തീരുമാനം ഡിസംബര്‍ ആദ്യം, പലിശ നിരക്ക് എത്ര ശതമാനത്തോളം ഉയരാം ?

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്റിറി പോളിസി കമ്മിറ്റി (MPC) ഡിസംബര്‍ ആദ്യവാരം വീണ്ടും യോഗം ചേരുകയാണ്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റീപോ നിരക്ക് വര്‍ധനവ് തുടരുകയാണ് എംപിസി. യോഗം അവസാനിക്കുന്ന ഡിസംബര്‍ ഏഴിന് എംപിസി അടുത്ത ഘട്ട നിരക്ക് വര്‍ധനവ് പ്രഖ്യാപിക്കും. ഒക്ടോബറില്‍ രാജ്യത്തെ ചില്ലറ പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയായ 6.77 ശതമാനത്തില്‍ എത്തിയിരുന്നു.

വിലക്കയറ്റത്തിന് നേരിയ ആശ്വസമുണ്ടായ സാഹചര്യത്തില്‍ റീപോ നിരക്ക് വര്‍ധനവിന്റെ തോത് ഇത്തവണ ആര്‍ബിഐ കുറച്ചേക്കും. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് നടത്തിയ പോളില്‍ പങ്കെടിത്ത 10ല്‍ എട്ട് ധനകാര്യ സ്ഥാപനങ്ങളും റീപോ നിരക്ക് 0.35 ശതമാനം ആയിരിക്കുമെന്നാണ് പ്രവചിച്ചത്. ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ സ്ഥാപനങ്ങളുടെ വിലയിരുത്തല്‍, റീപോ നിരക്ക് 0.25-0.35 ശതമാനത്തിന് ഇടയിലായിരിക്കും എന്നാണ്.

നിരക്ക് വര്‍ധനവില്‍ ഇളവ് വേണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (CII) ആര്‍ബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 0.25-0.35 ശതമാനം നിരക്ക് വര്‍ധനവാണ് സിഐഐ മുന്നോട്ട് വെയ്ക്കുന്നത്. നിരക്ക് വര്‍ധനവ് തുടര്‍ന്നാല്‍ അത് മേഖലയെ ബാധിക്കുമെന്നാണ് സിഐഐയുടെ വിലയിരുത്തല്‍. നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ നാല് തവണകളായി റീപോ നിരക്ക് നാലില്‍ നിന്ന് 5.9 ശതമാനം ആയി ആണ് വര്‍ധിപ്പിച്ചത്.

റീപോയും റിവേഴ്സ് റീപോയും

വാണിജ്യ ബാങ്കുകള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന ഏകദിന/ഹ്രസ്വകാല വായ്പയുടെ പലിശയാണ് റീപോ നിരക്ക്. ബാങ്കുകള്‍ക്കു തങ്ങളുടെ റിസര്‍വ് നിബന്ധനകള്‍ പാലിക്കാനും മറ്റുമാണ് ഇങ്ങനെ വായ്പാ സഹായം വേണ്ടിവരുന്നത്.

റിസര്‍വ് ബാങ്കിനു സാധാരണ വായ്പ അനുവദിക്കുന്ന വ്യവസ്ഥ ഇല്ല. അതിനാല്‍ ബാങ്കുകള്‍ തങ്ങളുടെ പക്കലുള്ള സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ റിസര്‍വ് ബാങ്കിനു നല്‍കി പണം കൈപ്പറ്റുകയാണു ചെയ്യുന്നത്. പിന്നീട് അവ പണം നല്‍കി തിരിച്ചു വാങ്ങും. ആ ക്രമീകരണത്തിനുള്ള പലിശയാണു റീപാേ (റീ പര്‍ച്ചേസ് ) നിരക്ക്.

ബാങ്കുകളുടെ പക്കല്‍ അധിക പണം (മിച്ചം) ഉള്ളപ്പോള്‍ അതു കൊടുത്തു റിസര്‍വ് ബാങ്കില്‍ നിന്ന് കടപ്പത്രം വാങ്ങാറുണ്ട്. ഇതും ഏകദിന ക്രമീകരണമാണ്. ഇതിന്റെ പലിശയാണു റിവേഴ്സ് റീപോ. ബാങ്ക് വിപണിയില്‍ പണലഭ്യത കുറയുമ്പോള്‍ റീപോ നിരക്കു താഴ്ത്തി നിര്‍ത്തും. പണലഭ്യത കൂടുമ്പോള്‍ റിവേഴ്സ് റീപാേ നിരക്ക് കൂട്ടി ബാങ്കുകള്‍ക്കു കൂടുതല്‍ പണം കിട്ടാന്‍ സൗകര്യം ചെയ്യും.

Related Articles

Next Story

Videos

Share it