

ഇന്ത്യൻ കുടുംബങ്ങളുടെ ചെലവഴിക്കൽ രീതികളിൽ സമീപകാലത്ത് ഒരു സുപ്രധാന മാറ്റം സംഭവിച്ചതായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ (EAC). മുൻപ് ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കായിരുന്നു ചെലവുകൾ കൂടുതലെങ്കിൽ, നിലവിൽ സ്വത്ത് നിർമ്മാണ (Asset Building) സ്വഭാവമുള്ള കാര്യങ്ങൾക്കാണ് കുടുംബങ്ങൾ കൂടുതൽ മുൻഗണന നൽകുന്നത്. ഈ മാറ്റം രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയുടെ ആരോഗ്യകരമായ സൂചനയായി കണക്കാക്കപ്പെടുന്നു.
ഈ ട്രെൻഡിലെ പ്രധാന സൂചന വീട്ടുപകരണങ്ങൾ പ്രത്യേകിച്ച് പാചക ഉപകരണങ്ങൾ (Cooking Appliances), ഗൃഹോപകരണങ്ങൾ (Household Appliances) എന്നിവയ്ക്കുള്ള ചെലവുകളിൽ വന്നിട്ടുള്ള വലിയ വർദ്ധനവാണ്. മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കുന്നതിനും വീട്ടുജോലികളിലെ അധ്വാനം കുറയ്ക്കുന്നതിനും സമയം ലാഭിക്കുന്നതിനും സഹായിക്കുന്ന നൂതന ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ ഇന്ത്യയിലെ ശരാശരി കുടുംബം കൂടുതൽ പണം ചെലവഴിക്കുന്നു.
ഇത് അടിസ്ഥാനപരമായി ജനങ്ങളുടെ വാങ്ങൽ ശേഷി (Purchasing Power) വർധിച്ചതിൻ്റെയും സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള അവരുടെ ആത്മവിശ്വാസം വർദ്ധിച്ചതിൻ്റെയും പ്രതിഫലനമാണ്. 2011-12, 2023-24 വർഷങ്ങളിലെ ഗാർഹിക ഉപഭോഗ ചെലവ് സർവേയുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് സാമ്പത്തിക ഉപദേശക കൗൺസിലിന്റെ കണ്ടെത്തല്‍.
ഫർണിച്ചറുകൾ, വാഹനങ്ങൾ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയ ദീർഘകാലം ഉപയോഗിക്കാവുന്ന ആസ്തികളിൽ നിക്ഷേപം നടത്തുന്നത് കുടുംബങ്ങളുടെ മൊത്തം ആസ്തികളെ വർദ്ധിപ്പിക്കുന്നു. ഇത് കേവലം ഉപഭോഗം എന്നതിലുപരി, ഭാവിക്കുവേണ്ടിയുള്ള നിക്ഷേപമായി മാറുകയാണ്. ഉപഭോഗരീതിയിലുണ്ടായ ഈ മാറ്റം രാജ്യത്തെ ഉൽപ്പാദന മേഖലയ്ക്കും ഗൃഹോപകരണ നിർമ്മാണ വ്യവസായങ്ങൾക്കും വലിയ ഉണർവ് നൽകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
Huge shift in spending patterns of Indian families, shifting from basic needs to asset creation.
Read DhanamOnline in English
Subscribe to Dhanam Magazine