പ്രവീൺ റാണയും 100 ഡോളർ മൂല്യമുള്ള രൂപയും, ഈ ധാരണകള്‍ തെറ്റാണ്

സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ പ്രവീണ്‍ റാണയാണ് ഇപ്പോള്‍ കേരളത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. സംസ്ഥാനത്തെ പ്രമുഖ മാധ്യമങ്ങള്‍ ഇയാളുമായി നടത്തിയ അഭിമുഖങ്ങളും വയറലാവുകയാണ്. പല വേദികളിലും പ്രവീണ്‍ റാണ ആവര്‍ത്തിച്ച ഒരു കാര്യമുണ്ട് ഒരു രൂപ= 100 ഡോളര്‍ ആക്കുമെന്നത്.

അതായത് ഒരു രൂപ ലഭിക്കണമെങ്കില്‍ 100 ഡോളര്‍ നല്‍കുന്ന സ്ഥിതി. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു രൂപയുടെ മൂല്യം 0.012 ഡോളറാണ്. അതായത് ഒരു ഡോളര്‍ കിട്ടാന്‍ ഏകദേശം 81 രൂപയോളം നല്‍കണം. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരോ രാഷ്ട്രീയക്കാരോ ഇല്ലാത്തത് കൊണ്ടാണ് രൂപയുടെ മൂല്യം ഇടിയുന്നതെന്നും കഴിവുള്ള ഒരാള്‍ മതി ഇത് പരിഹരിക്കാനെന്നുമാണ് ഇയാള്‍ തട്ടിവിട്ടത്.

എങ്ങനെയാണ് രൂപയുടെ മൂല്യം തീരുമാനിക്കപ്പെടുന്നത് ?

അടിസ്ഥാന സാമ്പത്തിക ശാസ്ത്രമറിയുന്ന ഏതൊരാള്‍ക്കും ഒരു പക്ഷെ ഈ ചോദ്യത്തിന് ഉത്തരം അറിയമായിരിക്കും. മറ്റൊരു രാജ്യത്തെ കറന്‍സിയുമായി താരതമ്യം ചെയ്യുമ്പോഴുള്ള രൂപയുടെ വിലയാണ് അതിന്റെ മൂല്യം. നമ്മള്‍ അതിനെ എക്‌സ്‌ചേഞ്ച് റേറ്റ് എന്നാണ് പൊതുവെ പറയുക. ആഗോളതലത്തില്‍ പ്രധാനമായും രണ്ട് രീതിയില്‍ ഈ എക്‌സ്‌ചേഞ്ച് റേറ്റ് തീരുമാനിക്കപ്പെടാറുണ്ട്, 1. ഫിക്‌സഡ് എക്‌സ്‌ചേഞ്ച് റേറ്റ് 2. ഫ്‌ളോട്ടിംഗ് എക്‌സ്‌ചേഞ്ച് റേറ്റ്.

പേര് സൂചിപ്പിക്കും പോലെ ഫിക്‌സഡ് എക്‌സ്‌ചേഞ്ച് റേറ്റില്‍ കറന്‍സിയുടെ മൂല്യത്തില്‍ മാറ്റമുണ്ടാകില്ല. രാജ്യത്തെ കേന്ദ്ര ബാങ്കുകളാവും അത് തീരുമാനിക്കുന്നത്. അതേ സമയം ഫ്‌ളോട്ടിംഗ് എക്‌സ്‌ചേഞ്ച് റേറ്റില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് വിപണിയില്‍ ആ കറന്‍സിക്കുള്ള ഡിമാന്‍ഡ് ആണ്. ഇന്ത്യ പിന്തുടരുന്നത് ഈ രീതിയാണ്. എന്നാല്‍ രൂപയുടെ മൂല്യം ഒരു പരിധിക്കപ്പുറം ഇടിയുമ്പോള്‍ റിസര്‍വ് ബാങ്ക് ഇടപെടാറുമുണ്ട്.

ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍ രൂപയ്ക്ക് ഉണ്ടാവുന്ന ആവശ്യം അനുസരിച്ച് മൂല്യത്തില്‍ വ്യത്യാസം വരാം. അതായത് കൂടുതല്‍ ആവശ്യക്കാരുണ്ടെങ്കില്‍ മൂല്യവും ഉയരും. അന്താരാഷ്ട്ര തലത്തില്‍ വ്യപാരങ്ങളൊക്കെ നടക്കുന്നത് ഡോളറിലാണ്. അതുകൊണ്ട് തന്നെ ഡോളറിന്റെ ഡിമാന്‍ഡും അതുവഴി മൂല്യവും കൂടുതലാണ്. ഇന്ത്യയിലേക്ക് വന്നാല്‍, നമ്മള്‍ ഒരു വ്യാപാര കമ്മിയുള്ള രാജ്യമാണ്. കയറ്റുമതിയെക്കാള്‍ കൂടുതലാണ് രാജ്യത്തിന്റെ ഇറക്കുമതി എന്നര്‍ത്ഥം. ഇക്കാരണം കൊണ്ട് തന്നെ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡോളറിന്റെ ഡിമാന്‍ഡ് എപ്പോഴും കൂടുതലാണ്. വിദേശ നിക്ഷേപങ്ങള്‍, രാഷ്ട്രീയ സ്ഥിരത, പലിശ നിരക്ക, പണപ്പെരുപ്പം തുടങ്ങി ആഗോള തലത്തിലുണ്ടാകുന്ന സംഭവ വികാസങ്ങള്‍ വരെ രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നുണ്ട്.

രൂപയ്ക്ക് ഉയര്‍ന്ന മൂല്യമുള്ള രാജ്യങ്ങളിലേക്കുള്ള ടൂറും യാഥാര്‍ത്ഥ്യവും

ഇന്ത്യന്‍ രൂപയ്ക്ക് ഉയര്‍ന്ന മൂല്യമുള്ള രാജ്യങ്ങളിലേക്ക് പോകാം എന്ന തലകെട്ടില്‍ പല പോര്‍ട്ടലുകളും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഇത്തരം ലേഖനങ്ങളില്‍ പലപ്പോഴും വരുന്ന പേരാണ് ഇന്തൊനേഷ്യ. ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യം 188 ഇന്തോനേഷ്യന്‍ റൂപിയ ആണെന്നതാണ് കാരണം. എന്നാല്‍ ഇന്തോനേഷ്യയിലെ ജീവിതച്ചെലവ് 41 ശതമാനത്തോളം അധികമാണ്. ഒരു ലിറ്റര്‍ പാലിന് 20,165 ഇന്തോനേഷ്യന്‍ റൂപിയ കൊടുക്കണം. അതായത് 106 ഇന്ത്യന്‍ രൂപ.

മറ്റ് രാജ്യങ്ങളിലെ കറന്‍സിയുമായി ഇന്ത്യന്‍ രൂപയ്ക്കുള്ള ആപേക്ഷിക മൂല്യം ജീവിതച്ചെലവിനെ സൂചിപ്പിക്കുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ വിദേശ രാജ്യങ്ങളിലേക്ക് പോവുമ്പോള്‍ ആ പ്രദേശങ്ങളിലെ വാടക, ഭക്ഷണം ഉള്‍പ്പടെയുള്ള ചെലവുകള്‍ ഇന്ത്യന്‍ രൂപയില്‍ എത്രത്തോളം വരും എന്നതാണ് പരിഗണിക്കേണ്ടത്. expatistan.com, www.numbeo.com തുടങ്ങിയ ധാരാളം വെബ്‌സൈറ്റുകളിലൂടെ വിവിധ രാജ്യങ്ങളിലെ ജീവിതച്ചെലവുകള്‍ അറിയാന്‍ സാധിക്കും.

Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it