്ത്യ ഇറാനില്‍ നിര്‍മ്മിച്ചതാണ് ചബാഹര്‍ തുറമുഖം. അഫ്ഘാനിസ്ഥാനുമായും മധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര നീക്കങ്ങളെ ശക്തിപ്പെടുത്തും ഈ തന്ത്രപ്രധാന തുറമുഖം. ഇറാനുമേലുള്ള ഉപരോധം ചബാഹര്‍ തുറമുഖത്തെ ബാധിച്ചാല്‍ ഈ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര മോഹങ്ങള്‍ക്കു തിരിച്ചടിയാകും.